തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്റ്റേറ്റ് വ്യാജ പ്രമാണങ്ങളിലൂടെ സ്വകാര്യവ്യക്തി കൈവശപ്പെടുത്തിയതായി വിജിലൻസ് അന്വേഷണ റിപ്പോർട്ട് . എസ്റ്റേറ്റിെൻറ കൈവശക്കാരുടെ 15 ആധാരങ്ങളും വ്യാജമാണെന്നും കണ്ടെത്തി. ഇല്ലാത്ത വില്ലേജിെൻറ പേരിലാണ് രജിസ്ട്രേഷൻ നടന്നിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് ശിപാർശയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ രജിസ്ട്രേഷൻ സെക്രട്ടറിക്ക് ആഭ്യന്തരവകുപ്പ് കത്ത് നൽകി.
നെല്ലിയാമ്പതിയിലെ 70 ഏക്കർ ചെറുനെല്ലി എസ്റ്റേറ്റ് എബ്രഹാം കുരുവിള എന്ന വ്യക്തി വ്യാജപ്രമാണങ്ങള്‍ ചമച്ച് കൈവശപ്പെടുത്തിയെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. വനംവകുപ്പിെൻറയും പൊലീസിെൻറയും അന്വേഷണം റിപ്പോർട്ടുകള്‍ ഉള്‍പ്പെടുത്തിയാണ് വിജിലൻസ് ഈ നിഗമനത്തിലെത്തിയത്. മലനാട് എൻറർപ്രൈസസ് എന്ന സ്ഥാപനത്തിൽനിന്ന് എബ്രഹാം ഉള്‍പ്പെടെ 15 പേരുടെ പേരിലാണ് ചെറുനെല്ലി എസ്റ്റേറ്റ് പ്രമാണം ചെയ്തുവാങ്ങിയത്.
പിന്നീട് മറ്റ് 14 പേരും ചേർന്ന് മീനച്ചൽ സബ്- രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്ത മുക്ത്യാർ പ്രകാരം എസ്റ്റേറ്റിെൻറ ഉടമസ്ഥാവകാശം എബ്രഹാമിന് നൽകി. എന്നാൽ ഭൂമിവാങ്ങിയിരിക്കുന്ന 15 വ്യക്തികളുടെ വിലാസങ്ങളും വ്യാജമാണെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. നെന്മാറ സബ് രജിസ്ട്രാർ ഓഫിസിലെ രേഖകളിലുള്ള വിലാസങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
ഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന എറണാകുളം നോർത്ത് കരയിൽ കട്ടിക്കാരൻ കുരുവിള മകൻ എബ്രഹാം എന്നയാള്‍ ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല, എറണാകുളം തൃക്കണ്ണാർവട്ടം വില്ലേജിലാണ് എബ്രഹാം ഉള്‍പ്പെടെ നാലുപേരുടെ വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്.
തൃക്കണ്ണാർവട്ടം എന്ന വില്ലേജ് പോലുമില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. രജിസ്ട്രേഷൻ ആക്ട് പ്രകാരമുള്ള കുറ്റകൃത്യം നടന്നിരിക്കുന്നതിനാൽ രജിസ്ട്രേഷൻ ഡി.ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് വിജിലൻസ് ഡയറക്ടറുടെ ശിപാർശ. ഇതിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് നികുതി വകുപ്പ് അഡീഷനൽ സെക്രട്ടറിക്ക് കത്ത് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.