പാലക്കാട്: ഝാർഖണ്ഡ്, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന കേസിൽ സി.ബി.െഎ അന്വേഷണം നിലച്ചു. 2015ൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലെത്തി നിൽക്കെയായിരുന്നു കേസ് ഹൈകോടതി നിർദേശപ്രകാരം സി.ബി.െഎക്ക് വിട്ടത്. കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടുള്ള പൊതു താൽപര്യ ഹരജികൾ തീർപ്പ് കൽപ്പിച്ചായിരുന്നു കേസുകൾ സി.ബി.െഎക്ക് കൈമാറിയത്.
കൊച്ചി സി.ബി.െഎ കോടതിയിൽ എഫ്.െഎ.ആർ ഫയൽ ചെയ്താണ് ഡൽഹി ആൻറി ഹ്യൂമൻ ട്രാഫിക്കിങ് യൂനിറ്റ് അന്വേഷണം തുടങ്ങിയത്. ക്രൈംബ്രാഞ്ച് ഫയലുകൾ ഏറ്റെടുത്ത സി.ബി.െഎ പാലക്കാട് ക്യാമ്പ് ചെയ്താണ് പുനരന്വേഷണത്തിന് തുടക്കംകുറിച്ചത്. മുക്കം, വെട്ടത്തൂർ അനാഥാലയങ്ങളിൽ വിശദമായ തെളിവെടുപ്പ് നടത്തിയിരുന്നു. ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നെത്തിയ കുട്ടികളുടെ വീടുകളിലും സി.ബി.െഎ സംഘം പോയിരുന്നു. രണ്ടുവർഷത്തിനകം മൂന്നുതവണ അന്വേഷണ സംഘങ്ങൾ മാറി. ഇതിനിടെ കോടതി നിർദേശമില്ലാതെ എറണാകുളത്തെ അനാഥാലയവുമായി ബന്ധപ്പെട്ടുള്ള കേസും സി.ബി.െഎ ഏറ്റെടുത്തിരുന്നു. കോടതിയുടെ മേൽനോട്ടത്തിലായിട്ടും അന്വേഷണ പുരോഗതി ഹൈകോടതിയെ സി.ബി.െഎ അറിയിച്ചിട്ടില്ല. രണ്ടുവർഷം കഴിഞ്ഞിട്ടും കേസിെൻറ അന്വേഷണം പൂർത്തിയാക്കാൻ സി.ബി.െഎക്കായില്ല.
2014 മേയിൽ ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവന്ന 496 കുട്ടികളുമായി ബന്ധപ്പെട്ടുള്ളതാണ് സി.ബി.െഎ അന്വേഷിക്കുന്ന കേസുകൾ. സംഭവത്തിൽ ഗുരുതര മനുഷ്യക്കടത്ത് ഉൾപ്പെടെ വകുപ്പുമാണ് പാലക്കാട് റെയിൽവേ പൊലീസ് ചുമത്തിയത്. കുട്ടികളെ വിൽക്കുന്നതിനോ മറ്റു ജോലികൾ ചെയ്യിക്കുന്നതിനോ കൊണ്ടുവന്നുവെന്നാണ് എഫ്.െഎ.ആർ. മനുഷ്യക്കടത്ത് നിയമം സെക്ഷൻ 350(5) വകുപ്പുകൾ പ്രകാരമാണ് കേസ്. അനാഥാലയ കേസിൽ മനുഷ്യക്കടത്ത് വകുപ്പ് നിലനിൽക്കുമോയെന്നത് തർക്കവിഷയമാണ്.
ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ എത്തിയ കേസിൽ കേരളം, ബിഹാർ സംസ്ഥാനങ്ങൾ കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് അല്ലെന്ന് സത്യവാങ്മൂലം നൽകിയിരുന്നു. കേസിൽ കക്ഷി ചേർന്നില്ലെങ്കിലും മനുഷ്യക്കടത്തിെൻറ പരിധിയിൽ വരില്ലെന്നായിരുന്നു ബംഗാൾ സർക്കാർ നിലപാട്. ഇക്കാര്യത്തിൽ സി.ബി.െഎ അന്വേഷണം പൂർത്തിയാകാത്തത് അനാഥാലയങ്ങളെ സംശയത്തിെൻറ നിഴലിലാക്കുകയും നിയമകുരുക്കിലാക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.