കേന്ദ്രം സാധാരണക്കാരുടെ രക്തം ഊറ്റിക്കുടിക്കുന്നു- പി ചിദംബരം

കൊച്ചി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി അടിക്കടി വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരുടെ ചോര ഊറ്റി കുടിക്കുകയാണെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം. വിദഗ്ധനായ ഡോക്ടറുടെ ഉപദേശം കേള്‍ക്കാന്‍ തയ്യാറാകാത്ത മോദി സര്‍ക്കാര്‍ ഭീതിജനകമായ അസുഖം ബാധിച്ച രോഗിയെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം പുതിയ സര്‍ക്കാരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് (ആര്‍.ജി.ഐ.ഡി.എസ്) കളമശ്ശേരിയിലെ എസ്.സി.എം.എസ് കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ബിസിനസുമായി ചേര്‍ന്ന് സംഘടിപ്പിച്ച 'രാജ്യത്തിൻെറ സമ്പദ്ഘടനയുടെ അവസ്ഥ' എന്ന സംവാദ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ചിദംബരം.

പെട്രോള്‍ വില ബാരലിന് 70 ഡോളറായാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് കേന്ദ്രത്തിന് മറുപടിയില്ല. ഈ സര്‍ക്കാരിന് വില കൂട്ടുക എന്ന കാര്യം മാത്രമേ അറിയൂ. ബാരലിന് 140 ഡോളറില്‍ നിന്ന് 40 ഡോളറായിട്ടും വില കുറച്ചില്ല.  ലോകം സാമ്പത്തിക വളര്‍ച്ചയിലേക്ക് കുതിക്കുമ്പോള്‍ ഇന്ത്യ പുറകിലേക്ക് പോകുന്നു. മോദി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചുവെന്നും ചിദംബരം ആരോപിച്ചു. 

മോഡി സര്‍ക്കാര്‍ ഭാഗ്യവാന്മാരാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ക്രൂഡ് ഓയില്‍ വില ബാരലിന് 147 ഡോളര്‍ വരെ എത്തിയിരുന്നു. എന്നാല്‍ മോദിയുടെ ഭരണകാലത്ത് ചിലയവസരങ്ങളില്‍ 40 ഡോളറില്‍ താഴെ വരെ ക്രൂഡ് ഓയില്‍ വില എത്തി. എന്നാല്‍ വില കുറക്കാൻ മോദി തയാറായില്ല. പെട്രോള്‍, ഡീസല്‍ വില കുറക്കുമോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയുന്നില്ല. ആഗോള സാമ്പത്തികനില മുന്നോട്ട് കുതിക്കുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി പിന്നാക്കം പോകുന്നു. തൊഴിലവസരങ്ങള്‍ ഉണ്ടാവുന്നില്ല. കര്‍ഷകര്‍ക്ക് താങ്ങുവില പോലും നല്‍കിയില്ല. കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വളര്‍ച്ചയില്ല. പിന്നെ എന്താണ് ഇത്രയും കാലം സര്‍ക്കാര്‍ ചെയ്തത്. ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ 2022ല്‍ പുതിയ ഇന്ത്യ നല്‍കുമെന്നാണ് നരേന്ദ്ര മോദി പറയുന്നത്. പഴയ ഇന്ത്യയില്‍ ഇതിലും സാമ്പത്തിക വളര്‍ച്ച ഉണ്ടായിരുന്നു. ദയവായി ആ പഴയ ഇന്ത്യ തിരികെ തന്നാല്‍ മതിയെന്ന് ചിദംബരം പറഞ്ഞു. 

വെല്ലുവിളികള്‍ നേരിടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. കൃത്യമായ നയങ്ങള്‍ പോലും സര്‍ക്കാരിനില്ല. ബജറ്റില്‍ കണക്കുകളിലൂടെ ജാലവിദ്യ കാണിക്കുകയാണ് അരുണ്‍ ജെയ്റ്റ്ലി ചെയ്തത്. അധികം വൈകാതെ ജാലവിദ്യ എന്ന വാക്ക് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയില്‍ ഇടം നേടുമെന്ന് ചിദംബരം പരിഹസിച്ചു. ജനങ്ങള്‍ക്ക് പ്രലോഭനം നല്‍കുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. കറന്‍സി നിരോധനം തൊഴിലവസരങ്ങളെ സാരമായി ബാധിച്ചു. കുറഞ്ഞത് നാല് ലക്ഷം തൊഴിലവസരങ്ങള്‍ ഇത് മൂലം ഇല്ലാതാക്കപ്പെട്ടു. എഴുപത് ലക്ഷം തൊഴില്‍ സൃഷ്ടിച്ചു എന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടത്. പക്കാവട വറുക്കുന്നതും തൊഴിലവസരമായാണ് കേന്ദ്രസര്‍ക്കാര്‍ കണക്കാക്കുന്നത്. അങ്ങനെ എങ്കില്‍ ഇനി മുതല്‍ എം.ബി.എ പക്കാവട, എന്‍ജിനീയറിങ് പക്കാവട എന്നിങ്ങനെ പക്കാവടകളെ തരം തിരിക്കേണ്ടി വരും. ആഭ്യന്തര വളര്‍ച്ച താഴേക്കാണെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെയാണ് ഇത്രയധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്നത്. ഏത് മേഖലയിലാണ് തൊഴിലവസരം സൃഷ്ടിച്ചതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

ആരോഗ്യമേഖലയില്‍ മുപ്പത് കോടി ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രചാരണം. എന്നാല്‍ ബജറ്റില്‍ ഇന്‍ഷുറന്‍സ് എന്നൊരു വാക്ക് ഉപയോഗിച്ചിട്ടില്ല. ആരോഗ്യ പരിരക്ഷാ പദ്ധതി എന്ന് മാത്രമാണ് ബജറ്റില്‍ ഇതിനെ വിശേഷിപ്പിക്കുനതി. ഇതിനായി ഒരു രൂപ പോലും നീക്കി വച്ചിട്ടില്ല. ഈ പദ്ധതിക്ക് ആവശ്യമായ പണം എവിടെ നിന്ന് കണ്ടെത്തുമെന്ന ചോദ്യത്തിന് ധനമന്ത്രിക്ക് ഉത്തരമില്ല. കഴിഞ്ഞ ബജറ്റിലും ഇത്തരം വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നു. ക്യാബിനറ്റ് ഇതിനു അംഗീകാരം നല്‍കുകയോ പണം അനുവദിക്കുകയോ പദ്ധതി നടപ്പാക്കുകയോ ചെയ്തില്ല. വലിയ കളവുകള്‍ പറഞ്ഞു ജനങ്ങളെ വിശ്വസിപ്പിക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നതെന്നും ചിദംബരം ആരോപിച്ചു. ജലദോഷത്തിനുള്ള ചികിത്സ നല്‍കലാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇന്‍ഷുറന്‍സ് അടിസ്ഥാനമാക്കിയുള്ള ആരോഗ്യ പരിരക്ഷ കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനിക്ക് മാത്രമാണ് നേട്ടം. മോഡികെയര്‍ എന്ന പദ്ധതി നടപ്പാക്കാന്‍ പോകുന്നില്ല. പെട്രോളിയം ഉത്പനങ്ങളുടെ വില, ആരോഗ്യ മേഖല, കാര്‍ഷിക മേഖല, തൊഴിലവസരങ്ങള്‍ എന്നീ മേഖലകളില്‍ ജനങ്ങളെ മോഡി സര്‍ക്കാര്‍ വഞ്ചിക്കുകയാണ്.

നിക്ഷേപം ഉണ്ടാവണമെങ്കില്‍ സര്‍ക്കാരില്‍ വിശ്വാസം ഉണ്ടാകണമെന്ന് ചിദംബരം ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. സര്‍ക്കാരിൻെറ പ്രഖ്യാപനങ്ങളിലും നയങ്ങളിലും വിശ്വാസ്യതയില്ലാത്തതിനാല്‍ നിക്ഷേപകര്‍ എത്തില്ല. നിക്ഷേപാനുകൂല നിലപാടുകള്‍ ബജറ്റില്‍ കാണാനേയില്ല. ജി.എസ്.ടി എന്ന പേരില്‍ നടപ്പാക്കിയത് മറ്റെന്തോ ആണ്. ജി.എസ്.ടി എന്ന പേര് വിളിച്ച് ചരക്ക് സേവന നികുതിയെ അപമാനിക്കരുത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുന്നൂറോളം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ നിന്നൊഴിവാക്കി. കര്‍ണാടക തെരഞ്ഞെടുപ്പിന് മുമ്പ് ബാക്കിയുള്ളവയും ഒഴിവാക്കുമെന്നും ചിദംബരം പരിഹസിച്ചു. ജി.എസ്.ടി നല്ല ആശയമാണെങ്കിലും അത് നടപ്പാക്കിയ രീതി ശരിയായില്ലെന്നും അദ്ദേഹം ചോദ്യങ്ങളോട് പ്രതികരിച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ക്ക് എന്താണ് പരിഹാരമെന്ന ചോദ്യത്തിന് പുതിയ സര്‍ക്കാര്‍ വരണമെന്ന ചിദംബരത്തിൻെറ മറുപടി സദസ്സില്‍ ചിരി പടര്‍ത്തി. കേരളം ഏതായാലും മോദി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യില്ലെന്ന് തനിക്കുറപ്പുണ്ടെന്നും ചിദംബരം പറഞ്ഞു. 

എല്ലാ രാജ്യങ്ങളിലും സാമ്പത്തിക മേഖലയില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകും. അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടേണ്ടിയും വരും. എന്നാല്‍ ജനങ്ങളെ ആശങ്കപ്പെടുത്താതെ അതൊക്കെ നേരിടാന്‍ കഴിയുമ്പോഴാണ് സര്‍ക്കാര്‍ വിജയിക്കുന്നത്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷം ആശങ്കയുടേത് മാത്രമായിരുന്നു. പ്രതീക്ഷയുടെ ഒരു നാമ്പ് പോലും ജനങ്ങളില്‍ ജനിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ഓടിയൊളിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും ചിദംബരം കുറ്റപ്പെടുത്തി. 

കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷമുള്ള ചിദംബരത്തിന്റെ ആദ്യ ബജറ്റ് പ്രഭാഷണമായിരുന്നു കൊച്ചിയിലേത്. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ബി.എസ് ഷിജു സ്വാഗതവും എസ്.സി.എം.എസ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ പ്രൊഫ. പ്രമോദ് പി തേവന്നൂര്‍ നന്ദിയും പറഞ്ഞു. മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ എം. പി ജോസഫ് മോഡറേറ്ററായിരുന്നു. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, റോജി.എം.ജോണ്‍, കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ബെന്നി ബെഹനാന്‍, ഡി.സി.സി പ്രസിഡന്റും ഡെപ്യൂട്ടി മേയറുമായ ടി. ജെ വിനോദ് എന്നിവര്‍ സംബന്ധിച്ചു.
 

Tags:    
News Summary - Chidambaram hits out at Centre over fuel prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.