കോഴിക്കോട്: ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പരാമർശത്തിനെതിരെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ജനാധിപത്യത്തെ അംഗീകരിക്കാത്ത കമ്യൂണിസ്റ്റുകാർ എവിടെയും ഏകാധിപതികളാണെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യൻ ഭരണഘടനയെ അടിമത്തത്തിന്റെ ചാർട്ടർ എന്നു വിശേഷിപ്പിച്ച കമ്യൂണിസ്റ്റുകാർക്ക് ഇന്ത്യയോടും ഭരണഘടനയോടും ഒരിക്കലും കൂറുണ്ടായിരുന്നിട്ടില്ല. ഭരണഘടന നടപ്പാക്കിയ 1950ൽ രാജ്യത്തുടനീളം കലാപമുണ്ടാക്കി കമ്യൂണിസ്റ്റ് ഭരണം സൃഷ്ടിക്കാനാണ് പാർട്ടി ശ്രമിച്ചതെന്നും ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി.
കമ്മ്യൂണിസ്റ്റുകാർക്ക് ഇന്ത്യയോട് കൂറില്ല: ചെറിയാൻ ഫിലിപ്പ്
ഇന്ത്യൻ ഭരണഘടനയെ അടിമത്തത്തിന്റെ ചാർട്ടർ എന്നു വിശേഷിപ്പിച്ച കമ്മ്യൂണിസ്റ്റുകാർക്ക് ഇന്ത്യയോടും ഭരണഘടനയോടും ഒരിക്കലും കൂറുണ്ടായിരുന്നിട്ടില്ല. ഭരണഘടന നടപ്പാക്കിയ 1950ൽ രാജ്യത്തുടനീളം കലാപമുണ്ടാക്കി കമ്മ്യൂണിസ്റ്റു ഭരണം സൃഷ്ടിക്കാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചത്. ഇന്ത്യൻ മണ്ണിൽ ഉടൻ വിപ്ലവം സാദ്ധ്യമല്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് പാർലമെന്ററി ജനാധിപത്യവുമായി സന്ധിചെയ്യാൻ നിർബന്ധിതമായത്.
ജനപ്രതിനിധികൾ ഭരണഘടനയെ തൊട്ട് സത്യപ്രതിജ്‌ഞ ചെയ്തത് അടവുനയത്തിന്റെ ഭാഗമായ തികഞ്ഞ കാപട്യമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ച കമ്മ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യം ഒരു മിഥ്യയാണെന്ന് പ്രഖ്യാപിച്ചിരുന്നു. വെളുത്ത സായിപ്പന്മാരിൽ നിന്നും കറുത്ത സായിപ്പന്മാരിലേക്കുള്ള അധികാര കൈമാറ്റം എന്നാണ് ഇ.എം.എസ് വിശേഷിപ്പിച്ചത്.
ബ്രിട്ടീഷ് പക്ഷം ചേർന്ന് 1942-ൽ ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുത്ത കമ്മ്യൂണിസ്റ്റുകാർ ഇന്ത്യാ വിഭജനത്തിന് ഇടയാക്കിയ ദ്വിരാഷട വാദത്തെ അംഗീകരിച്ചിരുന്നു. 1962 ൽ ഇന്ത്യ ചൈനയെ ആക്രമിച്ചപ്പോൾ മഹാഭൂരിപക്ഷം കമ്മ്യൂണിസ്റ്റുകാരും ചൈനയുടെ പക്ഷത്തായിരുന്നു. കമ്മ്യൂണിസ്റ്റുകാർ ഇന്നും അന്ധമായ ചൈന പ്രേമം തുടരുന്നു.
ജനാധിപത്യത്തെ അംഗീകരിക്കാത്ത കമ്മ്യൂണിസ്റ്റുകാർ എവിടെയും ഏകാധിപതികളാണ്. പാർട്ടി സ്റ്റഡി ക്ലാസുകളിൽ നിന്നും ലഭിച്ച പ്രചോദനം ഉൾകൊണ്ടാണ് മന്ത്രി സജി ചെറിയാൻ മല്ലപ്പള്ളി പ്രസംഗം നടത്തിയത്. പാർട്ടിയുടെ അംഗീകൃത നയമാണ് സജി ചെറിയാനിലൂടെ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.