തിരുവനന്തപുരം: പിണറായി സർക്കാർ 200 കോടി രൂപയുടെ പരസ്യം കൊടുത്തതിന്‍റെ ഉപകാര സ്മരണയാണ് ചില മാധ്യമങ്ങൾ സർവേയിലൂടെ കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ചെയ്യുന്നത് പോലെ കേരളത്തിൽ പിണറായി സർക്കാർ മാധ്യമങ്ങളെ വിരട്ടിയും പരസ്യം നൽകിയും വരുതിയിലാക്കുകയാണ്. ജനവിരുദ്ധ സർക്കാറിനെ വെള്ള പൂശാൻ സർക്കാർ പണം നൽകി മാധ്യമങ്ങളെ സ്വാധീനിക്കുന്നു. 57 കോടി രൂപ കിഫ്ബിയിൽനിന്നാണ് പരസ്യത്തിന് ചെലവഴിച്ചത്.
അഭിപ്രായ സർവേകൾ യാഥാർഥ്യത്തിന് എതിരാണെന്നും ഒരുശതമാനും വോട്ടർമാർ പോലും ഇതിൽ പങ്കെടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു. മൂന്ന് മാധ്യമങ്ങൾക്ക് വേണ്ടി ഒരു സ്ഥാപനമാണ് സർവേ നടത്തിയത്. ജനഹിതം അട്ടിമറിക്കാൻ അഭിപ്രായ സർവേകൾ ദുരുപയോഗം ചെയ്യുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ നടന്നത് പോലെ മറുനാടൻ കമ്പനികൾ സർവേകൾ പടച്ചുവിടുകയാണെന്നും ചെന്നിത്തല ആരോപിച്ചു. പ്രത്യക്ഷത്തിൽ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന ഹീന തന്ത്രങ്ങളാണ് പയറ്റുന്നത്. ഭരണകക്ഷിക്ക് നൽകുന്ന പരിഗണനയുടെ ഒരുശതമാനെങ്കിലും പ്രതിപക്ഷത്തിന് നൽകാത്തത് എന്ത് മാധ്യമധർമമാണ്?.
ഇനി വരാനിരിക്കുന്ന സർവേകളും ഇതേ രീതിയിലാണ്. സര്‍ക്കാരിനെ അനുകൂലിക്കുന്ന സര്‍വേകളിൽ യു.ഡി.എഫിനു വിശ്വാസമില്ല. അഴിമതികളൊന്നും പ്രശ്നമല്ലെന്നു പറയുന്ന സര്‍വേകള്‍ ജനം തൂത്തെറിയും. ജനങ്ങളുടെ സര്‍വേ യു.ഡി.എഫിന് അനുകൂലമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എൽ.ഡി.എഫിന് 12 മുതല്‍ 15 സീറ്റ് വരെ പറഞ്ഞു. പാലക്കാട്ട് യു.ഡി.എഫിന് മൂന്നാം സ്ഥാനം പറഞ്ഞവരുണ്ട്. ഗുജറാത്തി പത്രത്തിലടക്കം കോടിക്കണക്കിന് രൂപയുടെ പരസ്യം െകാടുക്കുന്നു. പ്രചാരണത്തില്‍ സി.പി.എമ്മും ബി.ജെ.പിയും പണം വാരിയെറിയുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.