തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സംസ്ഥാന താൽപര്യങ്ങൾ ബലികഴിക്കപ്പെട്ടെന്ന് തെളിഞ്ഞ് നാല് ദിവസമായിട്ടും ഒരക്ഷരം ഉരിയാടാതെ മുഖ്യമന്ത്രി പിണറായി വിജയൻ.അതേസമയം ബേബി ഡാം ബലപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥനെ ബലികഴിച്ച് മുഖം രക്ഷിക്കാനുള്ള സർക്കാർ ശ്രമവും ദുർബലമായി.
അന്തർ സംസ്ഥാന നദീജല വിഷയങ്ങളുടെ ചുമതല മുഖ്യമന്ത്രിക്ക് കീഴിലാണ്. അദ്ദേഹത്തിന് കീഴിലാണ് മുല്ലപ്പെരിയാർ സെല്ലും. അന്തർ സംസ്ഥാന നദീജലം സംബന്ധിച്ച എല്ലാ ഫയലുകളും മുഖ്യമന്ത്രിക്കുകൂടി പകർപ്പ് വെച്ചാണ് ജലവിഭവവകുപ്പിൽ അയക്കുന്നതും. അതിനാൽ ബേബി ഡാം ശക്തിപ്പെടുത്താൻ കേരള- തമിഴ്നാട് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയതും അവിടെയുള്ള 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതും മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന വനംമന്ത്രിയുടെ വാദം അവിശ്വസനീയമാണ്. വിവാദത്തിലെ അവ്യക്തത അവസാനിപ്പിക്കാൻ ബാധ്യതയുള്ള മുഖ്യമന്ത്രിയാകട്ടെ നിയമസഭയിൽപോലും സംസാരിക്കാൻ തയാറായിട്ടില്ല. ഇത് കൂടുതൽ അഭ്യൂഹങ്ങൾക്ക് ഇടനൽകുകയാണെന്ന അഭിപ്രായം എൽ.ഡി.എഫിൽ തന്നെയുണ്ട്. മരം മുറിക്കാൻ അനുമതി നൽകിയ മുഖ്യ വന്യജീവി വാർഡൻ ബെന്നിച്ചൻ തോമസിെൻറ ഉത്തരവ് റദ്ദാക്കുന്നതിലും സർക്കാർ ഉഴലുകയാണ്.
ഉത്തരവ് മരവിപ്പിച്ച സർക്കാർ അത് നിയമോപദേശത്തിനായി അഡ്വക്കേറ്റ് ജനറലിന് നൽകി. ഉത്തരവ് റദ്ദാക്കൽ എളുപ്പമല്ലെന്ന അഭിപ്രായവും സർക്കാറിന് ലഭിച്ചു. 1980 ലെ കേന്ദ്ര വന്യജീവ നിയമപ്രകാരവും ദേശീയ വന്യജീവി ബോർഡിെൻറയും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിെൻറയും മുൻകൂർ അനുമതിയില്ലാത്തതിനാൽ ഉത്തരവ് നിലനിൽക്കില്ലെന്നാണ് സർക്കാർ വാദം. എന്നാൽ, ബേബി ഡാമും എർത്ത് ഡാമും ശക്തിപ്പെടുത്താൻ നടപടിയെടുക്കണമെന്ന് കേന്ദ്ര ജലവിഭവ മന്ത്രാലയം നിർദേശിച്ചതോടെ കേന്ദ്രം തമിഴ്നാടിന് അനുകൂലമാെണന്ന് വ്യക്തമായി. സംയുക്ത പരിശോധനക്കുശേഷം ഇറക്കിയ ഉത്തരവ് പിൻവലിക്കൽ എളുപ്പവുമല്ല.
നവംബർ 11ന് സുപ്രീംകോടതി പരിഗണിക്കുന്നത് മുല്ലപ്പെരിയാറിൽ മഴക്കാലത്ത് നിലനിർത്തേണ്ട ജലനിരപ്പ് (റൂൾ കർവ്) മാത്രമാണ്. അവിടെ നടന്ന വാദത്തിനിടയിൽ മുല്ലപ്പെരിയാറിെൻറ ബലക്ഷയത്തെക്കുറിച്ച് കളവ് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന പിണറായി വിജയെൻറ പ്രസ്താവന തമിഴ്നാട് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.