‘ചാൾസ് ഡാർവിൻ’ തവള

തലകീഴായി മുട്ടയിടുന്ന ‘ചാൾസ് ഡാർവിൻ’ തവളകൾ; അപൂർവ കണ്ടെത്തൽ

തിരുവനന്തപുരം: ഇന്ത്യയിലെ അന്തമാൻ ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന ഒരിനം തവളകളിൽ സവിശേഷമായ പ്രജനനസ്വഭാവം കണ്ടെത്തി. മരപ്പൊത്തിൽ ഇണചേരുന്ന ‘ചാൾസ് ഡാർവിൻ’ എന്ന ഈ തവളകൾക്ക് തലകീഴായി മുട്ടയിടുന്ന സവിശേഷ സ്വഭാവമുണ്ടെന്ന അപൂർവ കണ്ടെത്തൽ നടത്തിയത് ഡൽഹി യൂനിവേഴ്സിറ്റി, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഹാർവഡ് യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് മിനിസോട എന്നിവിടങ്ങളിൽനിന്നുള്ള ഇന്തോ-യു.എസ്​ ജീവശാസ്ത്രജ്ഞരുടെ ഒരു സംഘമാണ്.

ഹാർവഡ് മ്യൂസിയം ഓഫ് കംപാരറ്റിവ് സുവോളജിയുടെ ‘ജേണൽ ബ്രെവിയോറ’ (Breviora) കണ്ടെത്തൽ സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ തവളയുടെ പ്രത്യുൽപാദനത്തെ വേറിട്ടതാക്കുന്ന സ്വഭാവ സവിശേഷതകൾ പഠനത്തിൽ ശാസ്ത്രജ്ഞർ വിവരിക്കുന്നുണ്ട്. 220ൽ അധികം സ്പീഷീസുകൾ ഉൾക്കൊള്ളുന്ന ഏഷ്യൻ തവളകളുടെ വലിയ വിഭാഗമായ ഡിക്രോഗ്ലോസിഡേ (Dicroglossidae) കുടുംബത്തിൽ പെടുന്നതാണ് ‘അന്തമാനീസ് ചാൾസ് ഡാർവിൻ’ എന്നറിയപ്പെടുന്ന ഈ തവള.

സ്വാഭാവികപ്രജനനം നടത്തുകയും മരങ്ങളുടെയോ വേരുപടലങ്ങളുടെയോ ജലം നിറഞ്ഞ അറകളുടെ ഉള്ളിലെ ജലോപരിതലത്തിൽ മുട്ടകൾ നിക്ഷേപിക്കുകയുമാണ് ഈ തവളകൾ ചെയ്യുന്നത്. വിരിയുന്ന കുഞ്ഞുങ്ങൾ താഴെയുള്ള വെള്ളത്തിലേക്ക് വീഴുകയും വളർച്ച പൂർത്തിയാക്കുകയും ചെയ്യുന്നു. ‘തലകീഴായി മുട്ടയിടുന്നതാണ് ഈ തവളയുടെ ഏറ്റവും സവിശേഷ സ്വഭാവം. മറ്റൊരു തവളയും തലകീഴായി മരത്തിന്‍റെ പൊത്തുകൾക്കുള്ളിൽ മുട്ടയിടാറില്ല.

ഈ ജീവിവർഗം അതിെൻറ പരിസ്ഥിതിയുമായി എങ്ങനെ ഇടപഴകുന്നെന്നും അതിന്‍റെ നിലനിൽപ്പിന് ഏതൊക്കെ ആവാസവ്യവസ്ഥകൾ അനിവാര്യമാണെന്നും മനസ്സിലാക്കാൻ ഈ കണ്ടെത്തൽ നിർണായകമാണെന്ന്​ പഠനത്തിന് നേതൃത്വം നൽകിയ ഡൽഹി സർവകലാശാലയിലെ പ്രഫസറും മലയാളിയുമായ എസ്.ഡി. ബിജു പറയുന്നു. നിലവിൽ ഹാർവഡ് യൂനിവേഴ്സിറ്റിയിലെ ഹാർവഡ് റാഡ്ക്ലിഫ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫെലോയും കംപാരറ്റിവ് സുവോളജി മ്യൂസിയത്തിന്‍റെ അസോസിയേറ്റുമാണ് പ്രഫ. ബിജു.

Tags:    
News Summary - 'Charles Darwin' frogs; A rare find

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.