കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിച്ചതിൽ എറണാകുളം കലക്ടറേറ്റിൽ മാത്രമല്ല, താലൂക്ക് ഓഫിസുകളിലെ ഇ-ഫണ്ട് സോഫ്റ്റ്വെയറിൽ ചെക്കുകൾ അപ്ലോഡ് ചെയ്യുന്നതിലും വീഴ്ച. പലയിടത്തും ഇ-ഫണ്ട് സോഫ്റ്റ്വെയറിൽ ചെക്ക്, ഡി.ഡികളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്തിട്ടില്ലെന്ന് ഇതുസംബന്ധിച്ച പരിശോധന നടത്തിയ സംഘം റിപ്പോർട്ട് ചെയ്തു.
കുന്നത്തുനാട് താലൂക്ക് ഓഫിസിൽ 2018 ഏപ്രിൽ ഒന്നുമുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിൽ ഫണ്ടിലേക്ക് ലഭിച്ച സംഭാവനകൾ പ്രത്യേക രജിസ്റ്ററിൽ എഴുതി സൂക്ഷിച്ചിട്ടില്ല. ഡോ.കെ.എം. ജോർജ് സ്മാരക പബ്ലിക് ലൈബ്രറി നൽകിയ 30,000 രൂപയുടെ ചെക്ക് സി.എം.ഡി.ആർ.എഫിന്റെ അക്കൗണ്ട് നമ്പർ തെറ്റായി രേഖപ്പെടുത്തി ബാങ്കിൽ നൽകി. അതിനാൽ തുക ഫണ്ടിൽ എത്തിയില്ല. സംഭാവന ലഭിച്ച 30,000 രൂപയുടെ ചെക്ക് വരവ് വെക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം. ധനകാര്യ പരിശോധന വിഭാഗത്തിന്റെ അന്വേഷണത്തിന് മറുപടി നൽകുന്നതിൽ വീഴ്ചവരുത്തിയ കുന്നത്തുനാട് തഹസിൽദാറെ താക്കീത് ചെയ്യണമെന്ന് കലക്ടർക്ക് നിർദേശം നൽകണമെന്നാണ് ശിപാർശ.
പറവൂർ താലൂക്കിൽ തുക വ്യത്യസ്ത ഫണ്ട് ഐ.ഡിയിൽ ഒന്നിലധികം തവണ രേഖപ്പെടുത്തിയതായും കണ്ടെത്തി. 19 സ്ഥാപനങ്ങളുടെ ചെക്കുകൾ ഇ-ഫണ്ടിൽ അപ്ലോഡ് ചെയ്തിട്ടില്ല. അതിലൊന്ന് പറവൂർ വടക്കേക്കര സർവിസ് സഹകരണ ബാങ്കിന്റെ 15 ലക്ഷം രൂപയാണ്. കോതമംഗലം താലൂക്കിൽ ലഭിച്ച സംഭാവനകൾ രേഖപ്പെടുത്തുന്നതിന് പ്രത്യേക രജിസ്റ്റർ സൂക്ഷിച്ചിട്ടുണ്ടെങ്കിലും പൂർണമല്ല. കോതമംഗലം താലൂക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിൽ അടച്ച 48 ചെക്ക് ഇ-ഫണ്ടിൽ രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി താലൂക്കിലെ ഇ-ഫണ്ടിൽ അപ്ലോഡ് ചെയ്ത തുകയും രജിസ്റ്ററിലെ തുകയും തമ്മിൽ വ്യത്യാസമുണ്ട്. രവിപുരം ഗാപ് ബ്ലൂ സോഫ്റ്റ്വെയർ ലാബ് നൽകിയ സംഭാവന രജിസ്റ്ററിൽ രണ്ട് ലക്ഷമാണ്. അത് ഇ-ഫണ്ടിൽ 20,000വും. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സംഭാവന രജിസ്റ്ററിൽ 15 ലക്ഷം. ഇ-ഫണ്ടിൽ ഇത് ഒന്നര ലക്ഷമായി കുറഞ്ഞു. ആലുവയിൽ ലഭിച്ച മുഴുവൻ ചെക്കും ഇ-ലോഗിനിൽ രേഖപ്പെടുത്തിയിട്ടില്ല. കീഴ്മാട് സർവിസ് സഹകരണ ബാങ്കിന്റെ ഒരുലക്ഷം രൂപ ഉൾപ്പെടെയുള്ള ഏഴ് ചെക്ക് അപ്ലോഡ് ചെയ്തിട്ടില്ല. അതേസമയം, ബാങ്കിൽനിന്ന് മടങ്ങിയ ചെക്കുകൾ അപ്ലോഡ് ചെയ്തു. മൂവാറ്റുപുഴയിൽ സ്വർണ ഉരുപ്പടികൾ പണമാക്കി അക്കൗണ്ടിലേക്ക് അടക്കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല. അതിനാൽ നിയമങ്ങൾ പാലിച്ച് വിൽപന നടത്തി തുക ഫണ്ടിലേക്ക് അടക്കണം.
ഇ-ഫണ്ട്സ് സോഫ്റ്റ്വെയറിൽ അപ്ഡേറ്റ് ചെയ്യാത്ത എല്ലാ ചെക്ക്-ഡി.ഡികളും അടിയന്തരമായി അപ്ഡേറ്റ് ചെയ്യുന്നതിന് കലക്ടർ നിർദേശം നൽകണമെന്ന് പരിശോധനസംഘം നിർദേശിച്ചു. ഇ-ഫണ്ടിൽ അപ്ലോഡ് ചെയ്ത ഒരു ചെക്ക്-ഡി.ഡി വിവരങ്ങൾ വ്യത്യസ്ത ഫണ്ട് ഐ.ഡിയിൽ രേഖപ്പെടുത്തിയതും ബാങ്കിൽനിന്ന് പണമില്ലാത്തതിനാൽ മടങ്ങിയ ചെക്ക് രേഖപ്പെടുത്തിയതും അപ്ലോഡ് ചെയ്ത ചെക്ക് തുകകളിൽ വന്ന വ്യത്യാസവും സംബന്ധിച്ച കൃത്യത ഉറപ്പ് വരുത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ശിപാർശയുണ്ട്. പറവൂർ, മൂവാറ്റുപുഴ, കോതമംഗലം, കൊച്ചി, കണയന്നൂർ, ആലുവ, കുന്നത്തുനാട് താലൂക്ക് ഓഫിസുകളിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.