തിരൂർ: ഗുജറാത്ത് കലാപത്തിന്റെ നടുക്കുന്ന ഓർമകൾ പറയുന്ന ഡോക്യുമെന്ററി സിനിമ ‘ഫൈനൽ സൊല്യൂഷന്റെ’ ചിത്രീകരണ സമയത്തെ അനുഭവങ്ങൾ പങ്കുവെച്ച് സംവിധായകൻ രാകേഷ് ശർമ. ഗുജറാത്തിൽ നടന്നത് കലാപമായിരുന്നില്ല, സ്റ്റേറ്റ് സ്പോൺസേഡ് വംശഹത്യയായിരുന്നെന്ന് രാകേഷ് ശർമ പറഞ്ഞു.
ഗുജറാത്ത് കലാപത്തിൽ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ചകളായിരുന്നു കണ്ടത്. എത്ര തകർക്കാൻ ശ്രമിച്ചാലും തന്റെ സിനിമ പൊതുവേദികളിൽ പ്രദർശിപ്പിച്ചുകൊണ്ടേയിരിക്കുമെന്നും രാകേഷ് ശർമ കൂട്ടിച്ചേർത്തു. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ നടക്കുന്ന സൈൻസ് ചലച്ചിത്ര മേളയിലെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ആർ.എസ്.എസിന്റെ വളർച്ച ഭീതിദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈൻസ് ഫിലിം ഫെസ്റ്റിവലിന്റെ ഡെയിലി ബുള്ളറ്റിൻ രാകേഷ് ശർമ പ്രകാശനം ചെയ്തു.
സൈൻസിന്റെ രണ്ടാംദിനം വിവിധ വിഭാഗങ്ങളിലായി 25ലധികം ഹ്രസ്വചിത്രങ്ങളുടെയും ഡോക്യുമെന്ററികളുടെയും പ്രദർശനം നടന്നു. ഫോക്കസ് ഡോക്യുമെന്ററി വിഭാഗത്തിൽ റെസ്റ്റ് ഇൻ മാൻഹോൾ, ഇന്റർനാഷനൽ വിൻഡോയിൽ ബംഗ്ലാദേശി സിനിമ സിറ്റി ഓഫ് ലൈറ്റ്, ശ്രീലങ്കൻ സിനിമ ക്രോസ്സ് ഓഫ് ജസ്റ്റിസ് തുടങ്ങിയവ പ്രദർശിപ്പിച്ചു. വൈകീട്ട് ഓപൺ ഫോറത്തിൽ അങ്കുർ കൻസാൽ, സോമ്നാഥ് മോണ്ടെൽ, സഞ്ജയ് ചന്ദ്രശേഖരൻ, ദേബ്ജാനി ബാനർജീ, കെ.എൻ. ഹരിപ്രസാദ്, കെ.പി. ദീപു എന്നീ സംവിധായകർ പങ്കെടുത്തു. ഗവേഷക വിദ്യാർഥി അമൃതയായിരുന്നു മോഡറേറ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.