ചെങ്ങന്നൂര്‍: പുതിയ സ്റ്റോപ്പ് അനുവദിച്ച ചെറിയനാട് റെയില്‍വേ സ്റ്റേഷനില്‍ കൊല്ലം-എറണാകുളം മെമു എക്സ്പ്രസ് ട്രെയിൻ നിര്‍ത്താതെപോയി. സ്വീകരണത്തിന് കാത്തുനിന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയും നാട്ടുകാരും നിരാശരായി. പിന്നീട് ഉച്ചയോടെ തിരിച്ചുള്ള സര്‍വിസില്‍ സ്റ്റേഷനിൽ നിർത്തി സ്വീകരണമൊരുക്കി. മാവേലിക്കരക്കും ചെങ്ങന്നൂരിനും മധ്യേയുള്ള ചെറിയനാട്ട് തിങ്കളാഴ്ച മുതലാണ് സ്റ്റോപ്പ് അനുവദിച്ചത്. രാവിലെ ലോക്കോ പൈലറ്റിനുണ്ടായ പിഴവാകാം നിര്ത്താതെപോകാന് കാരണമെന്നാണ് വിവരം.
അതേസമയം ഇതുവരെ റെയില്‍വേ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാവിലെ 7.10ന് എത്തുമ്പോൾ ലോക്കോ പൈലറ്റിനെ സ്വീകരിക്കാനായി കൊടിക്കുന്നിൽ സുരേഷ് എം.പി ഉൾപ്പെടെ വിവിധ രാഷ്ട്രീയനേതാക്കളും യാത്രക്കാരും നാട്ടുകാരും കാത്തുനിൽക്കുമ്പോഴാണ് എല്ലാവരെയും നിരാശരാക്കി ട്രെയിൻ നിർത്താതെ കടന്നുപോയത്.
ഇതിനു മുമ്പായി എം.പിയെ ബൊക്കെ നൽകി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സ്വീകരിച്ച് കേക്ക് വിതരണം നടത്തിയിരുന്നു. ഇതോടെ കൊടിക്കുന്നിൽ അധികാരികളുമായി ബന്ധപ്പെട്ടപ്പോൾ, ലോക്കോ പൈലറ്റിന് നിർദേശം നൽകിയിരുന്നെന്നാണ് റെയിൽവേ ഡിവിഷൻ അധികൃതർ വിശദീകരണം നൽകിയതെന്നറിയുന്നു. വിവരം ലഭിച്ചില്ലെന്നാണ് ലോക്കോപൈലറ്റും ഗാർഡും നൽകിയ സൂചനയെന്നറിയുന്നു. തുടർന്ന് എം.പിയും നാട്ടുകാരും മടങ്ങിപ്പോയി.
പാലരുവിയിലെയും വേണാടിലെയും തിരക്കുകൾക്ക് പരിഹാരമായാണ് മെമുവിന് ചെറിയനാട് സ്റ്റോപ്പ് അനുവദിച്ചത്. തിരികെ കൊല്ലത്തേക്കുള്ള മടക്കത്തിൽ ഉച്ചക്ക് 12.15ന് ചെറിയനാട്ട് നിർത്തി പാസഞ്ചേഴ്സ് അസോസിയേഷന്റെയും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വീകരണം നല്കി. സ്വീകരണത്തിന് എം.പി ഉണ്ടായിരുന്നില്ല.
രാവിലത്തെ സർവിസിനിടെ ലോക്കോ പൈലറ്റിനുണ്ടായ പിഴവുമൂലം എറണാകുളത്തേക്കുള്ള ട്രിപ്പിൽ ഹാൾട്ട് സ്റ്റേഷനായ ചെറിയനാട് പ്രത്യേക സിഗ്നൽ സംവിധാനം ഇല്ലാത്തതിനാൽ ട്രെയിൻ നിർത്താതെ കടന്നുപോയതെന്ന് ഡിവിഷനൽ മാനേജർ കൊടിക്കുന്നിൽ സുരേഷ് എം.പിയെ ഫോണിൽ വിളിച്ച് ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.