കോഴിക്കോട്: സി.പി.എം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് പ്രസംഗിച്ച കോൺഗ്രസ് നേതാവ് കെ.വി. തോമസിനെതിരെ വീണ്ടും മുൻ ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. 'യേശുചിത്രം നൽകി സി.പി.എം സ്വീകരിച്ച കെ.വി തോമസിന് ഇനി അടിമത്ത കുരിശ് ചുമക്കേണ്ടി വരു'മെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
'ഇനി പാരതന്ത്ര്യത്തിന്‍റെ പീഢാനുഭവ കാലമായിരിക്കു'മെന്നും ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടുന്നു. സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യേശുവിന്‍റെ ചിത്രം നൽകിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാമർശം.
കൂടാതെ, കോൺഗ്രസുമായി ഒരു തരത്തിലുമുള്ള സഖ്യം വേണ്ടെന്ന സി.പി.എം പാർട്ടി കോൺഗ്രസ് തീരുമാനത്തെയും ചെറിയാൻ ഫിലിപ്പ് മറ്റൊരു പേസ്റ്റിലൂടെ വിമർശിച്ചു. 'കോൺഗ്രസുമായി വിവാഹമില്ലെങ്കിലും പ്രാദേശികമായി അവിഹിതമാവാം എന്നാണ് സി.പി.എമ്മിന്റെ പുതിയ അടവുനയം'- ഇതായിരുന്നു വിമർശനം.
സി.പി.എം സെമിനാറിൽ കെ.വി തോമസ് പങ്കെടുക്കുമെന്ന വാർത്ത വന്നതിന് പിന്നാലെ പ്രതികരണവുമായി ചെറിയാൻ ഫിലിപ്പ് രംഗത്തു വന്നിരുന്നു. കെ.വി. തോമസിന്‍റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണ്. അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയിൽ പോലും സ്ഥാനം ലഭിക്കില്ലെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.
സി.പി.എമ്മിന്‍റെ പ്രണയ തട്ടിപ്പിൽ കെ.വി തോമസ് ദയവായി കുടുങ്ങരുതെന്നും പ്രണയം അഭിനയിച്ച് അടുത്തുകൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി.പി.എം എന്നും മറ്റൊരു പോസ്റ്റിൽ ചെറിയാൻ ചൂണ്ടിക്കാട്ടിയിരുന്നു. യൗവ്വനം മുതൽ ഇ.എം.എസ് ഉൾപ്പെടെയുള്ളവർ തന്നെ സി.പി.എം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്.
ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടു പോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്‍റെ ജനാധിപത്യ സംസ്കാരത്തിൽ ജനിച്ചു വളർന്ന കെ.വി തോമസിന് സി.പി.എമ്മിന്‍റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല.-ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.