മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം തുടരും -പി.വി. അൻവർ

മുഖ്യമന്ത്രി സൂചിപ്പിച്ച പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം തുടരുമെന്ന് പി.വി. അൻവർ എം.എൽ.എ. താൻ ഉന്നയിച്ച കാര്യങ്ങളിൽമുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. തെറ്റിദ്ധാരണകൾ മാറുമ്പോൾ അദ്ദേഹത്തിന്റെ നിലപാടിലും മാറ്റം വരും. അദ്ദേഹം തന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് അഭ്യർഥിക്കുന്നതെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് പറഞ്ഞ കാര്യങ്ങളൊക്കെ പൊലീസ് കൊടുത്ത റിപ്പോർട്ട് പരിശോധിച്ചാണ്.

നാലോ അഞ്ചോ ശതമാനം ഉദ്യോഗസ്ഥർ മാത്രമാണ് പൊലീസിലെ ​ക്രിമിനലുകളായുള്ളത്. സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരുപാട് ഉദ്യോഗസ്ഥരുണ്ട്. സത്യം മുഴുവൻ മറച്ചുവെച്ച് താൻ പൊലീസിന്റെ മനോധൈര്യം തകർക്കുകയാണെന്ന്​ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. പൊലീസിലെ ക്രിമിനലുകളുടെ മനോവീര്യം തകരേണ്ടത് തന്നെയാണ്. തെറ്റു ചെയ്തിട്ടില്ലെങ്കിൽ എസ്.പി സുജിത് ദാസ് കാലുപിടിച്ചത് എന്തിനാണെന്നും അൻവർ ചോദിച്ചു. മരം മുറിക്കേസിൽ അന്വേഷണം തുടരട്ടെ എന്നായിരുന്നു തന്റെ മറുപടി. അപ്പോഴും സുജിത് ദാസ് കാലുപിടിക്കുന്നത് തുടർന്നു.

ഫോൺ ചോർത്തിയത് തെറ്റു തന്നെയാണെന്നും അൻവർ സമ്മതിച്ചു. എന്നാൽ ഇങ്ങനെയും ചില കാര്യങ്ങൾ നടക്കുന്നുണ്ട് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ ആ ഫോൺ ചോർത്തൽ ആണ് സഹായിച്ചതെന്നും അൻവർ വ്യക്തമാക്കി. താൻ പറയുന്നത് ശരിയാണെന്ന് തെളിയിക്കാനുള്ള ഏക തെളിവാണ് ഈ ഫോൺ ചോർത്തൽ. തെറ്റു ചെയ്തിട്ടില്ലെങ്കിൽ സ്വർണക്കടത്ത് പ്രതികളെ മഹത്വവൽകരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞതും തെറ്റിദ്ധാരണ മൂലമാണ്. ​മുഖ്യമന്ത്രി ഇക്കാര്യങ്ങളെല്ലാം വ്യക്തിപരമായി പഠിക്കേണ്ടത് അത്യാവശ്യമാണെന്നും അൻവർ പറഞ്ഞു.

''തെളിവുണ്ടായിട്ടും എല്ലാം തിരയുകയാണ്. തിരയട്ടെ, നമുക്ക് നോക്കാം. സ്വർണക്കടത്ത് കേസിലെ പ്രതികളെ മഹത്വവൽക്കരിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞതും അദ്ദേഹത്തിന്റെ തെറ്റിധാരണയാണ്. രാജ്യം അനുശാസിക്കുന്ന നിയമം അനുസരിച്ച് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിനു വിവരം ലഭിച്ചാൽ ഉടനടി കസ്റ്റംസിനെ അറിയിക്കണം. സ്വർണക്കടത്ത് പിടിക്കേണ്ടത് കസ്റ്റംസാണ്. എന്നാൽ കസ്റ്റംസിനെ ഒരു കേസും അറിയിച്ചിട്ടില്ല. സി.എം ആ കൊണ്ടോട്ടിയിലെ തട്ടാന്റെ കാര്യം മാത്രം അന്വേഷിച്ചാൽ മതി. ഇത് പച്ചയായി കൊണ്ടോട്ടി അങ്ങാടിയിലെ ടാക്സിക്കാർക്കും ഓട്ടോറിക്ഷക്കാർക്കും കടല വറക്കുന്നവർക്കും അറിയാം. ഞാൻ തെളിവ് കൊടുക്കാൻ പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതുവരെ എ.ഡി.ജി.പിയെ മാറ്റാത്തതു കൊണ്ട് ആരും മുന്നോട്ടുവരുന്നില്ല''–അൻവർ പറഞ്ഞു.

Tags:    
News Summary - Chief Minister was misled - P V Anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.