കൊല്ലം: ഓയൂരിലെ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലേക്ക് നയിച്ചത് നഴ്സിങ് മേഖലയിലെ വൻ സാമ്പത്തിക തട്ടിപ്പാണെന്നാണ് പ്രധാനപ്രതിയുടെ മൊഴിയിലൂടെ വ്യക്തമാകുന്നത്. നഴ്സിങ് പ്രവേശനം, വിദേശ റിക്രൂട്ട്മെന്റ്, വിദേശ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ പരീക്ഷകൾ, വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിങ്ങനെ വിവിധ തരത്തിൽ ലക്ഷങ്ങൾ ഈ മേഖലയിൽ ഇടനിലക്കാർ ആളുകളിൽനിന്ന് വാങ്ങിയെടുക്കുന്നതായ ആരോപണം ശരിവെക്കുന്നതാണ് കേസിലെ സംഭവവികാസങ്ങൾ.
വിവിധ സ്ഥാപനങ്ങളിൽ പ്രവേശനം വാങ്ങിനൽകാമെന്ന പേരിൽ അഞ്ചും പത്തും ലക്ഷങ്ങൾ ഉൾപ്പെടെ വാങ്ങിയെടുക്കുന്നുണ്ട്. വിദേശത്തെ പഠനത്തിനും ജോലിക്കും ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ പരീക്ഷക്ക് സഹായമൊരുക്കുന്ന നിലയിലും തട്ടിപ്പുണ്ട്. പ്രധാന ഇംഗ്ലീഷ് ഭാഷ പരീക്ഷയായ ഒ.ഇ.ടിയുടെ ഗൾഫിലെ ചോദ്യപേപ്പറും ഉത്തരസൂചികയും മണിക്കൂറുകൾക്ക് ശേഷം പരീക്ഷ നടക്കുന്ന നാട്ടിലെ പരീക്ഷാർഥികൾക്ക് എത്തിച്ച് പേപ്പർ ഒന്നിന് നാലു ലക്ഷം രൂപ വരെയൊക്കെ തട്ടിക്കുന്ന ഇടപാടുകളും നടക്കുന്നുണ്ടത്രെ.
വിദേശ ജോലിക്ക് നാട്ടിലെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ആവശ്യമായിവരുന്ന, തൊഴിൽ പരിചയം ഇല്ലാത്തവർക്ക് ലക്ഷത്തോളം രൂപ നൽകുന്നതനുസരിച്ച് വ്യാജ സർട്ടിഫിക്കറ്റ് ശരിയാക്കി നൽകുന്നതും പതിവാണ്. ഇത്തരം വ്യാജ സർട്ടിഫിക്കറ്റുകളുടെ ബലത്തിൽ വിദേശത്ത് തൊഴിൽ നേടിയ നിരവധി പേരുണ്ട്.
പതിനായിരങ്ങൾ ചെലവാക്കിയാൽ മറ്റ് സംസ്ഥാനങ്ങളിൽ വിദൂര, റെഗുലർ പോസ്റ്റ് ബി.എസ്സി കോഴ്സ് പ്രവേശനത്തിന് ഇത്തരം സംഘങ്ങൾ പ്രവേശനം വാങ്ങിനൽകും. പ്രവേശനം, പഠന സാമഗ്രികൾ എന്നിവയിലെല്ലാം പണം തട്ടും. ഇങ്ങനെ കോഴ്സിന് ചേരുന്നവർ പരീക്ഷക്ക് മാത്രമായിരിക്കും പലപ്പോഴും സ്ഥാപനങ്ങളിൽ എത്തുന്നത്. പുതിയ ആളുകളെ ആകർഷിക്കുന്നതിന് നേരത്തെ പ്രവേശനം നേടിയവരെ ഇടനിലക്കാരാക്കുകയും ചെയ്യും.
നഴ്സിങ് വിഭാഗത്തിന്റെ നേതാക്കളായി നടക്കുന്നവരുടെ സാമ്പത്തികനില പെട്ടെന്ന് ഉയരുന്നതിന് പിന്നിലും ഇത്തരം തട്ടിപ്പുകൾക്ക് പങ്കുണ്ടെന്നതിന് ഈ സംഭവത്തോടെ തെളിവായിരിക്കുകയാണ്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലൂടെ ഇത്തരം തട്ടിപ്പുകളുടെ വൻ മഞ്ഞുമലയുടെ ചെറിയ ഒരറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഈ തുമ്പ് പിടിച്ച് പൊലീസ് കയറിയാൽ വൻ റാക്കറ്റിന് നേരെയാകും അന്വേഷണം നീളുക.
ക്വട്ടേഷൻ സംഘത്തിന്റെ പങ്ക് വ്യക്തമാകുന്നു; പത്മകുമാറിന് ജില്ലയിലെ പ്രമുഖ ബി.ജെ.പി നേതാവുമായി അടുത്ത ബന്ധമുണ്ട്
കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില് ക്വട്ടേഷൻ സംഘത്തിന്റെ പങ്ക് വ്യക്തമാകുന്നു. കേസിൽ അറസ്റ്റിലായ പത്മകുമാറിന് കൊല്ലം ജില്ലയിലെ ഒരു പ്രമുഖ ബി.ജെ.പി നേതാവുമായി അടുത്ത ബന്ധമുണ്ട്. മുമ്പ് ഒരു കൊലക്കേസിൽ പ്രതിയായി കോടതി വെറുതെവിട്ട ഈ നേതാവുമായി മാത്രമാണ് പത്മകുമാറിന് ഏക സൗഹൃദം.
പത്മകുമാറിന്റെ വീട്ടിലേക്ക് അധികമാർക്കും പ്രവേശനമില്ല. എന്നാൽ, ഈ നേതാവിന്റെ സാന്നിധ്യം എപ്പോഴും ഇവിടെയുണ്ട്. നേരത്തെ പത്മകുമാറും സഹോദരൻ ഗോപകുമാറും ചേർന്ന് കല്യാണി എന്ന പേരിൽ കേബിൾ ടി.വി ഓപറേറ്റ് ചെയ്തിരുന്നു. അവിടെ ജീവനക്കാരനായി ഇയാൾ പ്രവർത്തിച്ചിരുന്നു.
ഗോപകുമാറിന്റെ മരണശേഷം കുറച്ചുനാൾ മാത്രമാണ് കേബിൾ ടി.വി നടത്തിയത്. അതോടെ ജോലിക്കാരും പിരിഞ്ഞു. പിന്നീടാണ് ഈ ജീവനക്കാരൻ ബി.ജെ.പി നേതാവായത്. ക്വട്ടേഷൻ സംഘവുമായും ഇയാൾക്ക് ബന്ധമുള്ളതായാണ് വിവരം. ഇയാളെ ഉപയോഗപ്പെടുത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം നടത്തിയതെന്നാണ് വിവരം. ഇക്കാര്യങ്ങൾ അടക്കം നിര്ണായകമായ പല കാര്യങ്ങളും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.
ചാത്തന്നൂർ: ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാലയത്തിൽ പത്മകുമാർ നാട്ടിലെ അന്തർമുഖനായ സമ്പന്നൻ. വെള്ളിയാഴ്ച വൈകീട്ടോടെ ചാത്തന്നൂർ സ്വദേശിയാണ് കുട്ടിയെ തട്ടിയെടുത്തതെന്ന വാർത്ത പരന്നതോടെ ഗോപകുമാർ എന്നയാളെ അന്വേഷിച്ച് ആൾക്കാൾ ഓട്ടം തുടങ്ങിയിരുന്നു.
കൂടുതൽ അന്വേഷണം നടക്കുന്നതിനിടയിലാണ് ഗോപകുമാറിന്റെ സഹോദരൻ പത്മകുമാറാണെന്ന് തിരിച്ചറിഞ്ഞത്. ഗോപകുമാർ നേരത്തെ മരണപ്പെട്ടതാണ്. എൻജിനീയറിങ് ബിരുദദാരിയാണ് പത്മകുമാർ.
കുഞ്ഞിനെ തട്ടിക്കൊണ്ട് പോകുന്നതിന് ഉപയോഗിച്ചെന്ന് കരുതുന്ന കാറും വീടിനുള്ളിൽ കിടന്നിരുന്നു. ഈ കാർ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചവരെ വീട്ടിൽ ആളുണ്ടായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. വീട്ടിലുണ്ടായിരുന്നവർ സ്ഥിരമായി കാറിൽ വന്ന് പോയിരുന്നതിനാൽ അസ്വാഭാവികത ഒന്നും തന്നെ നാട്ടുകാർ കരുതിയിരുന്നില്ല.
സാമ്പത്തികമായി ഉയർന്ന നിലവാരത്തിലുള്ള ഈ കുടുംബത്തിന് ചിറക്കരയിൽ ഫാമും ചാത്തന്നൂരിൽ ബേക്കറിയുമുണ്ട്. ഇത് രണ്ടും അടഞ്ഞുകിടക്കുകയാണ്. ബേക്കറി ജീവനക്കാരി സംഭവമറിഞ്ഞ് കടയടച്ചുപോയതാണെന്ന് കച്ചവടക്കാർ പറഞ്ഞു.
നേരത്തെ കേബിൾ വിതരണ ശൃംഖല നടത്തിയിരുന്നു ഇയാൾ. പൊതുസമൂഹവുമായി സഹകരണമില്ലായെങ്കിലും ഭാര്യ അനിത സ്ഥിരമായി ബേക്കറിയിൽ എത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവം അറിഞ്ഞയുടൻ തന്നെ നാട്ടുകാർ വീടിന് മുന്നിൽ തടിച്ചുകൂടി. പരേതരായ രാജഗോപാൽ-പാരിജാതം ദമ്പതികളുടെ മകനാണ് പത്മകുമാർ.
* സോഫ്റ്റ്വെയർ എൻജിനീയറിങ് ബിരുദധാരി
* കൊല്ലം ചാത്തന്നൂർ മാമ്പള്ളിക്കുന്നം സ്വദേശി
* ഭാര്യ അനിത, മകൾ അനുപമ
* പൊതുവെ നാട്ടിലുള്ള ആരുമായും ബന്ധങ്ങളില്ലാതെ, വീടിന് പുറത്തിറങ്ങാതെ ഒതുങ്ങിക്കൂടിയുള്ള ജീവിതം നയിക്കുന്നു
* സാമ്പത്തികമായി വളരെ മുൻപന്തിയിൽ നിൽക്കുന്ന കുടുംബം
* മുംബൈയിൽ കമ്പനിയിലായിരുന്നു ജോലി
* ആറുവർഷം മുമ്പ് നാട്ടിലെത്തി
* സഹോദരൻ മരിച്ചതോടെ അദ്ദേഹത്തിന്റെ കേബിൾ ടി.വി നടത്തി, പിന്നീട് വിറ്റു
* കല്യാണി എന്ന പേരിൽ മീൻകട നടത്തി
* നിലവിൽ ബേക്കറിയും ഫാമും നടത്തിവരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.