പാഠ്യപദ്ധതി ചട്ടക്കൂട് ചർച്ചരേഖയിൽ സ്കൂളുകളുടെ സമയമാറ്റവും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റംവരുത്തുന്നതും ചർച്ചക്ക് വെച്ച് വിദ്യാഭ്യാസ വകുപ്പ്. പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമായി പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കാൻ സമൂഹചർച്ചക്ക് നൽകിയ കുറിപ്പുകളടങ്ങിയ രേഖയിലാണ് സ്കൂൾ സമയമാറ്റത്തിനുള്ള നിർദേശം.

'കുട്ടികൾക്ക് പ്രായത്തിനനുഗുണമായ വിദ്യാഭ്യാസം ലഭിക്കുന്നതോടൊപ്പം അവരുടെ കഴിവുകൾക്കനുഗുണമായ വിദ്യാഭ്യാസവും ലഭിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ നിലവിലുള്ള സ്കൂൾ സമയത്തിൽ മാറ്റം അനിവാര്യമാകും. എന്തുതരം മാറ്റങ്ങളാകും അഭികാമ്യം?'എന്നതാണ് രേഖയിൽ ചർച്ചക്കായി ഉൾപ്പെടുത്തിയത്. കുറിപ്പിന്‍റെ ആമുഖത്തിൽ 20ാം പേജിൽ 33ാമത്തെ ചർച്ച നിർദേശമായാണ് സ്കൂൾ സമയമാറ്റം മുന്നോട്ടുവെക്കുന്നത്.

സ്കൂളുകളിൽ ആൺ-പെൺ വ്യത്യാസമില്ലാതെ ഇരിപ്പിടത്തിൽ സമത്വം കൊണ്ടുവരുന്നത് രേഖയിൽ നേരത്തേ ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നു.ചർച്ചക്കുള്ള അന്തിമരേഖ പ്രസിദ്ധീകരിച്ചപ്പോൾ ഇരിപ്പിടത്തിലെ സമത്വം ഉൾപ്പെടെയുള്ളവ നീക്കം ചെയ്തു. എന്നാൽ, ജെൻഡർ ന്യൂട്രൽ ഉൾപ്പെടെ ആശയങ്ങൾ രേഖയിൽ ആവർത്തിക്കുന്നുണ്ട്. ഇതേ രേഖയിൽതന്നെയാണ് സ്കൂൾ സമയമാറ്റത്തിനുള്ള ചർച്ച നിർദേശമുള്ളത്.

വർഷങ്ങൾക്കു മുമ്പ് സ്കൂൾ സമയമാറ്റ ചർച്ചകൾ ഉയർന്നപ്പോൾ മുസ്ലിം സംഘടനകളിൽനിന്നുൾപ്പെടെ വൻ എതിർപ്പുണ്ടായതിനെ തുടർന്ന് അത്തരമൊരു നീക്കമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. സ്കൂളുകൾ നിലവിലുള്ളതിനെക്കാൾ മുമ്പ് ആരംഭിക്കുന്ന രീതിയിലേക്ക് മാറാനുള്ള ചർച്ചയാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യംവെക്കുന്നത്. ഇത് മദ്റസ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് മുസ്ലിം സംഘടനകൾ ഉന്നയിച്ചിരുന്നത്.

Tags:    
News Summary - change of school timings In Curriculum Discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.