കൽപറ്റ: പ്ലാസ്റ്റിക് ഷെഡിൽ താമസിക്കുന്നയാൾക്ക് പട്ടികവർഗ വികസന വകുപ്പ് വീട് നിർമിക്കുന്നതിന് അനുവദിച്ച ധനസഹായത്തിന്റെ മൂന്നാം ഗഡുവായ 1,40,000 രൂപ കൈപ്പറ്റി അയൽവാസി കബളിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം നടത്തി പരാതിക്കാരന് നീതി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. പരാതിക്കാരന്റെ വീടിന്റെ അവസ്ഥ പരിതാപകരമായതിനാൽ പ്രത്യേക കേസായി പരിഗണിച്ച് വീട് പൂർത്തിയാക്കാൻ ഫണ്ട് അനുവദിക്കാനും കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് സംയോജിത പട്ടികവർഗ പ്രോജക്ട് ഓഫിസർക്ക് നിർദേശം നൽകി.
പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് വയനാട് സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പിക്ക് നിർദേശം നൽകി. മനുഷ്യാവകാശ സംരക്ഷണ നിയമം 1993 അനുസരിച്ച് നടപടിയെടുക്കണമെന്നും 1,00,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് പൊഴുതന അച്ചൂരാനം പന്നിയോറ കോളനിയിലെ ഗോപാലകൃഷ്ണൻ കൽപറ്റ ജില്ല കോടതിയിൽ സമർപ്പിച്ച പരാതി കമീഷന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
സംയോജിത പട്ടികവർഗ പ്രോജക്ട് ഓഫിസർ, സ്പെഷൽ സ്ക്വാഡ് ഡി.വൈ.എസ്.പി എന്നിവരിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരന് വീട് നിർമാണത്തിന് ഒന്നാം ഗഡുവായി 52,500 രൂപയും രണ്ടാം ഗഡുവായി 1,05,000 രൂപയും അനുവദിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പിന്നീട് മൂന്നാം ഗഡു ആവശ്യപ്പെട്ടെങ്കിലും വീടിന്റെ ഭിത്തി പൂർത്തിയാക്കാത്തതിനാൽ അനുവദിച്ചില്ല. തുടർന്ന് പരാതിക്കാരന്റെ അയൽവാസിയായ ശ്രീജിത്ത് എന്നയാളെ നിർമാണ പ്രവൃത്തി ഏൽപിച്ചു.
ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചില്ല. പിന്നീട് പരാതിക്കാരന്റെയും പഞ്ചായത്ത് അംഗത്തിന്റെയും നിരന്തര സമ്മർദത്തെ തുടർന്ന് മൂന്നാം ഗഡുവായ 1,40,000 രൂപ അനുവദിച്ചു. മൂന്നാം ഗഡു ശ്രീജിത്തിനെ ഏൽപിച്ചതായി പരാതിക്കാരൻ പറയുന്നു. തുക കിട്ടിയില്ലെന്ന് ശ്രീജിത്ത് പൊലീസിനെ അറിയിച്ചു.
പരാതിക്കാരനും ശ്രീജിത്തും ചേർന്ന് തുക ദുർവിനിയോഗം ചെയ്തതായാണ് പട്ടികവർഗ വികസന വകുപ്പ് പറയുന്നത്. അന്വേഷണം തുടരുമെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.