കോഴിക്കോട്: എൽ.ഡി.എഫ് സർക്കാർ നൽകിയ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. ആധുനിക രാഷ്ട്രീയ ചരിത്ര രചനയിൽ വ്യാപൃതനായതിനാലാണ് സ്ഥാനം ഏറ്റെടുക്കേണ്ടെന്ന് തീരുമാനിച്ചത്. വസ്തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്. ഖാദി വിൽപനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.
അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ല. 40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്‍റെ പിന്തുടർച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല. കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയിൽ രചിക്കാനാവില്ല. വസ്തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്.
രാഷ്ട്രീയ സംഭവ വികാസങ്ങൾ അറിയുന്നതിന് പഴയ പത്രതാളുകൾ പരിശോധിക്കണം. രാഷ്ട്രീയ അണിയറ രഹസ്യങ്ങൾ കണ്ടെത്തണമെങ്കിൽ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങൾ, മാധ്യമ പ്രമുഖർ, സമുദായ നേതാക്കൾ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടി വരും. രണ്ടു വർഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. ഖാദി വിൽപനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണ്.
കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാൾ മാർക്സ് തന്‍റെ സിദ്ധാന്തങ്ങൾ ആവിഷ്ക്കരിച്ചത്. തടവിൽ കിടന്നാണ് ജവഹർലാൽ നെഹ്റു ഇന്ത്യയെ കണ്ടെത്തൽ എന്ന മഹത് ഗ്രന്ഥം രചിച്ചത്. ഇതെല്ലാം എനിക്ക് ആത്മവിശ്വാസത്തിനുള്ള പ്രചോദനമാണ്. ഇപ്പോഴും വിപണന മൂല്യമുള്ള രാഷ്ട്രീയ, ചരിത്ര, മാധ്യമ വിദ്യാർഥികളുടെ റഫറൻസ് സഹായിയായ കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്‍റെ പുതിയ പതിപ്പ് ഡി.സി ബുക്സ് ഈ മാസം തന്നെ പുറത്തിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.