തിരൂർ: പുറത്തൂരിലെ മുട്ടനൂർ മഹല്ല് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ യു.എ.ഇ മുട്ടനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി (എം.എം.ജെ.സി) ഒരുക്കിയ ചാർട്ടേർഡ് വിമാനം ചൊവ്വാഴ്ച ഷാർജയിൽനിന്ന് കരിപ്പൂരിലെത്തി. സ്ത്രീകളും കുട്ടികളും പ്രായമായവരും രണ്ടു കൈക്കുഞ്ഞുങ്ങളും ഒമ്പതു ഗർഭിണികളും അടക്കം 184 യാത്രക്കാരാണ് ഉച്ചയോടെ എയർ അറേബ്യ വിമാനത്തിൽ നാടഞ്ഞത്.
ഇതാദ്യമായാണ് ഒരു പ്രവാസി മഹല്ല് കൂട്ടായ്മ നാട്ടിലേക്കുള്ള വിമാന സർവിസ് ഒരുക്കുന്നത്. പുറത്തൂർ, മംഗലം പഞ്ചായത്തുകളിലെ സ്വന്തം നാട്ടുകാർക്ക് പുറമെ തവനൂർ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലെയും തിരൂർ-പൊന്നാനി നഗരസഭ പരിധിയിലുള്ളവർക്കും നാട്ടിലെത്താൻ സൗകര്യമൊരുക്കിയിരുന്നു.
യാത്രക്കാരായ മുഴുവൻപേർക്കും വിമാനത്താവളത്തിൽ കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് സ്ഥിരീകരിച്ചാണ് യാത്രാ അനുമതി നൽകിയത്. കൂടുതൽപേരും അധികൃതരുടെ അനുമതിയോടെ ഹോം ക്വാറൻറീനിൽ പ്രവേശിച്ചു.
എം.എം.ജെ.സി വൈസ് പ്രസിഡൻറ് എൻ.പി. ഫൈസൽ ജമാൽ യാത്ര ടിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. രക്ഷാധികാരിയും ലോക കേരള സഭാംഗവുമായ സി.പി. കുഞ്ഞിമൂസ, ജനറൽ സെക്രട്ടറി എൻ.പി. അബ്ദുറഹ്മാൻ, ഇർഷാദ്, ഫൈസൽ, തൗഫീഖ്, സാലിഹ്, അബ്ദുല്ല അർസൽ, അലി അഷ്കർ, അനസ്, യാസിർ തുടങ്ങിയവർ യാത്രക്കാർക്ക് വേണ്ട നിർദേശങ്ങൾ നൽകാനും ഏകോപനത്തിനും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.