തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർധനക്കും രാജ്യാന്തര സ്വഭാവത്തിലുള്ള അത്യാധുനിക ഗവേഷണം വികസിപ്പിക്കാനുമായി സംസ്ഥാനത്ത് സ്വയംഭരണാവകാശത്തോടെ ഏഴ് മികവിന്റെ കേന്ദ്രങ്ങൾ (സെന്റേഴ്സ് ഓഫ് എക്സലൻസ്) ആരംഭിക്കാൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിക്ക് സർക്കാർ 11.4 കോടി രൂപയുടെ ഭരണാനുമതി നൽകി. ഇവയിൽ രണ്ടെണ്ണം ശാസ്ത്ര-സാങ്കേതിക മേഖലയിലും രണ്ടെണ്ണം സാമൂഹികശാസ്ത്ര മേഖലയിലും രണ്ടെണ്ണം ഭാഷാ-സാംസ്കാരിക മേഖലയിലുമാണ് പ്രവർത്തിക്കുക. ഒരു സെന്റർ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അധ്യാപക-അനധ്യാപക-ഗവേഷക വിദ്യാർഥി പരിശീലനങ്ങളിലും പാഠ്യപദ്ധതി രൂപകല്പന അടക്കമുള്ളവയിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കും. ഓരോ സെന്റർ ഓഫ് എക്സലൻസും അതത്, മേഖലക്കുള്ളിൽ വൈദഗ്ധ്യം, നവീകരണം, സഹകരണം എന്നിവയുടെ കേന്ദ്രമായി പ്രവർത്തിക്കും. ആദ്യഘട്ടത്തിൽ ഡയറക്ടറും അഞ്ചുപേരുമടങ്ങുന്ന ഒരു കോർ അക്കാദമിക് ടീം ഓരോ മികവ് കേന്ദ്രത്തിലും രൂപവത്കരിക്കും.
പരിശീലനത്തിനും പാഠ്യപദ്ധതി രൂപകൽപനക്കുമായി സെന്റർ ഓഫ് എക്സലൻസ് ഫോർ ടീച്ചിങ്, ലേണിങ് ആൻഡ് ട്രെയിനിങ് കാലിക്കറ്റ് സർവകലാശാലയിൽ ആരംഭിക്കും. അധ്യാപകർക്കും എജുക്കേഷനൽ അഡ്മിനിസ്ട്രേറ്റർമാർക്കും വിദ്യാർഥികൾക്കും ലീഡർഷിപ് പരിശീലനം ഉൾപ്പെടെ ഇതുവഴി ലഭ്യമാക്കും. സർക്കാറിന്റെയും കേരള വംശജരായ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും ഉൾപ്പെടെ പങ്കാളിത്തത്തിൽ കുസാറ്റിൽ കേരള ഇന്സ്റ്റിറ്റ്യൂട്ട് ഫോർ സയൻസ്, ടെക്നോളജി ആൻഡ് ഇന്നവേഷൻ എന്ന പേരിലാകും മറ്റൊരു കേന്ദ്രം. സുസ്ഥിര ഇന്ധനങ്ങൾ, മാലിന്യസംസ്കരണം, നാനോ ടെക്നോളജി, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ, സിസ്റ്റംസ് ബയോളജി, ബിഗ് ഡേറ്റ അനലിറ്റിക്സ്, റോബോട്ടിക്സ്, എനർജി എൻജിനീയറിങ് തുടങ്ങിയ വിഷയമേഖലകളിലെ ഗവേഷണങ്ങൾക്കാകും ഇവിടെ ഊന്നൽ നൽകുക.
മൂന്നാർ ആസ്ഥാനമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ആണ് മറ്റൊരു കേന്ദ്രം. കേരളത്തിന്റെ ചരിത്രം, സമൂഹം, സമ്പദ്വ്യവസ്ഥ, സാംസ്കാരിക സമ്പ്രദായങ്ങൾ എന്നിവയെക്കുറിച്ച വിപുല പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമാണീ കേന്ദ്രം. ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയുടെ മാതൃകയിൽ സാമൂഹികശാസ്ത്രം, ഹ്യുമാനിറ്റീസ്, ഭാഷകൾ, കലകൾ, സംസ്കാരം എന്നിവയിലെ ഗവേഷണ പ്രവർത്തനങ്ങൾ ഇവിടെ നടക്കും. കേരള സർവകലാശാല ആസ്ഥാനമായി കേരള നെറ്റ്വർക്ക് ഫോർ റിസർച് -സപ്പോർട്ട് ഇൻ ഹയർഎജുക്കേഷൻ എന്ന മികവിന്റെ കേന്ദ്രം നിലവിൽവരും. ഈ നെറ്റ്വർക്കിൽ ചേരുന്ന സ്ഥാപനങ്ങളിലെ അധ്യാപകർ, ഗവേഷകർ, ശാസ്ത്രജ്ഞർ, വിദ്യാർഥികൾ എന്നിവരുടെ ഗവേഷണ ആവശ്യങ്ങൾ ഒരു മേൽക്കൂരക്ക് കീഴിൽ പ്രഫഷനലായി ഈ കേന്ദ്രം കൈകാര്യം ചെയ്യും.
വയനാട് ചെതലയത്ത് കാലിക്കറ്റ് സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രൈബൽ സ്റ്റഡീസുമായി സംയോജിപ്പിച്ചാകും സെന്റർ ഫോർ ഇൻഡീജിനസ് പീപ്ൾസ് എജുക്കേഷൻ സ്ഥാപിക്കുക. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കൂടുതലായുണ്ടാകേണ്ട തദ്ദേശീയ പങ്കാളിത്തം, ഉന്നതവിദ്യാഭ്യാസ കോഴ്സുകളിൽ പട്ടികവർഗ വിദ്യാർഥികൾക്കുള്ള സീറ്റുകൾ നികത്താൻ കഴിയാത്തതും കൊഴിഞ്ഞുപോക്കും പരിഗണിച്ചാണ് ഈ കേന്ദ്രം. തദ്ദേശീയ ജനവിഭാഗങ്ങൾ കൂടുതൽ വസിക്കുന്ന മേഖലകളിൽ ഉപകേന്ദ്രങ്ങളും ഉണ്ടാകും.
കണ്ണൂർ സർവകലാശാലയിൽ ദ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വാലിറ്റി എന്ന പേരിൽ തുടങ്ങുന്ന കേന്ദ്രം ലിംഗപദവി പഠനത്തിന്റെ എല്ലാ മേഖലകളിലേക്കും ഇന്റർഡിസിപ്ലിനറി, ട്രാൻസ് ഡിസിപ്ലിനറി ഗവേഷണങ്ങൾ വ്യാപിപ്പിക്കാനും നിലവിലെ പഠനവകുപ്പുകളുമായും മറ്റ് ലിംഗപദവി പഠനകേന്ദ്രങ്ങളുമായും നെറ്റ്വർക്കിങ് പ്രോത്സാഹിപ്പിക്കാനുമുള്ള പ്രവർത്തങ്ങൾ ഏറ്റെടുക്കും. മലയാളം ഉൾപ്പെടെ ഭാഷകളെ വിജ്ഞാനത്തിന്റെ ഭാഷയായി വികസിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾ ഏറ്റെടുക്കാൻ കേരള ലാംഗ്വജ് നെറ്റ്വർക്ക് (കെ.എൽ.എൻ) എന്ന പേരിലാകും മറ്റൊരു മികവിന്റെ കേന്ദ്രം. വിദേശ ഭാഷകളിൽ വിവിധ തലത്തിലുള്ള പഠനവും പരിശീലനവും ഏറ്റെടുക്കുന്ന കേന്ദ്രത്തിനായി പരിഗണിക്കുന്നത് മലയാളം, കാലടി സംസ്കൃത സർവകലാശാലകളെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.