നഗരങ്ങളുടെ വികസനത്തിന് അര്‍ബന്‍ കമീഷന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്തെ നഗരങ്ങളുടെ പ്രത്യേക വികസനത്തിന് അന്താരാഷ്ട്ര വിദഗ്ധര്‍ അടങ്ങുന്ന അര്‍ബന്‍ കമീഷന്‍ രൂപീകരണ ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിനോടനുബന്ധിച്ച് കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച പ്രഭാത സദസില്‍ കൊച്ചിയുടെ നഗരവികസനം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയുടെ നഗരവികസന മാസ്റ്റര്‍പ്ലാന്‍ നല്ല നിലയില്‍ പുരോഗമിക്കുകയാണ്. വെള്ളക്കെട്ട് പ്രശ്നം മികച്ച രീതിയില്‍ പരിഹരിക്കാനായത് നേട്ടം തന്നെയാണ്. നഗരത്തിലെ മുഴുവന്‍ റോഡുകളും രണ്ട് മണിക്കൂര്‍ കൊണ്ട് ശുചീകരിക്കാന്‍ കഴിയുന്ന രണ്ട് അത്യാധുനിക സ്വീപ്പിങ് യന്ത്രങ്ങളും എറണാകുളത്തിന് സ്വന്തമായി. കൊച്ചിയുടെ സമഗ്ര വികസനത്തിന് സര്‍ക്കാരും കോര്‍പ്പറേഷനും ഒത്തൊരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ് സര്‍ക്കാര്‍ നേരത്തേ തുടര്‍ന്നുവന്ന സമീപനങ്ങളുടെ തുടര്‍ച്ചയാണെന്ന് പ്രഭാതസദസിന് ആമുഖമായി മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയോട് പരമ്പരാഗതമായി പലരും സ്വീകരിച്ചിരുന്ന സമീപനം തിരുത്തിയ സര്‍ക്കാരാണിത്. 2017 ല്‍ സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2016 ല്‍ പ്രകടനപത്രികയില്‍ പറഞ്ഞ വാഗ്ദാനമായിരുന്നു അത്. സര്‍ക്കാര്‍ ഭരണത്തിലേറി ഒരു വര്‍ഷം കൊണ്ട് എത്രത്തോളം കാര്യങ്ങള്‍ നടപ്പാക്കി എന്നാണ് ആ പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ ജനസമക്ഷം അവതരിപ്പിച്ചത്.

പിന്നീട് അഞ്ച് വര്‍ഷവും അത് തുടര്‍ന്നു. 2021 ആയപ്പോഴേക്കും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത 600 കാര്യങ്ങളില്‍ വിരലിലെണ്ണാവുന്നത് ഒഴികെയുള്ളതെല്ലാം നടപ്പാക്കിയിരുന്നു. രാജ്യത്ത് ഒരു സംസ്ഥാനത്തും ചെയ്യാത്ത കാര്യമായിരുന്നു അത്. ഭരണ നിര്‍വഹണത്തിന്റെ സ്വാദ് അറിയേണ്ടത് ജനങ്ങളാണ്. അതിന് ഫയലുകളില്‍ വേഗം തീരുമാനമെടുക്കണം. തീരുമാനങ്ങളെടുക്കുന്നതിലെ കാലതാമസം മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഫയല്‍ അദാലത്ത് തുടങ്ങിയത്. ഇത് വലിയ ഫലം ചെയ്തു.

ത്സ2021 ല്‍ തുടര്‍ഭരണം നല്‍കാന്‍ ജനങ്ങള്‍ തീരുമാനിച്ച ശേഷം ഓരോ താലൂക്കിലും മന്ത്രിമാരുടെ സംഘമിരുന്ന് ഫയലുകളില്‍ തീര്‍പ്പുണ്ടാക്കി. ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായി. പെട്ടെന്ന് പരിഹരിക്കാനാവാത്ത പ്രശ്നങ്ങള്‍ക്ക് പിന്നീട് ജില്ലാതലത്തിലും മേഖലാതലത്തിലുമായി പരിഹാരമുണ്ടാക്കി. മന്ത്രിസഭയും ഉന്നത ഉദ്യോഗസ്ഥരും വിവിധ മേഖലയോഗങ്ങളിലെത്തി പ്രത്യേക പദ്ധതികളും നിര്‍വഹണം വിലയിരുത്തുകയും ജില്ലകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുകയും ചെയ്തു. ഇതെല്ലാം ഭരണനിര്‍വഹണത്തില്‍ വലിയ മാറ്റമുണ്ടാക്കി. ശേഷമാണ് നവകേരള സദസിലേക്കെത്തിയത്. ഇതെല്ലാം തുടര്‍പ്രക്രിയയാണ്.

കേരളം ഇന്ന് എത്തിനില്‍ക്കുന്നിടത്തു നിന്ന് കൂടുതല്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകണം. സര്‍ക്കാര്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും സഹായിക്കേണ്ട കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ തടസങ്ങളുണ്ടാകുന്നുണ്ട്. ഇത് ജനങ്ങളോട് പറയുകയും നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജനങ്ങളുമായി ചര്‍ച്ച ചെയ്യുകയുമാണ് നവകേരള സദസ്സില്‍ ചെയ്യുന്നത്. ഇതുവരെ നടന്ന പ്രഭാതസദസുകളില്‍ കേരളത്തിന്റെ മുന്നോട്ട് പോക്കിന് സഹായകരമായ ഒട്ടേറെ മികച്ച നിര്‍ദേശങ്ങള്‍ വന്നുവെന്നും മുഖ്യമന്ത്രി ആമുഖഭാഷണത്തില്‍ പറഞ്ഞു.

കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് നടപ്പിലാക്കുന്ന പുനര്‍ഗേഹം പദ്ധതി മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുദിനം വികസിക്കുന്ന കൊച്ചിയുടെ സാംസ്‌കാരിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സാംസ്‌കാരിക കേന്ദ്രം നിര്‍മിക്കണമെന്നായിരുന്നു കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആവശ്യം. കേരളം ഭാഷയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട സംസ്ഥാനമാണെന്നും ഭാഷ പഠനം സ്‌കൂള്‍തലത്തില്‍ അനിവാര്യമാണെന്നും അതിന് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെമെന്നും അദ്ദേഹം അഭ്യർഥിച്ചു. കൊച്ചിയില്‍ സാംസ്‌കാരികകേന്ദ്രം സ്ഥാപിക്കുന്നത് ആലോചിക്കാമെന്നും ഭാഷ പഠനത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

രാവിലെ ഒമ്പതിന് ആരംഭിച്ച പ്രഭാതസദസ്സില്‍ എറണാകുളം, കൊച്ചി, വൈപ്പിന്‍, കളമശ്ശേരി മണ്ഡലങ്ങളില്‍ നിന്നായി വിവിധ മേഖലകളില്‍ നിന്നുള്ള 250 ലധികം പേര്‍ പങ്കെടുത്തു. 42 മേശകളിലായി മന്ത്രിമാര്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളുമൊത്തിരുന്നു. കലക്ടര്‍ എന്‍.എസ്. കെ ഉമേഷ് സ്വാഗതം പറഞ്ഞു.


Tags:    
News Summary - Chief Minister said that Urban Commission will be formed for the development of cities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.