കല്ലമ്പലം: കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ നിരപരാധിയായ വീട്ടമ്മയെ ക്രൂശിച്ചതായി പരാതി. കല്ലമ്പലം ഞെക്കാട് ജിതേന്ദു നിവാസിൽ വാടകക്ക് താമസിക്കുന്ന ശബാനയാണ് മാധ്യമ വിചാരണക്ക് ഇരയായെന്നും സമൂഹത്തിൽ അപമാനിക്കപ്പെട്ടെന്നും ആരോപിക്കുന്നത്.
പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ തെരച്ചിലിനിടെ കല്ലമ്പലം പൊലീസ് ശബാനയുടെ വീട്ടിലുമെത്തി. അവർ ഇല്ലാത്തതിനാൽ മകളോട് ഫോട്ടോ വാങ്ങി കാര്യങ്ങൾ അന്വേഷിച്ച് മടങ്ങി. വൈകാതെ, വീട്ടിൽ മൂന്ന് പേരെത്തി. അന്വേഷിച്ചപ്പോൾ സർക്കിൾ ഇൻസ്പെക്ടർ ആണെന്ന് മറുപടി നൽകി. പിന്നീട് ഇയാൾ വീടിന്‍റെ വിഡിയോകൾ ഉൾപ്പെടെ ചേർത്ത് കല്ലമ്പലം സ്വദേശിനിയുടെ വീട്ടിൽ റെയ്ഡ് നടക്കുന്നെന്ന് വാർത്ത നൽകി. അവഹേളനപരമായ ഒട്ടേറെ പരാമർശങ്ങളും ‘വാർത്തയിൽ’ ഉണ്ടായിരുന്നു. ഇതിനുപിന്നാലെ, പ്രാദേശിക ചാനലുകളിലും ഓൺലൈൻ മീഡിയകളിലും ഇവരാണ് പ്രതിയെന്ന തരത്തിൽ വാർത്ത വന്നു.
കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ പരാതി അറിയിച്ചപ്പോൾ വാർത്ത വരുന്നതിൽ ഞങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. നാട്ടുകാർ ഭയത്തോടെയും ശത്രുതയോടെയും കാണുന്നുവെന്ന് ശബാന വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രതികൾ പിടിയിലായിട്ടും മാനസികാവസ്ഥയിൽ മാറ്റമില്ല. നിരപരാധികളെ പൊതുവിചാരണ നടത്തുന്നവർക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.