തിരുവനന്തപുരം: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണം പുരോഗമിക്കവെ മുഖ്യമന്ത്രിയുടെ വിഷയത്തിലെ നിലപാടുമാറ്റം വിവാദമാകുന്നു. പൂരത്തിനിടെ വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കാര്യങ്ങൾ നടന്നിട്ടുണ്ടെന്ന് നേരത്തെ പറഞ്ഞ മുഖ്യമന്ത്രി, കഴിഞ്ഞ ദിവസം പൂരം ആരും കലക്കിയിട്ടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
മുഖ്യമന്ത്രി ഒക്ടോബർ മൂന്നിന് പറഞ്ഞത്: ‘‘പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തമാകുന്ന കാര്യം കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അവിടെ നടന്നിട്ടുണ്ട്. അത് വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തിട്ടുള്ള കാര്യമായാണ് കാണാൻ കഴിയുക’’.
മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്: ‘‘പൂരം കലങ്ങിയോ? അവിടെ ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപം വൈകി എന്നതാണ്. ഇതിന്‍റെ പേരാണോ പൂരം കലക്കൽ?’’.
മുഖ്യമന്ത്രിയുടെ നിലപാടുമാറ്റത്തിൽ പ്രതികരണവുമായി പ്രധാന നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പൂരം കലങ്ങിയതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ ഒരു വാക്കിൽ പിടിക്കേണ്ടതില്ല. പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ല. കലക്കിയതിന് പിന്നിലെ സത്യങ്ങൾ പുറത്തുവരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
വിഷയത്തിൽ തന്‍റെയും സി.പി.ഐയുടെയും നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ത്രിതല അന്വേഷണ ഫലം വരട്ടെ എന്നും അതുവരെ മറ്റു പ്രതികരണങ്ങൾക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി നേരത്തെ പറഞ്ഞതും ഇപ്പോൾ പറഞ്ഞതും തമ്മിൽ വലിയ വ്യത്യാസം ഉണ്ടാകും എന്ന് കരുതുന്നില്ല എന്നും മന്ത്രി പറഞ്ഞു.
പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. പൂരം കലക്കിയതാണെന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.എസ് സുനിൽകുമാർ തന്നെ ആരോപണമുന്നയിച്ചിട്ടുണ്ട്. ഒരു പ്രശ്‌നവുമില്ലെങ്കിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത് എന്തിനാണെന്നും സതീശൻ ചോദിച്ചു.
പൂരം കലക്കല്‍ വിവാദങ്ങളിലേക്ക് ദേവസ്വങ്ങളെ വലിച്ചിഴയ്ക്കരുതെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍. ത്രിതല അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ദേവസ്വം പ്രതിനിധികളുടെ മൊഴിയെടുത്തില്ല. അന്വേഷണവുമായി സഹകരിക്കാമെന്ന് ദേവസ്വം അന്ന് തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ പൂരം കലക്കിയിട്ടുണ്ടെങ്കിൽ കണ്ടുപിടിക്കുക തന്നെ വേണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. പൂരത്തിനെത്തിയവർ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. അത്തരം പ്രവണതകൾ ഇല്ലാതാക്കണമെന്നാണ് അഭ്യർഥനയെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി പറഞ്ഞു.
തൃശൂർ പൂരം കലക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ആ ശ്രമം വിജയിച്ചില്ല. വെടിക്കെട്ട് താമസിപ്പിക്കാൻ മാത്രമേ അവർക്ക് സാധിച്ചുള്ളൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞതിനർഥം -എം.വി ഗോവിന്ദൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.