കരുനാഗപള്ളി: 15കാരിയായ ചെറുമകളെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കുകയും വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപെടുത്തുകയും ചെയ്ത പ്രതിക്ക് 62 വർഷം തടവും 2,50,000 രൂപ പിഴയും. കരുനാഗപള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എഫ്. മിനിമോളാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ പ്രതിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി.
2018 ഏപ്രിൽ മുതൽ മേയ് വരെയുള്ള പല ദിവസങ്ങളിലും പ്രതി താമസിച്ചുവന്ന ഓച്ചിറ ചങ്ങൻകുളങ്ങരയിലെ വീട്ടിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പ്രതിയുടെ ചെറുമകളായ അതിജീവിത പ്രതിയുടെ പൂർണമായ സംരക്ഷണയിൽ കഴിഞ്ഞുവരുന്ന സമയമാണ് കുറ്റകൃത്യം നടന്നത്.
മാതാവിൻറെ സുഹൃത്തിൽ നിന്നും കുട്ടിക്ക് ലൈംഗികാതിക്രമം ഉണ്ടായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി മൊഴി രേഖപ്പെടുത്തിയ സമയത്താണ് മുത്തച്ഛനിൽ നിന്നുമുണ്ടായ ക്രൂരത വെളിപ്പെട്ടത്. ഓച്ചിറ പൊലീസ് ഇൻസ്പെക്ടറായിരുന്ന പി. വിനോദ്, സബ് ഇൻസ്പെക്ടർ ആയിരുന്ന നിയാസ് എന്നിവരാണു കേസ് അന്വേഷണം നടത്തിയത്. പ്രതി കുറ്റകൃത്യം ചെയ്തതായി സമ്മതിച്ചിരുന്നു.
പ്രോസിക്യൂഷന് എതിരെ കുട്ടിയുടെ മാതാവ് മൊഴി പറഞ്ഞെങ്കിലും ഇന്ത്യൻ ശിക്ഷാനിയമത്തിലെയും ജുവനെയിൽ ജസ്റ്റിസ് നിയമത്തിലെയും വകുപ്പുകൾ പ്രകാരം പ്രതിക്ക് 62 വർഷം കഠിന തടവും 2,50,000 രൂപ പിഴയും വിധിക്കുകയായിരുന്നു. പിഴ ഒടുക്കാത്ത പക്ഷം രണ്ടര വർഷം അധിക തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതക്ക് കൈമാറണമെന്നും വിധി ന്യായത്തിൽപറയുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.സി. ചന്ദ്രൻ ഹാജരായി. എ.എസ്.ഐ മഞ്ജു പ്രോസിക്യൂഷൻ സഹായിയായിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.