കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ലഹരിയുടെ ഷോപ്പിങ് മാള്‍:  പ്രതിപക്ഷനേതാവിന് തടവുകാരന്‍െറ കത്ത് 

തിരുവനന്തപുരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കഞ്ചാവും ലഹരിമരുന്ന് ഗുളികകളുമടക്കം ലഹരിയുടെ ഷോപ്പിങ് മാളായെന്ന് തടവുകാരന്‍െറ കത്ത്. പേര് വെളിപ്പെടുത്തരുതെന്ന് അപേക്ഷിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് അയച്ച കത്തിലാണ് ജയിലിനുള്ളിലെ അനാരോഗ്യപ്രവണതകളെക്കുറിച്ചുള്ള തുറന്നെഴുത്ത്. കഞ്ചാവടക്കം ജയിലില്‍ സുലഭമായി കിട്ടാറുണ്ടെന്ന് കത്തില്‍ പറയുന്നതായി രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. മൊബൈല്‍ ഫോണിന് നിരോധനമുണ്ടെങ്കിലും ഇവിടെ 600 ഫോണുകളാണ് ഉപയോഗിക്കുന്നത്. ഏഴാം ബ്ളോക്കില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒരു തടവുകാരന്‍ ഷോക്കേറ്റ് തെറിച്ചുവീണ സംഭവവുമുണ്ടായി. കുറെ നേരത്തേക്ക് വിവരം ആരും അറിഞ്ഞില്ല. പിന്നീട് സ്വിച്ച് ബോര്‍ഡ് പുറംവരാന്തയിലേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു. നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ് ജയിലില്‍. പൊതുവായി ഉപയോഗിക്കുന്ന മുറിയില്‍ കഞ്ചാവിന്‍െറയും ബീഡിയുടെയും പുക നിറഞ്ഞുനില്‍ക്കും. 

ഒരുപൊതി ബീഡി പുറമെനിന്ന് എത്തിച്ചുകൊടുക്കുന്ന ആള്‍ക്ക് 100 രൂപയാണ് പ്രതിഫലം. വീണ്ടും ഒരാള്‍ക്ക് കൂടി മറിച്ചുവില്‍ക്കുമ്പോള്‍ ഇരട്ടിയാകും. 20 കെട്ട് വീതമുള്ള 2 ബണ്ടിലുകളാണ് കടത്തുന്നത്. ഇറച്ചി, മീന്‍ തുടങ്ങിയവ ജയിലില്‍ എത്തിക്കുന്നതിന്‍െറ ഗുണനിലവാരം പരിശോധിക്കുന്നത് ഒരു തടവുകാരനാണ്. ജയിലിനുള്ളിലേക്കുള്ള പച്ചക്കറി, മീന്‍ , ഇറച്ചി എന്നിവ ഡോക്ടര്‍ പരിശോധിക്കണമെന്നാണ് ചട്ടം. എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങിനും വിവരങ്ങള്‍ കൈമാറിയെന്നും കത്തില്‍ പറയുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം നടപടിക്രമങ്ങള്‍ കീഴ്മേല്‍ മറിയുകയും അച്ചടക്കലംഘനം നിരന്തരം ഉണ്ടാവുകയും ചെയ്യുന്നതിന്‍െറ സാക്ഷ്യപത്രമാണ് കത്തെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ ചൂണ്ടിക്കാട്ടുന്നു. 

Full View
Tags:    
News Summary - Central Prison, Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.