തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവമുമായി ബന്ധപ്പെട്ട കേസിൽ ശിശുക്ഷേമസമിതിക്ക് കോടതി വിമർശനം. ദത്തെടുക്കലിനുള്ള ശിശുക്ഷേമ സമിതിയുടെ ലൈസൻസിന്‍റെ കാലാവധി കഴിഞ്ഞതാണെന്ന് കോടതി വിമർശിച്ചു. സമിതി ഹാജരാക്കിയ ലൈസൻസിന്‍റെ കാലവാധി ജൂണ്‍ 30ന് അവസാനിച്ചതാണെന്ന് കോടതി പറഞ്ഞു. ലൈസൻസ് പുതുക്കൽ നടപടികള്‍ നടന്നുവരുകയാണെന്ന് ശിശുക്ഷേമ സമിതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ലൈസൻസ് പുതുക്കാനുള്ള നടപടിയുൾപ്പെടെ എല്ലാ കാര്യങ്ങളും വിശദമാക്കി സത്യവാങ് മൂലം നൽകണമെന്ന് ശിശുക്ഷേമ സമിതിക്കും നിർദ്ദേശം നൽകി.
സംഭവത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്നും കോടതി അറിയിച്ചു. കുട്ടി ശിശുക്ഷേമ സമിതിയിൽ എങ്ങനെ എത്തിയെന്നതിൽ വ്യക്തത വേണം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ വ്യക്തവരുത്താൻ ഡിഎൻഎ പരിശോധന വരെ നടത്താൻ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് അധികാരമുണ്ട്. സമഗ്രമായ അന്വേഷണം നടത്തി ഈ മാസം 20ന് റിപ്പോർട്ട് നൽകാനും കുടുംബ കോടതി സി.ഡബ്ല്യൂ.സിയോട് നിർദ്ദേശിച്ചു. പരാതിയിൽ സമയോജിതമായി ഇടപ്പെട്ടതിന് സർക്കാരിനെ കോടതി പ്രശംസിച്ചു. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും.
അതേസമയം, ദത്ത് വിവാദത്തിൽ കുഞ്ഞിനെ ലഭിക്കാൻ അനുപമ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകി. താൻ അറിയാതെയാണ് നാലു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ദത്ത് നൽകിയതെന്ന് ഹരജിയില്‍ പറയുന്നു. കുഞ്ഞിനെ ഹാജരാക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത എന്നിവരടക്കം ആറുപേരെ എതിർ കക്ഷിയാക്കിയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.