തിരുവില്വാമല (തൃശൂർ): ചോറിനൊപ്പം കോഴിക്കറി കിട്ടാത്തതിന് വീട്ടുകാരോട് പിണങ്ങി ഭാരതപ്പുഴയിൽ ചാടിയ യുവാവിനെ അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് തിരഞ്ഞത് അഞ്ചു മണിക്കൂർ. ഒടുവിൽ അർധരാത്രി ജീവനോടെ വീട്ടിൽ തിരിച്ചെത്തിയ യുവാവിനെ കണ്ട് കരയണോ ചിരിക്കണോ എന്നറിയാതെ വീട്ടുകാർ.
പാമ്പാടി കമ്പനിപ്പടി സ്വദേശിയായ 22കാരനാണ് ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ടരയോടെ വീട്ടുകാരോട് പിണങ്ങി ബാഗിൽ വസ്ത്രവുമായി വീട്ടിൽനിന്നിറങ്ങിയത്. ഭാരതപ്പുഴയുടെ പാമ്പാടി കമ്പനിപ്പടി കടവിലെത്തി ബാഗ് കരയിൽ വെച്ചശേഷം കൂട്ടുകാർ നോക്കിനിൽക്കേ കുത്തിയൊഴുകുന്ന പുഴയിലേക്ക് ചാടി. കുറച്ചു ദൂരം നീന്തുന്ന യുവാവിനെ കൂട്ടുകാർ കണ്ടിരുന്നു. പിന്നീട് പുഴയിൽ അപ്രത്യക്ഷമായി. ഉടൻ സുഹൃത്തുക്കൾ പൊലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിക്കുകയായിരുന്നു.
നാട്ടുകാരും പൊലീസും അഗ്നിശമന സേനയും ചേർന്ന് പുഴയുടെ ഇരുകരകളിലും തിരച്ചിൽ നടത്തി. രാത്രിയായതോടെ തിരച്ചിൽ മതിയാക്കി. പുഴയിൽ ശക്തമായ ഒഴുക്കുള്ളതിനാൽ ബുധനാഴ്ച സ്കൂബ ടീമിനെ എത്തിച്ച് തിരച്ചിൽ തുടരാനായിരുന്നു തീരുമാനം. അതിനിടെ, അർധരാത്രി ഒന്നോടെ യുവാവ് വീട്ടിൽ എത്തുകയായിരുന്നു. പുഴയിൽ ചാടിയ ശേഷം മുങ്ങിയും പൊങ്ങിയും ഒരു കിലോമീറ്ററിലധികം നീന്തി കയറംപാറ കടവിൽ കരക്കുകയറി പാറയിൽ കിടന്നുറങ്ങിയെന്നും പിന്നീട് രാത്രി വീട്ടിൽ തിരിച്ചെത്തുകയായിരുന്നുവെന്നുമാണ് യുവാവ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.