കോട്ടയം: യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സഹോദരി അച്ചു ഉമ്മൻ. ഉമ്മൻചാണ്ടിയുടെ 33000 വോട്ടിന്‍റെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ ചാണ്ടിക്ക് ലഭിക്കും. ഉമ്മൻചാണ്ടി വിരുദ്ധത പുതുപ്പള്ളിയിൽ വിലപ്പോവില്ലെന്നും അച്ചു ഉമ്മൻ ചൂണ്ടിക്കാട്ടി.
നിരവധി കാര്യങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. അഴിമതി, വിലക്കയറ്റം, കർഷകരുടെ പട്ടിണി തുടങ്ങി അതിഭീകരമായ സർക്കാർവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. ഇത് കോൺഗ്രസിന് മേൽകൈ നൽകും. കോൺഗ്രസ് അനുകൂലമായ മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
20 വർഷത്തെ പ്രവർത്തന പരിചയമുള്ള വിദ്യാസമ്പന്നനായ സ്ഥാനാർഥിയാണ് യു.ഡി.എഫിന്‍റേത്. ഇതിനും മുകളിലാണ് 53 വർഷം ജനങ്ങളെ സേവിച്ച ഉമ്മൻചാണ്ടി. പുറത്ത് നിന്നുള്ളവർ മണ്ഡലത്തിൽ വന്ന് ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചാൽ അത് പുതുപ്പള്ളിക്കാർക്കിടയിൽ വിലപ്പോവില്ലെന്നും അച്ചു ഉമ്മൻ പറഞ്ഞു.
സൈബറിടങ്ങളിലെ സ്ത്രീകൾക്കെതിരായ അധിക്ഷേപത്തിന് ശക്തമായ നിയമം കൊണ്ടുവരണം. സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ തിരിച്ചറിയൽ രേഖ പോലും വേണ്ട. വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി എന്തും വിളിച്ചു പറയാൻ ആർക്കും സാധിക്കും. അതിനെതിരെ നടപടി സ്വീകരിക്കാൻ സാധിക്കില്ല. അധിക്ഷേപങ്ങളെ നിയമം കൊണ്ട് പ്രതിരോധിക്കേണ്ടത് നാളത്തെ തലമുറയുടെ കൂടി ആവശ്യമാണ്.
വ്യക്തിഹത്യ നടത്തിയതിനെതിരെ താൻ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ മൊഴിയും നൽകി. തുടർനടപടി സ്വീകരിക്കേണ്ടത് പൊലീസ് ആണെന്നും അച്ചു ഉമ്മൻ വ്യക്തമാക്കി.
ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് പ്രഖ്യാപിച്ച പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ഒരു മാസത്തോളം നീണ്ട നാടിളക്കി പ്രചാരണമാണ് ഇന്നലെ അവസാനിച്ചത്. ഇന്ന് വീടുകൾ കയറിയുള്ള വോട്ടഭ്യർഥനക്കും സ്ലിപ്പുകൾ നൽകുന്നതിനുമൊക്കെയാകും മുന്നണികളും സ്ഥാനാർഥികളും സമയം കണ്ടെത്തുക.
മറ്റ് രണ്ട് സ്ഥാനാർഥികളും വാഹനങ്ങളിൽ റോഡ് ഷോ നടത്തിയപ്പോൾ ജോഡോ ഇന്ത്യ യാത്രയിൽ പങ്കെടുത്തതിന് സമാനമായി മിക്ക പഞ്ചായത്തുകളിലും കാൽനടയായായിരുന്നു ചാണ്ടി ഉമ്മന്‍റെ അവസാനവട്ട പ്രചാരണം. ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് തെരഞ്ഞെടുപ്പ്. എട്ടാം തീയതി വെള്ളിയാഴ്ച്ച വോട്ടെണ്ണൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.