തിരുവനന്തപുരം: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഉലക നായകൻ കമൽ ഹാസന് ആംശസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുല്യനടനും പ്രിയ സുഹൃത്തുമായ കമൽ ഹാസനു ജന്മദിനാശംസകൾ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മതനിരപേക്ഷ, പുരോഗമനാശയങ്ങൾ മുറുകെപ്പിടിക്കുന്ന പൊതുപ്രവർത്തകൻ കൂടിയാണദ്ദേഹമെന്നും, കലാമേഖലയിലെ സംഭാവനകൾക്കൊപ്പം ഈ സാമൂഹിക പ്രതിബദ്ധത അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ ഇടം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതുല്യനടനും പ്രിയ സുഹൃത്തുമായ കമൽ ഹാസനു ജന്മദിനാശംസകൾ. നടനെന്നതിനുപരി സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് കമൽ ഹാസൻ. മതനിരപേക്ഷ, പുരോഗമനാശയങ്ങൾ മുറുകെപ്പിടിക്കുന്ന പൊതുപ്രവർത്തകൻ കൂടിയാണദ്ദേഹം. കലാമേഖലയിലെ സംഭാവനകൾക്കൊപ്പം ഈ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകി. കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയിൽ അഭിമാനം കൊള്ളുന്നു. പ്രിയ കമൽ ഹാസന് എല്ലാവിധ ഭാവുകങ്ങളും ആയുരാരോഗ്യ സൗഖ്യവും ഹൃദയപൂർവ്വം നേരുന്നു.
ഉലക നായകൻ കമല ഹാസൻ ഇന്ന് 69-ാം ജന്മദിനം ആഘോഷിക്കെ, ആരാധാകർക്ക് സമ്മാനമായി പുതിയ ചിത്രം പ്രഖ്യാപിച്ചു. പതിറ്റാണ്ടുകൾ നീണ്ട കമൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട്, കമലും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണ് തയാറാകുന്നത്. ‘നായകൻ’ പുറത്തിറങ്ങി 35 വർഷങ്ങൾക്കുശേഷം ഇരുവരുമൊന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ അനൗൺസ്മെന്‍റ് വീഡിയോ ഇന്നലെ പുറത്തുവിട്ടു.
ഇന്നേ വരെ കാണാത്ത ലുക്കിൽ ഉലക നായകൻ അവതരിച്ചതും എ.ആർ. റഹ്മാന്‍റെ ത്രില്ലിങ് സംഗീതത്തിന്‍റെ അകമ്പടിയിലും തയാറാക്കിയിരിക്കുന്ന മൂന്ന് മിനിറ്റ് വീഡിയോ പ്രേക്ഷകർക്ക് വിരുന്നായി മാറിയിരിക്കുകയാണ്. ലക്ഷക്കണക്കിന് പേർ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. രംഗരായ ശക്തിവേൽ നായ്ക്കർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ കമൽ എത്തുന്നത്. ‘നായകനി’ലെ കഥാപാത്രത്തിന്‍റെ പേര് വേലു നായ്ക്കർ എന്നായിരുന്നു. ചിത്രത്തിൽ ദുൽഖർ സൽമാനും വേഷമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.