കൊല്ലം: കൊല്ലം ശ്രീനാരായണ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്.എൻ ട്രസ്റ്റ് സെക്രട്ടറി കൂടിയായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സുവർണ ജൂബിലി സ്മാരകമായി, കോളജിൽ ഒാഡിറ്റോറിയവും ലൈബ്രറിയും നിർമിക്കാനായി ജനങ്ങളിൽനിന്ന് സ്വരൂപിച്ച തുകയിൽ, 55 ലക്ഷം രൂപ നടേശൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്.
പണാപഹരണം, വഞ്ചന, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ വെള്ളാപ്പള്ളി ചെയ്തതായി കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എസ്.പി ഷാജി സുഗുണൻ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്ന നിലയിൽ എസ്.എൻ കോളജുകളുടെ മാേനജറാണ് വെള്ളാപ്പള്ളി.
എസ്.എൻ.ഡി.പി യോഗം സംരക്ഷണസമിതി നേതാവ് സുരേന്ദ്രബാബു നൽകിയ പരാതിയിൽ 2004ൽ അന്വേഷണം തുടങ്ങിയെങ്കിലും 16 വർഷത്തിനുശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം സമർപ്പിക്കുന്നതിലെ കാലതാമസത്തിനെതിരെ നൽകിയ ഹരജിയിൽ രണ്ടാഴ്ചക്കകം കുറ്റപത്രം സമർപ്പിക്കാൻ ഹൈകോടതി അന്ത്യശാസനം നൽകിയിരുന്നു.
എന്നാൽ, തെൻറ ഭാഗം കേൾക്കാതെയാണ് കുറ്റപത്രം തയാറാക്കിയതെന്നാരോപിച്ച്, വെള്ളാപ്പള്ളി വീണ്ടും ൈഹകോടതിയെ സമീപിച്ചിരുന്നു. തന്നെ കുടുക്കാൻ പക്ഷപാതപരമായി പെരുമാറുന്ന അന്വേഷണ ഉദ്യോഗസ്ഥൻ ഷാജി സുഗുണനെ മാറ്റണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. എന്നാൽ, വിഷയം നേരത്തേ പരിഗണിച്ചതാണെന്ന് കോടതി വ്യക്തമാക്കിയതോടെ ഹരജി പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.