തിരുവനന്തപുരം: ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കുന്ന ഓർഡിനൻസിൽ തീരുമാനം വൈകുമെന്ന് ഉറപ്പായിരിക്കെ നിയമസഭ വിളിച്ച് ബിൽ പാസാക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് സർക്കാർ കൂടിയാലോചന സജീവമാക്കി. ഡൽഹിയിലേക്ക് പോയ ഗവർണർ നവംബർ 20നാണ് ഇനി മടങ്ങിയെത്തുക. അതിന് ശേഷമേ ഇക്കാര്യത്തിൽ ഗവർണർ തീരുമാനം എടുക്കൂവെന്നാണ് വിവരം. ഓർഡിനൻസ് രാഷ്ട്രപതിക്ക് വിടുമെന്ന് ഗവർണർ ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബുധനാഴ്ച ചേരുന്ന മന്ത്രിസഭയോഗം ബിൽ കൊണ്ടുവരുന്നത് പരിഗണിക്കും. സുപ്രീംകോടതിയിലെ അടക്കം പ്രമുഖ അഭിഭാഷകരുമായി സർക്കാർ കൂടിയാലോചന നടത്തിവരുകയാണ്. ബിൽ കൊണ്ടുവരുന്നതിൽ നിയമപ്രശ്നമില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം.
ഡിസംബർ ആദ്യം നിയമസഭ ചേരുന്നതിനെക്കുറിച്ചാണ് ആലോചന. തന്നെയാണ് ലക്ഷ്യമിടുന്നതെങ്കിൽ താൻ തന്നെ അതിന്റെ വിധി കർത്താവാകില്ലെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. ഓർഡിനൻസ് വിശദമായി പരിശോധിക്കും. കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് മാധ്യമങ്ങളിലൂടെ അറിഞ്ഞു. അത് സർക്കാറിന്റെ സ്വതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഓർഡിനൻസ് ഭരണഘടനാപരമാണെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. സർക്കാർ നിലപാട് വ്യക്തമാണ്. അതിൽ ഒരു വിധ അവ്യക്തതയുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണറും സർക്കാറും തമ്മിലെ ആശയവിനിമയം മാധ്യമങ്ങളിലൂടെയല്ല നടത്തേണ്ടതെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു. കലാമണ്ഡലം ചാൻസലർ എന്ന രീതിയിൽ ഗവർണറുടെ കാലാവധി കഴിഞ്ഞതിനാൽ പ്രത്യേകം അറിയിക്കേണ്ടതില്ലെന്നും മന്ത്രി ഗവർണർക്ക് മറുപടി നൽകി.
ഗവർണർ 20ന് മാത്രമേ മടങ്ങിയെത്തുള്ളൂവെങ്കിലും 15ന് ഇടതുമുന്നണി രാജ് ഭവൻ ഉപരോധിക്കും. ഒരു ലക്ഷം പേർ ഇതിൽ പങ്കെടുക്കുമെന്നാണ് മുന്നണി നേതൃത്വം പറയുന്നത്. ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാതെ തുടരവെ അടുത്ത നയപ്രഖ്യാപന പ്രസംഗത്തിന്റെ കാര്യത്തിലും അശയക്കുഴപ്പം നിലനിൽക്കുന്നു. ജനുവരിയിലാണ് ബജറ്റ് അവതരിപ്പിക്കാനായി നിയമസഭ ചേരേണ്ടത്. ഇത് ഗവർണറുടെ പ്രസംഗത്തോടെയാണ് ആരംഭിക്കേണ്ടത്. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാൻ ഗവർണർ വൈകിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മാർച്ച് 31നകം ബജറ്റ് അവതരിപ്പിക്കുകയും ചുരുങ്ങിയത് വോട്ട് ഓൺ അക്കൗണ്ടും ധനപരമായ മറ്റ് നടപടികളും പൂർത്തിയാക്കേണ്ടതുമുണ്ട്. നയപ്രഖ്യാപനം ഒഴിവാക്കി ഡിസംബറിലെ സമ്മേളനത്തിന്റെ തുടർച്ചയായി ബജറ്റ് അവതരിപ്പിക്കാൻ ആലോചന നടന്നിരുന്നു. എന്നാൽ നയപ്രഖ്യാപനം ഒഴിവാക്കാനാകില്ല എന്നാണ് പി.ഡി.ടി. ആചാരിയെ പോലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ചാൻസലറെ മാറ്റാനുള്ള അധികാരം ഉപയോഗിക്കട്ടെ -ഗവർണർ
ന്യൂഡൽഹി: കലാമണ്ഡലം ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാൻ സംസ്ഥാന സർക്കാറിനുള്ള അധികാരം ഉപയോഗിക്കട്ടെ എന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ മാറ്റാനുള്ള നീക്കം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.