ചലച്ചിത്രമേളക്ക് ഒരു സഹായവും സർക്കാർ നൽകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് സംസ്ഥാന സർക്കാർ നിലവിൽ ഒരു സഹായവും നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും താൽപര്യമുള്ളവർ പണം കണ്ടെത്തി പരിപാടി നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കാബിനറ്റ് യോഗത്തിലാണ് സാംസ്കാരിക മന്ത്രി എ.കെ. ബാലന് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി മറുപടി നൽകിയത്. ഡെലിഗേറ്റ് ഫീസ്​ വർധിപ്പിച്ചും പരസ്യം കണ്ടെത്തിയും മാത്രം മേള നടത്താൻ കഴിയില്ലെന്നും ഐ.എഫ്.എഫ്.കെക്കായി ചലച്ചിത്ര അക്കാദമിയുടെ പ്ലാൻ ഫണ്ടിൽ നിന്ന്​ ഒരുകോടി അനുവദിക്കണമെന്നും മന്ത്രി ബാലൻ ആവശ്യപ്പെട്ടതിന് പിറകെയാണ് മുഖ്യമന്ത്രി തുറന്നടിച്ചത്. കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോൾ മുൻവർഷത്തെപ്പോലെ ഫണ്ടൊന്നും തരാൻ കഴിയില്ല.

സർക്കാറി‍​​െൻറ സഹായമൊന്നുമില്ലാതെ മേള നടത്താമെന്നാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ കമലും മറ്റുള്ളവരും തന്നെ അറിയിച്ചത്. മൂന്നരക്കോടിയുടെ ബജറ്റാണ് അവർ തനിക്ക് മുന്നിൽ വച്ചത്. രണ്ട് കോടി ഡെലിഗേറ്റ് ഫീസ്​ ഇനത്തിൽ കണ്ടെത്തിക്കൊള്ളാമെന്ന് അറിയിച്ചിട്ടുണ്ട്. ബാക്കി ഒന്നരക്കോടി പരസ്യവരുമാനത്തിലൂടെ കണ്ടെത്താനാണ് നിർദേശിച്ചതെന്നും മുഖ്യമന്ത്രി ബാലനോട് പറഞ്ഞു. തുക പരസ്യവരുമാനത്തിലൂടെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് ബാലൻ അറിയിച്ചെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല.

പുറമെ നിന്ന് ഫണ്ട് കണ്ടെത്താൻ കഴിയുമെങ്കിൽ മേള നടത്തിയാൽ മതിയെന്നും മറ്റ് സഹായങ്ങളൊന്നും ഇപ്പോൾ നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ചർച്ചയിൽ നിന്ന് ബാലൻ പിൻവാങ്ങുകയായിരുന്നു. തുടർന്ന് നടന്ന പത്രസമ്മേളനത്തിലും ഈ നിലപാട് തന്നെയാണ് മുഖ്യമന്ത്രി ആവർത്തിച്ചത്. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച സംഘാടകസമിതിയോഗം വിളിച്ചുചേർക്കുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.

Tags:    
News Summary - Chief minister on flim festival-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.