ഡോ. വന്ദന വധം: എന്തടിസ്ഥാനത്തിലാണ് സർക്കാർ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുക? -മുഖ്യമന്ത്രി

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ​ജോലിക്കിടെ ഡോ. വന്ദന ദാസ് ​കൊല്ലപ്പെട്ട സംഭവത്തിൽ ഒരു പ്രത്യേക സ്ക്വാഡിന്റെയും അന്വേഷണം ഇനി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മോൻസ് ജോസഫ് എം.എൽ.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

‘ക്രൈംബ്രാഞ്ച് എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചതാണ്. ഇതിനിടെ, കേസന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഡോ. വന്ദന ദാസിന്‍റെ മാതാപിതാക്കൾ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇതിനോടകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിനാലും മറ്റ് പ്രത്യേക കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാലും ഹൈകോടതി പ്രസ്തുത ഹരജി നിരസിച്ചു. ഹൈകോടതി നിലപാടിനൊപ്പമല്ലാതെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് മോൻസ് ജോസഫ് പറയുന്നത്. എന്തടിസ്ഥാനത്തിലാണ് ഉത്തരവിടുക?’ -മുഖ്യമന്ത്രി ചോദിച്ചു.

‘ഈ കേസിൽ എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിച്ചതാണ്. കുറ്റപത്രം സമർപ്പിച്ചതാണ്. പ്രത്യേകിച്ച് പരാതികൾ ഇല്ലാത്തതാണ്. ഒരു പ്രത്യേക സ്ക്വാഡിന്റെയും അന്വേഷണം ഇനി ഈ കാര്യത്തിൽ ആവശ്യമില്ല’ -പിണറായി വ്യക്തമാക്കി.

കഴിഞ്ഞ മേയ് 10ന് പുലർച്ചെ 4.50നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദനദാസിനു കുത്തേറ്റ് മരിച്ചത്. പ്രതിയും അധ്യാപകനുമായ കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപ് (43) തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. അതിനിടെ, ഏക മകളുടെ കൊലപാതകത്തിന് പിന്നിലുള്ള കാരണം അറിയാന്‍ പുറത്തുനിന്നുള്ള ഏജന്‍സി വേണമെന്ന് ആവശ്യപ്പെട്ട് താൻ നൽകിയ ഹരജിയെ സര്‍ക്കാര്‍ എന്തിനാണ് കോടതിയിൽ എതിത്തതെന്ന് ചോദിച്ച് വന്ദനയുടെ അച്ഛൻ മോഹൻദാസ് രംഗത്തുവന്നിരുന്നു.

കൃത്യമായ അന്വേഷണം വേണമെങ്കില്‍ പുറത്തു നിന്നുള്ള ഏജന്‍സി വേണമെന്നും തങ്ങളാരും സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എ.ഡി.ജി.പി പോലെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരായി എതിര്‍ക്കുകയാണ്. ജൂണ്‍ 30നാണ് ആദ്യമായി താന്‍ കേസ് പോസ്റ്റ് ചെയ്യുന്നത്. ഓഗസ്റ്റ് ആദ്യമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഏഴ് മാസം കൊണ്ട് 20 പ്രാവശ്യമാണ് കേസ് മാറ്റിവച്ചത്. കോടതി ബെഞ്ചുകള്‍ മാറി. ഹൈക്കോടതി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കും’ -അദ്ദേഹം പറഞ്ഞു. എന്നാൽ, കേസ് അപൂർവങ്ങളിൽ അപൂർവമായ ഒന്നല്ലെന്നും കൊലപാതകത്തിൽ ഗൂഢാലോചന ഉണ്ടെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കിയാണ് ഹൈകോടതി ഹരജി തള്ളിയത്. നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി രേഖപ്പെടുത്തിയ കോടതി, സംഭവത്തിൽ സന്ദീപ് മാത്രമാണ് ഏകപ്രതിയെന്നും കേസിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തിയിരുന്നു.

മോന്‍സ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി:

ബഹുമാന്യനായ അംഗം ഉന്നയിച്ച കാര്യങ്ങൾ കേരളത്തിന്റെ പൊതു സമൂഹത്തിന് നല്ലതുപോലെ ധാരണയുള്ള കാര്യമാണല്ലോ.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആതുരസേവനത്തിനിടെ ഡോ. വന്ദന ദാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി 90 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പോലീസ് ചെയ്യേണ്ട നടപടികൾ ഒരു കാലതാമസവും ഇല്ലാതെ ചെയ്തു എന്നാണ് ഇത് കാണിക്കുന്നത്.

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഡോ. വന്ദന ദാസിനെ ഉടന്‍തന്നെ പോലീസ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുണ്ടായി. ഡോ. വന്ദന ദാസ് പഠിച്ചിരുന്ന മെഡിക്കല്‍ കോളേജ് മേധാവിയടക്കമുള്ള ഡോക്ടര്‍മാരുടെയും സഹപാഠികളുടെയും അഭിപ്രായപ്രകാരമാണ് കാര്‍ഡിയോ തൊറാസിക് സര്‍ജന്‍റെ സേവനമുള്‍പ്പെടെ വിദഗ്ധചികിത്സ ലഭ്യമാക്കുന്നതിന് ഡോ. വന്ദന ദാസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എത്രയും വേഗം ചികിത്സ നല്‍കാനുള്ള ഇടപെടലാണ് പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 1202/2023 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവസ്ഥലത്തുവെച്ച് പിടിയിലായ പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.

തുടര്‍ന്ന് കേസില്‍ സമഗ്രമായ അന്വേഷണം ഉറപ്പാക്കുന്നതിന് കേസന്വേഷണം കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. വ്യക്തമായ തെളിവുകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച് കാര്യക്ഷമമായും സമയബന്ധിതമായും അന്വേഷണം പൂര്‍ത്തിയാക്കിയാണ് കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനനടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി 21.09.2023ന് സര്‍ക്കാര്‍ സമഗ്രമായ മെഡിക്കോ ലീഗോ പ്രോട്ടോകോള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Tags:    
News Summary - Dr. Vandana das murder case: On what basis will the government order a CBI probe? - Chief Minister Pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.