ചന്ദ്രബോസ് കൊലക്കേസ്; ഹൈകോടതി വിധിയിൽ 'സമാധാനം' -ജമന്തി ഹമ്മറിന്റെ രജിസ്ട്രേഷൻ റദ്ദാക്കി, ഇനി പൊളിക്കൽ

തൃശൂർ: ഏഴുവർഷം പിന്നിട്ടിട്ടും ആ ദാരുണ ദൃശ്യത്തിന് ഇന്നും മങ്ങലേറ്റിട്ടില്ല. ജമന്തിയുടെ കണ്ണിലെ തീക്കനലും അണഞ്ഞിട്ടില്ല. ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ചും മർദിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ അപ്പീൽ ഹരജി തള്ളി ജില്ല സെഷൻസ് കോടതിയുടെ ശിക്ഷാവിധി ഹൈകോടതി ശരിവെച്ചതിൽ 'സന്തോഷമല്ല, സമാധാനം' മാത്രമാണെന്ന് ചന്ദ്രബോസിന്‍റെ ഭാര്യ ജമന്തി.

കൊന്നിട്ടും കലിയടങ്ങാത്ത ക്രൂരവാക്കുകളാണ് അപ്പീൽ ഹരജിയിലെ ഹൈകോടതി വിചാരണയിൽ നിസാമിന്റെ അഭിഭാഷകനിൽനിന്ന് ഉണ്ടായതെന്ന് ജമന്തി പറയുന്നു. അഞ്ചുനാൾ നീണ്ട വിചാരണക്കൊടുവിലാണ് ഹൈകോടതി വിധി വന്നത്.

വധശിക്ഷ വേണമെന്ന സർക്കാർ ആവശ്യം അംഗീകരിച്ചില്ലെങ്കിലും ജില്ല കോടതിയുടെ ശിക്ഷാവിധി ശരിവെച്ചത് അക്കമിട്ട തെളിവുകളാണ്. നിസാമിന്റെ ഹരജിയിൽ ആറ് മാസത്തിനകം പരിശോധിച്ച് വിധി പുറപ്പെടുവിക്കാനുള്ള സുപ്രീംകോടതി നിർദേശത്തിലാണ് ഹൈകോടതി അപ്പീൽ പരിഗണിച്ചത്. അടുത്ത മാസമാണ് ആറുമാസം തികയുക.

2015 ജനുവരി 29ന് രാത്രിയിലാണ് ശോഭ സിറ്റിയിൽ ചന്ദ്രബോസിന് നേരെ നിസാമിന്റെ അതിക്രമമുണ്ടാകുന്നത്. സുരക്ഷ ചുമതലയിലുണ്ടായിരുന്ന ചന്ദ്രബോസിനെ ഹമ്മർ കാറിടിപ്പിച്ചും മർദനത്തിനിരയാക്കിയും മരണതുല്യമാക്കി. ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിച്ചു.

2016ൽ തൃശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തത്തിന്‌ പുറമെ 24 വര്‍ഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതിനെതിരെ നിസാം നല്‍കിയ അപ്പീലാണ് ഹൈകോടതി തള്ളിയത്.

ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ നിസാം ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ നിസാം എഴുന്നേൽപ്പിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും മർദിച്ചു.

ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപിനും മർദനമേറ്റു. മറ്റ് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് ഫ്ലയിങ് സ്‌ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

അന്വേഷണഘട്ടങ്ങളിലെല്ലാം വിവാദങ്ങളിലൂടെയായിരുന്നു ചന്ദ്രബോസ് കൊലക്കേസിന്റെ യാത്ര. പണവും അധികാരവും പലപ്പോഴും നിസാമിനൊപ്പമായിരുന്നു.

നിസാമിനെ രക്ഷപ്പെടുത്താന്‍ സഹായിക്കാത്തതിന് ഉന്നത ഉദ്യോഗസ്ഥര്‍തന്നെ പിന്നില്‍നിന്ന് കുത്തിയെന്ന് പരസ്യമായി തുറന്ന് പറഞ്ഞത് നിസാമുമായുള്ള അടുപ്പത്തിൽ നടപടി നേരിട്ട മുന്‍ തൃശൂര്‍ സിറ്റി പൊലീസ് കമീഷണർ ജേക്കബ് ജോബ് ആണ്. പത്തനംതിട്ട എസ്.പിയായിരിക്കെ സർവിസിൽനിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ജേക്കബ് ജോബിന്റെ വെളിപ്പെടുത്തലുണ്ടായത്.

നിസാമിനെ അറസ്റ്റ്ചെയ്തപ്പോള്‍ മുതല്‍ തനിക്കെതിരെ പൊലീസ് സേനയില്‍ നീക്കം ആരംഭിച്ചുവെന്നും നിസാമിന്റെ ആനുകൂല്യം പറ്റാത്തവരായി ആരും തന്നെ തൃശൂരില്‍ ഉണ്ടായിരുന്നില്ല. അറസ്റ്റിനുശേഷം ഉന്നത ഉദ്യോഗസ്ഥര്‍ സഹായം അഭ്യർഥിച്ചു വിളിച്ചുവെന്നും സുപ്രധാന തെളിവുകൾ പലതും നഷ്ടപ്പെട്ടുവെന്നും തന്നെ സംശയ നിഴലിൽ നിർത്തുകയായിരുന്നുവെന്നുമാണ് ജേക്കബ് ജോബ് പറഞ്ഞത്. 

Tags:    
News Summary - Chandra Bose murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.