തിരൂർ: കുട്ടികളടക്കം 22 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ അവകാശികൾക്കും ചലനശക്തിയും ഓർമ ശക്തിയും നഷ്ടപ്പെട്ട കുട്ടികൾക്കും സർക്കാർ നൽകിയ സാമ്പത്തിക സഹായം അപര്യാപ്തമാണെന്നും കൂടുതൽ സാമ്പത്തിക സഹായം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അവകാശികൾ നൽകിയ ഹരജികളിൽ ബോട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമീഷൻ മുമ്പാകെ പ്രാരംഭ വാദം തുടങ്ങി.
കമീഷൻ ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ, അംഗങ്ങളായ എസ്. സുരേഷ് കുമാർ, ഡോ. എ.പി. നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ തിരൂർ റസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിങ്ങിലാണ് വാദം തുടങ്ങിയത്. എന്നാൽ, വിശദമായ വാദം അടുത്ത സിറ്റിങ് തീയതിയായ ഡിസംബർ 11 നടക്കും. മുസ്ലിം ലീഗ് മലപ്പുറം ജില്ല കമ്മിറ്റി, താനൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി, വെൽഫെയർ പാർട്ടി, സമസ്ത തുടങ്ങിയ കക്ഷികൾ മരിച്ചവരുടെ അവകാശികൾക്കും നിലവിൽ ചികിത്സയിൽ കഴിയുന്നവർക്കും ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് കമീഷൻ മുമ്പാകെ നേരത്തേ എഴുതി ആവശ്യപ്പെട്ടിരുന്നു.
അതിദാരുണമായ ദുരന്തത്തിന് ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി, റവന്യൂ ഉദ്യോഗസ്ഥർ, പൊന്നാനി, ബേപ്പൂർ പോർട്ട് അധികാരികൾ എന്നിവരാണ് ഉത്തരവാദികളെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യഥാസമയങ്ങളിൽ യാത്രക്കാരെ കുത്തിനിറച്ച് സർവിസ് നടത്തുന്ന ബോട്ടുകൾ കൃത്യമായി പരിശോധിക്കാത്തതാണ് അപകടത്തിന് കാരണമെന്നും ആരോപിച്ചിരുന്നു. മലപ്പുറം ജില്ല ദുരന്തനിവാരണ സമിതി അപകടത്തിന് മുമ്പുതന്നെ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് നിയമവിരുദ്ധമായും സുരക്ഷ മുന്നൊരുക്കങ്ങൾ ഇല്ലാതെയും സർവിസ് നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊന്നാനി പോർട്ട് അധികൃതരെയും ജില്ല പൊലീസ് മേധാവിയെയും ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, താനൂർ തൂവൽതീരത്ത് അപകടമുണ്ടാക്കിയ ബോട്ട് ദുരന്തനിവാരണ സമിതിയുടെ തീരുമാനപ്രകാരം ആരുംതന്നെ പരിശോധിച്ചിരുന്നില്ല.
ഈ റിപ്പോർട്ട് കമീഷൻ മുമ്പാകെ വിളിച്ചു വരുത്തണമെന്ന് മുസ്ലിം ലീഗ് ജില്ല കമ്മിറ്റിക്ക് വേണ്ടിയും താനൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിക്ക് വേണ്ടിയും ഹാജരായ അഡ്വ. കെ.എ. ജലീൽ കമീഷൻ മുമ്പാകെ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകൾ ഉണ്ടായതിനാലാണ് സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്ത് കൂടുതൽ സാമ്പത്തിക സഹായം നൽകണമെന്ന് കമീഷൻ മുമ്പാകെ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, കമീഷൻ അന്വേഷിക്കുന്ന വിഷയങ്ങളിൽ സാമ്പത്തിക സഹായം നൽകുന്ന കാര്യം പ്രത്യേകം എടുത്തു പറഞ്ഞിട്ടില്ലാത്തതിനാൽ ഈ വിഷയത്തിൽ കൂടുതൽ വാദം കേൾക്കേണ്ടതുണ്ടെന്ന് കമീഷൻ വ്യക്തമാക്കി.
കമീഷന്റെ അഭിഭാഷകനായ അഡ്വ. രമേശ് സാക്ഷ്യപട്ടിക കമീഷൻ മുമ്പാകെ ഹാജരാക്കുകയും ചെയ്തു. 2023 മേയ് 12ന് നിയമിച്ച ജസ്റ്റിസ് മോഹനന്റെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷണ കമീഷന്റെ കാലാവധി ആറുമാസത്തേക്ക് സർക്കാർ നീട്ടി നൽകിയതായും കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.