പയ്യോളി: ദേശീയപാതയിലൂടെ ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യബസുകൾ വീണ്ടും മരണപ്പാച്ചിൽ തുടങ്ങി. തിങ്കളാഴ്ച മൂരാടിനു സമീപം അപകടം വരുത്തിവെച്ച സ്വകാര്യ ബസുകളിലെ യാത്രക്കാരും സമീപത്തെ കച്ചവടക്കാരും തലനാരിഴക്കാണ് വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.
വൈകീട്ട് നാലരയോടെ ദേശീയപാതയിൽ ഇരിങ്ങൽ മൂരാട് ഓയിൽമിൽ ബസ് സ്റ്റോപ്പിൽ കോഴിക്കോട്നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന 'സിഗ്മ' ബസ് യാത്രക്കാരെ ഇറക്കുമ്പോഴാണ് സംഭവം. തൊട്ടുപുറകിൽനിന്ന് എത്തിയ കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന 'വെസ്റ്റ് കോസ്റ്റ്' ബസ് 'സിഗ്മ' ബസിെൻറ ഇടതു വശത്തുകൂടി റോഡിൽനിന്ന് ഇറക്കി മറികടക്കാനുള്ള ശ്രമത്തിനിടെയായാണ് അപകടം.
വീണ്ടും റോഡിലേക്ക് കയറ്റാനുള്ള ശ്രമത്തിൽ ഇരു ബസുകളും ഇടിക്കുകയായിരുന്നു. അപകടം വരുത്തിയ ബസ് ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.
സംഭവസ്ഥലത്ത് റോഡരികിൽ നിൽക്കുകയായിരുന്ന മത്സ്യവിൽപനക്കാരും തട്ടുകടക്കാരും സാധനം വാങ്ങാനെത്തിയവരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഓടിമറഞ്ഞതുകൊണ്ട് മാത്രമാണ് പലരും രക്ഷപ്പെട്ടതെന്ന് മത്സ്യക്കച്ചവടക്കാർ പറഞ്ഞു. രണ്ട് ബസുകളും പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തു. മൂരാട് പാലത്തിന് ഇരുവശവും സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.