ചെറുതോണി: അഞ്ചടി ഉയരം, കറുപ്പുനിറം, ചെമ്പിച്ച താടി, ജഡപിടിച്ച നീണ്ട മുടി, മുട്ടിനൊപ്പം വരുന്ന ഒറ്റമുണ്ട്, കൈയിൽ നീളമുള്ള വടി, നിവർന്ന് നെഞ്ചുവിരിച്ചുള്ള നടത്തം, ആരെയും കൂസാത്ത ഭാവം. ഇതായിരുന്നു ചെമ്പകശ്ശേരി നരിക്കാട്ട് വനത്തിലെ ഊരാളി മൂപ്പനായിരുന്ന ചെമ്പൻ കൊലുമ്പൻ. 1969 ഏപ്രിൽ 30ന് അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് ഇടുക്കി അണക്കെട്ടിന് തറക്കല്ലിടാനെത്തിയപ്പോൾ ആദ്യം അന്വേഷിച്ചത് ചെമ്പൻ കൊലുമ്പനെ ആയിരുന്നു. കൊലുമ്പൻ മൂപ്പന്റെ സാന്നിധ്യത്തിലായിരുന്നു തറക്കല്ലിടൽ.
1932ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോൺ കൊടുംവനത്തിൽ നായാട്ടിന് വന്നപ്പോൾ കാട്ടുമൃഗങ്ങളെ ഭയന്നാണ് കരുവെള്ളാൻ ചെമ്പൻ കൊലുമ്പനെ സംഘത്തിൽ ചേർത്തത്. നിരക്ഷരനായിരുന്നെങ്കിലും വനത്തിന്റെ മുക്കും മൂലയും പെരിയാറിന്റെ തിരിവും ഒഴുക്കുമെല്ലാം കൊലുമ്പനു കാണാപ്പാഠമായിരുന്നു. ഇല്ലി വെട്ടി ചങ്ങാടമുണ്ടാക്കി പെരിയാറിന്റെ ഇരുകരയിലും ജീവിക്കുകയായിരുന്നു ഈ ഗോത്രത്തലവൻ. കാട്ടാനയും കടുവയും കാട്ടുപോത്തും അടക്കിവാണിരുന്ന ഘോരവനത്തിൽ മലങ്കര സൂപ്രണ്ട് ജോണിന്റെ സംഘത്തിന് വഴികാട്ടി മാത്രമായിരുന്നില്ല സംരക്ഷകനുമായിരുന്നു.
കൊലുമ്പൻ ആ നായാട്ടു യാത്രയിൽ വനത്തിലെ പല അതിശയ കാഴ്ചകളും ജോണിന് കാണിച്ചുകൊടുത്തു. അതിലൊന്നായിരുന്നു 925 മീറ്റർ ഉയരമുള്ള കുറത്തി മലയുടെയും 839 മീറ്റർ ഉയരമുള്ള കുറവൻ മലയുടെയും ഇടയിലൂടെ കുതിച്ചുചാടുന്ന വെള്ളച്ചാട്ടം. ഇതുകണ്ട ജോൺ ചിന്തിച്ചത് മുഴുവൻ ഇവിടെ ഒരു ഡാം കെട്ടുന്നതിനെക്കുറിച്ചായിരുന്നു.
കാട്ടിലെ ഒരു വൈദ്യൻ കൂടിയായിരുന്നു കൊലുമ്പൻ. മരത്തിന് മുകളിൽ കെട്ടിയുണ്ടാക്കിയ ഏറുമാടത്തിലായിരുന്നു കൊലുമ്പന്റെ ഉറക്കം. കിഴങ്ങുവർഗങ്ങളും പെരിയാറ്റിൽനിന്ന് പിടിച്ചെടുക്കുന്ന മത്സ്യവുമായിരുന്നു ആഹാരം. കൊലുമ്പന്റെ ആദ്യ വിവാഹത്തിൽ രണ്ടു മക്കളുണ്ടായിരുന്നു. ഇവർ ജീവിച്ചിരിപ്പില്ല. ഇവരുടെ മക്കളും കൊച്ചുമക്കളുമൊക്കെ പൈനാവ് കൊലുമ്പൻ കോളനിയിലുണ്ട്.
രണ്ടാമത് കല്യാണം കഴിച്ചെങ്കിലും മക്കളില്ല. അണക്കെട്ടുമായി ബന്ധപ്പെട്ട പല ചടങ്ങുകളിലും വിശിഷ്ടാതിഥിയായിരുന്നു കൊലുമ്പൻ. കാനഡ ഹൈകമീഷണറോടൊപ്പം വേദി പങ്കിടാനും കൊലുമ്പന്‍ അവസരം ലഭിച്ചിരുന്നു. കൊച്ചുമകൻ ഭാസ്കരന്റെ മടിയിൽ കിടന്നാണ് കൊലുമ്പൻ മരിക്കുന്നത്. മരിക്കുമ്പോൾ 115 വയസ്സുണ്ടായിരുന്നെന്നാണ് പറയുന്നത്. കൊലുമ്പനെ ഓർമിക്കാൻ രണ്ടു സ്മാരകമാണ് ഇടുക്കിയിലുള്ളത്.
പൈനാവിലും ചെറുതോണിക്കുമിടയിൽ വെള്ളാപ്പാറയിൽ വനം വകുപ്പ് സ്ഥാപിച്ചതാണ് ആദ്യ പ്രതിമ. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിലെ അധ്യാപകൻ കൂടിയായ ശിൽപി കുന്നുവിള മുരളി നിർമിച്ച ആറടി ഉയരമുള്ള പൂർണകായ പ്രതിമയാണ് രണ്ടാമത്തേത്. കൊലുമ്പന്റെ പ്രതിമക്കും കുഴിമാടത്തിനും മുന്നിൽ പിൻതലമുറക്കാർ ഇപ്പോഴും വിളക്കുവെച്ച് പ്രാർഥിക്കുന്നുണ്ട്. പൂജയും നടന്നുവരുന്നു. കൊലുമ്പന്റെ പിന്മുറക്കാർക്ക് 156 ഏക്കർ സ്ഥലം സർക്കാർ പതിച്ചുനൽകിയിട്ടുണ്ട്. ഇടുക്കിയുടെ ചരിത്രമെഴുതുന്നവർക്ക് വിസ്മരിക്കാനാവാത്ത നാമമാണ് ഇന്നും ചെമ്പൻ കൊലുമ്പൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.