ചവറ: കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റ(കെ.എം.എം.എൽ)ഡിൽ എം.എസ് പ്ലാൻറിലേക്കുള്ള നടപ്പാലം തകർന്ന് ടി.എസ് കനാലിൽ വീണ് കമ്പനി ജീവനക്കാരായ മൂന്നു സ്ത്രീകൾ മരിച്ചു. 46 പേർക്ക് പരിക്ക്. പന്മന കൊല്ലക കൈരളിയിൽ ശ്യാമളാ ദേവിയമ്മ(57) , പന്മന മേക്കാട് ഫിലോമിന മന്ദിരത്തിൽ റെയ്ചൽ ക്രിസ്റ്റഫർ (എയ്ഞ്ചലീന^44), സമീപവാസിയായ ജി.ജി വിൻവില്ലയിൽ അന്നമ്മ (ഷീന^44) എന്നിവരാണ് മരിച്ചത്. ശ്യാമളാദേവി കരുനാഗപ്പള്ളിയിൽ ആശുപത്രിയിലാണ് മരിച്ചത്. മറ്റു രണ്ടു പേരുടെയും മൃതദേഹം ടി.എസ് കനാലിൽനിന്നാണ് കണ്ടെടുത്തത്. മൂന്നുപേരും ഭർത്താവ് മരിച്ചതിനെ തുടർന്ന് കമ്പനിയിൽ ജോലി ലഭിച്ചവരാണ്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു
തിങ്കളാഴ്ച രാവിലെ 10.15 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തം. കമ്പനിയിലേക്ക് വരുകയായിരുന്ന ജീവനക്കാരും കമ്പനിക്ക് മുന്നിൽ സമരം നടത്തി മടങ്ങുകയായിരുന്ന കരാർ തൊഴിലാളി കുടുംബങ്ങളും പാലം കടക്കാൻ കയറിയിറങ്ങുന്നതിനിടെയായിരുന്നു അപകടം. പാലത്തിെൻറ ഇരുമ്പുതൂണിളകി വശത്തേക്ക് ചരിയുകയായിരുന്നു. ആളുകൾ ഒരു വശത്തേക്ക് ചരിഞ്ഞതോടെ പാലത്തിെൻറ മറുഭാഗം ഒടിഞ്ഞ് കനാലിൽ പതിച്ചു. കമ്പികൾക്കിടയിൽ കുരുങ്ങിയും തെറിച്ചു വെള്ളത്തിൽ വീണവരുടെ മുകളിലേക്ക് പാലം തകർന്ന് വീണുമാണ് കൂടുതൽ പേർക്കും പരിക്കേറ്റത്.
കൊല്ലം കോട്ടപ്പുറം ദേശീയ ജലപാതയുടെ ഭാഗമാണ് ടി.എസ് കനാൽ. കുടിയൊഴിപ്പിക്കപ്പെട്ട മൈനിങ് മേഖലയിലെ നിവാസികൾ അനിശ്ചിത കാല സമരത്തിലാണ്. തിങ്കളാഴ്ച രാവിലെ പ്രകടനവുമായെത്തിയ നൂറുകണക്കിന് പേരാണ് കമ്പനിക്ക് മുന്നിൽ പ്രതിഷേധിച്ചത്. ഈ സമയം കമ്പനി ജീവനക്കാർ കിഴക്കേക്കരയിലായിരുന്നു. 10ഒാടെ പ്രതിഷേധം അവസാനിപ്പിച്ച തൊഴിലാളികൾ കിഴക്കേക്കരയിലേക്ക് പോകാൻ പാലത്തിൽ കയറിയതോടെ സമരം തീരാൻ മറുകരയിൽ കാത്തുനിന്ന ജീവനക്കാരും പാലത്തിൽ കയറി. തിരക്ക് കൂടിയതോടെ വൻ ശബദത്തിൽ ഇരുമ്പ് തൂണുകൾ പൊട്ടി പാലം കനാലിലേക്ക് പതിക്കുകയായിരുന്നു. 2004ൽ കമീഷൻ ചെയ്തതാണ് ഇരുമ്പുതൂണുകളിൽ സ്ഥാപിച്ച പാലം. പരിക്കേറ്റവർക്ക് കമ്പനി െചലവിൽ മതിയായ ചികിത്സ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടത്തെക്കുറിച്ച് കലക്ടർ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടു.
പരേതനായ ചന്ദ്രശേഖരപിള്ളയുടെ ഭാര്യയാണ് ശ്യാമളാ ദേവി. മക്കൾ: ആശ, ചിത്ര. പരേതനായ ക്രിസ്റ്റഫറിെൻറ ഭാര്യയാണ് റെയ്ചൽ. ടെസിയാണ് മകൾ. മകനായ ജൂഡ് കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ചു. ഗോഡ് വിൻ, ഗ്ലാഡ് വിൻ എന്നിവരാണ് അന്നമ്മയുടെ മക്കൾ. ഭർത്താവ്: ഷിബു (ഇവർ പുനർവിവാഹം ചെയ്തിരുന്നു).
കമ്പനി ചങ്ങാടം നൽകിയിരുന്നെങ്കിൽ...
അപകടത്തിന് അരമണിക്കൂർ മുമ്പ് സമരക്കാർ ആവശ്യപ്പെട്ട ചങ്ങാടം കമ്പനി അധികൃതർ വിട്ടു നൽകിയിരുന്നെങ്കിൽ നാടിനെ നടുക്കിയ അപകടം ഒരുപക്ഷേ, ഒഴിവായേനെ. അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട സമരക്കാർ ഞെട്ടലോടെയാണ് സംഭവം വിവരിച്ചത്.
കഴിഞ്ഞ രണ്ടു മാസമായി കമ്പനിക്കു മുന്നിൽ സമരം നടത്തി വരുന്ന മൈനിങ് മേഖലയിലെ തൊഴിലാളി കുടുംബങ്ങൾ ധർണ സമരം കഴിഞ്ഞ് പാലത്തിൽ കയറിയതും ഇക്കരെ നിന്ന ജീവനക്കാർ കയറിയതും ഒരുമിച്ചായതാണ് പാലം തകരാൻ കാരണമായത്. നൂറിലധികം പേർ ഒരേസമയം പാലത്തിലുണ്ടായിരുന്നു. പാലത്തിലുണ്ടായിരുന്നവർ കമ്പികൾക്കിടയിൽ കുരുങ്ങിയും വെള്ളത്തിൽ ശക്തമായി തെറിച്ചും വീഴുകയായിരുന്നു. ഇരുമ്പുകമ്പികൾ പലതും പൊട്ടി ശരീരത്ത് പതിച്ചും കുത്തിയും പരിക്കേറ്റു.
വെള്ളത്തിലുണ്ടായിരുന്നവരുടെ നിലവിളി കേട്ട് കമ്പനിയിലുണ്ടായിരുന്ന പരിസരവാസികളും സമരക്കാരും വെള്ളത്തിലേക്ക് ചാടിയിറങ്ങുകയായിരുന്നു. വിവിധ കേന്ദ്രങ്ങളിൽനിന്ന് കൂടുതൽ ആംബുലൻസുകൾ എത്തിയതോടെ 11ഒാടെ മുഴുവൻ പേരെയും ആശുപത്രിയിലെത്തിച്ചു. സംഭവമറിഞ്ഞ് വൻ ജനാവലിയാണ് കമ്പനിക്കു മുന്നിലെത്തിയത്. കമ്പനി വളപ്പിൽ കൊല്ലം - ആലപ്പുഴ യാത്രാ േബാട്ടടക്കം പോകുന്ന ടി.എസ് കനാലിന് കുറുകെയാണ് നടപ്പാലം സ്ഥിതിചെയ്തിരുന്നത്. 13 വർഷം മുമ്പ് കമ്പനി അധികൃതരാണ് തൊഴിലാളികൾക്ക് മറുകരയിലെ ഖനന സ്ഥലത്തേക്കും മറ്റും പോകുന്നതിനായി പാലം നിർമിച്ചത്. കടലിൽനിന്നുള്ള ഉപ്പുകാറ്റേറ്റ് കാലുകൾ തുരുമ്പിച്ച് പാലം അപകടാവസ്ഥയിലാവുകയായിരുന്നു. ഇത് പല തവണ കമ്പനി അധികൃതരുടെ മുന്നിൽ പരാതിയായി എത്തിയതാണ്.
ജീവനക്കാർ കനാലിന് ഇക്കരെയുണ്ടായിട്ടും ചങ്ങാടത്തിൽ ഇവരെ ഇക്കരെ എത്തിക്കാനും കമ്പനി തയാറായില്ല. അപകടം നടന്നയുടൻ കമ്പനിയുടെ ബോട്ട് വിട്ട് നൽകിയിെല്ലന്നും ആക്ഷേപമുണ്ട്. ഇത്രയും വലിയ അപകടം നടന്നിട്ടും കുറ്റകരമായ അനാസ്ഥ കാണിച്ച ജീവനക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.