കോട്ടയം: പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നാമനിർദേശപത്രിക സമർപ്പിച്ചു. പാമ്പാടി ബി.ഡി.ഒ ഇ. ദിൽഷാദ് മുമ്പാകെയാണ് പത്രിക നൽകിയത്. നാല് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. സഹോദരി അച്ചു ഉമ്മൻ എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, യു.ഡി.എഫ് ജില്ല കൺവീനർ ഫിൽസൺ മാത്യു, നാട്ടകം സുരേഷ് എന്നിവർ ഒപ്പമുണ്ടായി.
രാവിലെ മാതാവ് മറിയാമ്മ ഉമ്മൻ, സഹോദരി മറിയ ഉമ്മൻ എന്നിവർക്കൊപ്പം പുതുപ്പള്ളി പള്ളിയിലെത്തി പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നാമനിർദേശപത്രിക സമർപ്പിച്ച് പ്രാർഥിച്ചു. തുടർന്ന് 11 മണിയോടെ പള്ളിക്കത്തോട് ജങ്ഷനിൽനിന്ന് പ്രകടനമായാണ് ബി.ഡി.ഒ ഓഫിസിലേക്ക് പോയത്. പത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകാൻ എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി മുൻ സി.പി.എം പ്രവർത്തകൻ സി.ഒ.ടി നസീറിന്റെ മാതാവാണ് നൽകിയത്. നാല് സെറ്റ് പത്രികയാണ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ സമർപ്പിച്ചത്.
നാമനിർദേശപത്രിക സമർപ്പിക്കുമ്പോൾ സഹോദരി അച്ചു ഉമ്മൻ എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ഫിൽസൺ മാത്യു, നാട്ടകം സുരേഷ് എന്നിവരും ചാണ്ടി ഉമ്മനൊപ്പം ഉണ്ടായിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസ് ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. വരണാധികാരിയായ കോട്ടയം ആർ.ഡി.ഒ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ജെയ്കിന് കെട്ടിവെക്കാനുള്ള തുക നൽകിയത് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയാണ്.
ബി.ജെ.പി സ്ഥാനാർഥി ജി. ലിജിൻ ലാലും നാമനിർദേശ പത്രിക സമർപ്പിച്ചു. പള്ളിക്കത്തോട് ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് പ്രവർത്തകരുമായി കാൽനടയായി എത്തിയാണ് പാമ്പാടി ബി.ഡി.ഒ ഇ. ദിൽഷാദ് മുമ്പാകെ 11 മണിയോടെ പത്രിക നൽകിയത്. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻദാസ് അഗർവാൾ, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി, ദേശീയ സെക്രട്ടറി അനിൽ ആന്റണി, ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി. തങ്കപ്പൻ, സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.