ഇസ്രായേലിന്‍റെ ക്രൂരതകള്‍ മാധ്യമങ്ങൾ മൂടിവെക്കുന്നുവെന്ന്​ മുഖ്യമന്ത്രി

കാക്കനാട് (കൊച്ചി): മലയാളഭാഷയുടെ വളര്‍ച്ചക്ക്​ മാധ്യമങ്ങള്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാക്കനാട് മീഡിയ അക്കാദമിയിൽ ആരംഭിച്ച മൂന്നുദിവസത്തെ അന്താരാഷ്ട്ര മാധ്യമോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇന്ത്യയിലും മാധ്യമസ്വാതന്ത്ര്യം കനത്ത വെല്ലുവിളി നേരിടുന്ന ഘട്ടമാണിത്. മാസങ്ങള്‍ക്കുള്ളില്‍ നൂറിലധികം മാധ്യമപ്രവര്‍ത്തകരാണ്​ ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഒരു പ്രദേശത്തെ ഇത്രയധികം മാധ്യമപ്രവര്‍ത്തകര്‍ ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ കൊല്ലപ്പെടുന്നത് ലോകത്ത് ആദ്യമാണ്. അവിടെ മുപ്പതിനായിരത്തോളം പേരുടെ ജീവനാണ് ഇതിനകം കവര്‍ന്നത്. ഇതൊക്കെയായിട്ടും ഇസ്രായേലിന്‍റെ ക്രൂരതകള്‍ മൂടിവെക്കുന്നതിനുള്ള മാധ്യമനയം ആഗോളതലത്തില്‍ മേധാവിത്വം നേടിയിരിക്കുന്നു. അതിന്‍റെ സ്വാധീനം ഇന്ത്യന്‍ മാധ്യമങ്ങളിലുമുണ്ട്. ഈ പശ്ചാത്തലത്തില്‍ മീഡിയ അക്കാദമിയുടെ മുഖമാസികയായ ‘മീഡിയ’, അല്‍ ജസീറ ചാനലിന്‍റെ ഗസ്സ ബ്യൂറോ ചീഫ് വാഇൽ അല്‍ ദഹ്ദൂഹിനെ മീഡിയ പേഴ്‌സൻ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തത് അര്‍ഥപൂര്‍ണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മീഡിയ അക്കാദമി വേൾഡ് പ്രസ് ഫോട്ടോഗ്രഫി അവാർഡ് ജേതാവ് സന ഇർഷാദ് മട്ടു, ഇന്ത്യൻ മീഡിയ പേഴ്സൻ ഇയർ ഓഫ് ദ അവാർഡ് ജേതാവ് ആർ. രാജഗോപാൽ എന്നിവർക്ക് മുഖ്യമന്ത്രി പുരസ്കാരം നൽകി. മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ് ജൂറി റിപ്പോർട്ട് അവതരിപ്പിച്ചു. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. സർക്കാറിന്‍റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ്, മുതിർന്ന മാധ്യമപ്രവർത്തകനും മുൻ എം.പിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ, ജനറൽ കൗൺസിൽ അംഗം സ്മിത ഹരിദാസ്, പത്ര പ്രവർത്തക യൂനിയൻ ജനറൽ സെക്രട്ടറി ആർ.കിരൺ ബാബു തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Chief Minister says that the media is covering up the atrocities of Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.