തിരുവനന്തപുരം: 20 വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസിലേക്ക് മടങ്ങുന്നുവെന്ന് ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ കോൺഗ്രസിലേക്ക് തന്നെ സ്വാഗതം ചെയ്തിരുന്നു. കോൺഗ്രസിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി എ.കെ. ആന്‍റണിയെ കണ്ട് അനുഗ്രഹം തേടിയെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
പാർലെമന്ററി, സംഘടന രംഗത്ത് സ്ഥിരം മുഖങ്ങൾ വരുന്നതിനെ താൻ അന്ന് എതിർത്തിരുന്നു. ഈ രീതി മാറണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, താൻ അന്ന് പറഞ്ഞത് ഇപ്പോൾ കോൺഗ്രസിനകത്ത് നടപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എമ്മിനോട് രാജ്യസഭ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. സുരക്ഷിതമായ ഒരു മണ്ഡലം വേണമെന്നാണ് പറഞ്ഞത്. പാർട്ടി തന്നെയാണ് രാജ്യസഭ സീറ്റെന്ന നിർദേശം മുന്നോട്ട് വെച്ചതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
കോൺഗ്രസിലേക്കുള്ള മടങ്ങുന്നതിന് മുന്നോടിയായി ചെറിയാൻ ഫിലിപ്പ് മുതിർന്ന നേതാവും പ്രവർത്തക സമിതിയംഗവുമായ എ.കെ. ആന്‍റണിയുമായി രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങി വരുന്നതിൽ സന്തോഷമുണ്ടെന്ന് ജഗതിയിലെ വസതിയിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം എ.കെ. ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.
ചെറിയാൻ ഫിലിപ്പിന് നിരവധി കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി അടുപ്പമുണ്ടായിരുന്നു. എ.കെ.ജി സെന്‍ററിന്‍റെ അകത്തളങ്ങളിൽ പ്രവേശനമുണ്ടായിരുന്നു. എന്നാൽ, ഒരിക്കലും അദ്ദേഹം സി.പി.എമ്മിൽ അംഗത്വമെടുത്തില്ല. കഴിഞ്ഞ 20 വർഷമായി സി.പി.എമ്മിൽ അംഗമാകാൻ അദ്ദേഹം അലോചിട്ടുമില്ലെന്നും ആന്‍റണി പറഞ്ഞു.
ജീവിതത്തിൽ ഒറ്റ കൊടിയെ ചെറിയാൻ പിടിച്ചിട്ടുള്ളൂ. കോൺഗ്രസ് അംഗത്വം മാത്രമാണ് ചെറിയാൻ എടുത്തിട്ടുള്ളത്. 20 വർഷക്കാലം കോൺഗ്രസിൽ നിന്നു വിട്ടുനിന്ന അദ്ദേഹം മറ്റൊരു പാർട്ടിയുടെ അംഗത്വം എടുക്കാത്ത കാര്യം താൻ നിരീക്ഷിച്ചിരുന്നുവെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്‍റെ വരവ് അണികൾക്ക് ആവേശമുണ്ടാക്കും. കോൺഗ്രസ് പാർട്ടിയിൽ വന്ന ഉടനെ ആർക്കും പദവികൾ കിട്ടിയിട്ടില്ലെന്നും ആന്‍റണി ചൂണ്ടിക്കാട്ടി
കോൺഗ്രസ് ബന്ധം ചെറിയാൻ അവസാനിപ്പിച്ചപ്പോൾ തനിക്കത് വലിയ ആഘാതമായിരുന്നു. പിന്നീട് ആ പരിഭവം പറഞ്ഞു തീർത്തു. പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതിന് ചെറിയാന് അദ്ദേഹത്തിന്‍റേതായ ന്യായങ്ങൾ ഉണ്ടാവും.ചെറിയാനും താനും തമ്മിലുള്ള വ്യക്തി ബന്ധത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. അദ്ദേഹം തന്നെ വീട്ടിൽ വന്നു കാണാറുണ്ടായിരുന്നു. തനിക്ക് ചെറിയാൻ സഹോദരനെ പോലെയെന്നും എ.കെ. ആന്‍റണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.