തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ മതത്തെ കൂട്ടുപിടിക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി പച്ചയായ വർഗീയ രാഷ്ട്രീയമാണ് പറയുന്നത്. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്തുകയാണ്. അധികാര സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഒരു കൂട്ടർക്ക് മതവികാരമുണ്ടായി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. മതവികാരം എപ്പോഴും ഒരു കൂട്ടർക്ക് മാത്രം ഉണ്ടാകുന്നതാണോ. ശബരിമലയിൽ ഭക്തരുടെ വികാരത്തിന് മുറിവേറ്റപ്പോൾ മുഖ്യമന്ത്രി ഇക്കാര്യം പറയുന്നത് കണ്ടില്ല. കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂരിൽ കൈകൂപ്പിയതിന് വിശദീകരണം ചോദിച്ച പാർട്ടിയാണ്. ബ്രാഞ്ച് സെക്രട്ടറി മൂകാംബികയിൽ പോയതിന് നടപടിയെടുത്ത പാർട്ടിയാണ്. ശബരിമലയിൽ ഡി.വൈ.എഫ്.ഐക്കാർ പോയതിന് നടപടിയെടുത്ത പാർട്ടിയാണ്. സി.പി.എം എന്തുകൊണ്ടാണ് ഒരു കൂട്ടരുടെ വികാരം മാത്രം പരിഗണിക്കുന്നത്.
സി.പി.എമ്മിലെ മറ്റ് സമുദായക്കാർക്ക് മതവികാരമില്ലേ. ഖുർആനെ രാഷ്ട്രീയ ആയുധമാക്കി മുഖ്യമന്ത്രി സംസ്ഥാനത്ത് വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണ്. ഭരണഘടനാ വിരുദ്ധമാണിത്. ജലീലും സ്വപ്നയും അടങ്ങുന്ന സംഘമാണ് വിശുദ്ധ ഖുർആനെ അപമാനിച്ചത്. ഖുർആനെ മുൻനിർത്തിയപ്പോൾ യു.ഡി.എഫ് സമരത്തിൽ നിന്ന് പിന്മാറുന്ന അവസ്ഥയാണുള്ളത്.
തെരഞ്ഞെടുപ്പുകൾ മുൻനിർത്തിയാണ് മുസ്ലിം സമുദായത്തെ മുഖ്യമന്ത്രി പ്രീണിപ്പിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പോത്തിന്‍റെ പേരിലായിരുന്നു മുതലെടുപ്പ്. ഇപ്പോൾ ഖുർആനാണ്. സി.പി.എമ്മിലെ ഹിന്ദുക്കളായിട്ടുള്ള അണികൾ ആത്മപരിശോധന നടത്തണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ലൈഫ് മിഷനിൽ മുഖ്യമന്ത്രി ഒളിച്ചു കളിക്കുകയാണ്. ലൈഫ് മിഷനിൽ കരാറുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വിവരാവകാശ രേഖകൾ പുറത്തുവിടാൻ തയ്യാറാകണം. സംസ്ഥാന സർക്കാറിന്‍റെ ഉദ്ഘാടന പരിപാടികൾ ബി.ജെ.പി ബഹിഷ്കരിക്കുമെന്നും കെ. സുരേന്ദ്രൻ അറിയിച്ചു.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.