തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയ സംഘം പ്രവര്‍ത്തിക്കുന്നതായി അന്വേഷണങ്ങളില്‍ തെളിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തരത്തില്‍ ഭയാനകമായ ഒരവസ്ഥ നിലവിലില്ല. ഇക്കാര്യത്തില്‍ സര്‍ക്കാറും പൊലീസും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ഡോ.എം.കെ. മുനീറിെൻറ സബ്മിഷന് അദ്ദേഹം മറുപടിനൽകി.
ആലപ്പുഴ പൂച്ചാക്കലില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിട്ടുണ്ട്. പ്രതിയായ ആന്ധ്ര സ്വദേശിയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.
കോഴിക്കോട് കക്കോടിയിൽ കുട്ടിയുടെ കഴുത്തില്‍നിന്ന് മാല തട്ടിയെടുക്കാനുള്ള ശ്രമമാണ് നടന്നത്. അതിലും അന്വേഷണം നടക്കുന്നുണ്ട്. 2017ല്‍ സംസ്ഥാനത്ത് കാണാതായ 1774 കുട്ടികളില്‍ 1725 പേരെ അന്വേഷണത്തിലൂടെ കണ്ടെത്തി. ഇനി 49 കുട്ടികളെയാണ് കണ്ടെത്താനുള്ളത്. കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം പിടിയിലായ 199 പേരില്‍ 188 പേരും കേരളീയരാണ്. ഭിക്ഷാടനത്തിനായോ മറ്റേതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം ചെയ്യുന്നതിനോ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയുന്നതിന് ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ പ്രത്യേകം സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരള--കർണാടക അതിര്‍ത്തിയിലെ ബന്ദിപ്പൂര്‍ വന മേഖലയിലൂടെയുള്ള രാത്രിയാത്ര നിരോധനത്തില്‍ അയല്‍സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമെന്ന നിലയില്‍ കര്‍ണാടകത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ചചെയ്യാന്‍ ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ചീഫ് സെക്രട്ടറി തലത്തിലും ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ നടത്തുമെന്ന് സി.കെ. ശശീന്ദ്രെൻറ സബ്മിഷന് അദ്ദേഹം മറുപടിനല്കി. രാത്രിയാത്ര നിരോധനം സംബന്ധിച്ച കർണാടക ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി അധ്യക്ഷനും കേരള-, കർണാടക-, തമിഴ്നാട് സര്‍ക്കാറുകളുടെ പ്രതിനിധികളും നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി പ്രതിനിധിയും ഉള്‍പ്പെട്ട ഉന്നതസമിതി രൂപവത്കരിക്കാൻ സുപ്രീംകോടതി നിര്‍ദേശിച്ച് ഉത്തരവായിട്ടുണ്ട്.
മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉപരിതല ഗതാഗത മന്ത്രാലയത്തിന് കോടതി നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഈ കമ്മിറ്റിയിലേക്ക് സംസ്ഥാനം നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.