കോഴിക്കോട്: വിദ്യാർഥികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കും. നവകേരള സദസ്സുകളുടെ തുടര്‍ച്ചയായി സംസ്ഥാനത്തെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി നടത്തുന്ന മുഖാമുഖം പരിപാടികളിലെ ആദ്യ ഇനമാണിത്. രാവിലെ 9.30 മുതൽ ഉച്ച 1.30 വരെയാണ് പരിപാടി. മുഖ്യമന്ത്രിയെ കൂടാതെ ഉന്നതവിദ്യാഭ്യാസ മന്ത്രി, ആരോഗ്യമന്ത്രി, കോഴിക്കോട് ജില്ലയിൽ നിന്നുള്ള രണ്ട് മന്ത്രിമാര്‍, സര്‍വകലാശാല വൈസ് ചാൻസലർമാർ, ഉന്നതവിദ്യാഭ്യാസ മേഖലയില്‍നിന്നുള്ള പ്രഗല്ഭര് തുടങ്ങിയവർ പങ്കെടുക്കും.
സാങ്കേതിക സർവകലാശാല, മെഡിക്കൽ കോളജ്, വെറ്ററിനറി കാർഷിക-ഫിഷറീസ് സർവകലാശാലകൾ, കേരള കലാമണ്ഡലം എന്നിവ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥി പ്രതിനിധികള്‍, പ്രഫഷനൽ കോളജ് ഉൾപ്പെടെ എല്ലാ കോളജുകളിൽനിന്നുമുള്ള വിദ്യാർഥികൾ, പാഠ്യ-പാഠ്യേതര മേഖലകളില്‍ കഴിവ് തെളിയിച്ചവർ, വിദ്യാർഥി യൂനിയന്‍ ഭാരവാഹികള്‍ തുടങ്ങിയവരാണ് മുഖാമുഖത്തിൽ പങ്കെടുക്കുന്നത്.
നവകേരള സൃഷ്ടിക്കായുള്ള വിദ്യാർഥികളുടെ ആശയങ്ങള്‍, ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍, പുതിയ മുന്നേറ്റങ്ങള്‍, വിദ്യാർഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ മുഖാമുഖത്തില്‍ ചര്‍ച്ചയാകും. വിദ്യാർഥികള്‍ക്ക് മുഖ്യമന്ത്രിയോട് സംവദിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.