ചെങ്ങറ പാക്കേജ്: ഭൂസമരക്കാര്‍  സെക്രട്ടേറിയറ്റിന്  മുന്നില്‍ നില്‍പ് സമരം തുടങ്ങി

തിരുവനന്തപുരം: ചെങ്ങറ പാക്കേജ് അനുസരിച്ചുള്ള ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട്  ചെങ്ങറ ഭൂസമരക്കാര്‍  സെക്രട്ടേറിയേറ്റിന് മുന്നില്‍ നില്‍പ് സമരം ആരംഭിച്ചു. സാധുജന വിമോചന സംയുക്ത വേദിയുടെ ആഭിമുഖ്യത്തിലാണ് റിപ്പബ്ളിക് ദിനത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങിയത്.
മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് 1495 കുടുംബങ്ങള്‍ക്ക്  ഭൂമി അനുവദിക്കുന്ന ചെങ്ങറ പാക്കേജ് പ്രഖ്യാപിച്ചത്. എന്നാല്‍, പട്ടയം ലഭിച്ചതല്ലാതെ ഇതുവരെ ഒരു ആനുകൂല്യവും ലഭിച്ചില്ളെന്ന് സമരക്കാര്‍ പറയുന്നു.ആദിവാസികള്‍ക്ക്  ഒരേക്കറും പട്ടികജാതിക്കാര്‍ക്ക് 50 സെന്‍റും മറ്റുള്ളവര്‍ക്ക് 25 സെന്‍റും ഭൂമി വിതരണം ചെയ്യാമെന്ന് പാക്കേജില്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും നൂറോളം പേര്‍ക്ക് മാത്രമാണ് ഭൂമി ലഭിച്ചത്. 

തുടര്‍ന്ന് വന്ന യു.ഡി.എഫ് സര്‍ക്കാറും പ്രശ്നങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു. പുതിയ സര്‍ക്കാറിനും റവന്യൂ മന്ത്രിക്കും ഇതുസംബന്ധിച്ച് നിരവധി നിവേദനങ്ങളും പരാതികളും നല്‍കിയെങ്കിലും ഫലമില്ളെന്ന് കണ്ടതോടെയാണ് സമരത്തിന് ഇറങ്ങിയതെന്ന് സാധുജന വിമോചന സംയുക്ത വേദി പ്രസിഡന്‍റ് രാഘവന്‍ തോന്യാമല ‘മാധ്യമ’ത്തോട് പറഞ്ഞു. നില്‍പുസമരത്തെയും  സര്‍ക്കാര്‍ അവഗണിച്ചാല്‍ ജീവന്‍ മരണസമരത്തിലേക്ക് സമരസമിതി തിരിയുമെന്നും അദ്ദേഹം  പറഞ്ഞു.
2009 ഒക്ടോബര്‍ അഞ്ചിന് പ്രഖ്യാപിച്ച ചെങ്ങറ പാക്കേജ് മൂന്നുമാസത്തിനുള്ളില്‍ നടപ്പാക്കുമെന്നായിരുന്നു അന്ന് സര്‍ക്കാര്‍ പറഞ്ഞത്. വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടി ആദിവാസികളെയും ദലിതുകളെയും മാറി മാറി വന്ന സര്‍ക്കാറുകള്‍ വഞ്ചിക്കുകയായിരുന്നെന്ന് സെക്രട്ടറി എ.എസ്. അച്യുതന്‍ ആരോപിച്ചു.
വ്യാഴാഴ്ച ദലിത് നേതാവ് കരകുളം സത്യകുമാര്‍ നില്‍പ് സമരം ഉദ്ഘാടനം ചെയ്തു.സംയുക്ത വേദി പ്രസിഡന്‍റ് രാഘവന്‍ തോന്യാമല അധ്യക്ഷതവഹിച്ചു. എ.എസ്. അജിത്കുമാര്‍, കുന്നുകുഴി എസ്. മണി തുടങ്ങിയവര്‍ സംസാരിച്ചു.
 

Tags:    
News Summary - Chengara package

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.