കൊയിലാണ്ടി: യാത്രക്കാരെ ഇറക്കാനായി നിർത്തിയ ബസിനെ ഇടതുവശത്തുകൂടെ അപകടകരമായി മറികടന്ന ബസിന്റെ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വടകര-കൊയിലാണ്ടി റൂട്ടിൽ ഓടുന്ന 'ചിന്നൂസ്' ബസിന്റെ ഡ്രൈവറും നടത്തിപ്പുകാരനുമായ വടകര സ്വദേശി ബൈജുവിന്റെ ലൈസൻസാണ് ആർ.ടി.ഒ അധികൃതർ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
കൊയിലാണ്ടി ദേശീയപാതയിൽ നഗരത്തിനു വടക്ക് ശോഭികക്കു സമീപം നിർത്തിയ ബസിൽനിന്ന് ഇറങ്ങിയ യാത്രക്കാരിയാണ് പിന്നാലെയെത്തിയ ബസിന്റെ മത്സരയോട്ടത്തിൽ തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടത്. ഇവർ ബസിൽ നിന്ന് ഇറങ്ങി രണ്ട് ചുവട് വെക്കുമ്പോഴേക്കും ഇടതുവശത്തുകൂടെ ചിന്നൂസ് ബസ് അതിവേഗം കടന്നുപോകുകയായിരുന്നു. സ്ത്രീ പെട്ടെന്ന് പിന്നോട്ടു വലിഞ്ഞതിനാൽ രക്ഷപ്പെട്ടു.
ഭയന്ന ഇവരെ മറ്റൊരു സ്ത്രീ ആശ്വസിപ്പിച്ച് റോഡരികിലേക്ക് മാറ്റുകയായിരുന്നു. നിർത്തിയ ബസിൽനിന്ന് യാത്രക്കാർ ഇറങ്ങുമെന്ന് അറിയാമായിരുന്നിട്ടും പിന്നിലെ ബസിലെ ഡ്രൈവർ അപകടയോട്ടം നടത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അധികൃതർ നടപടിയെടുത്തത്.
യാത്രക്കാരി ഇറങ്ങിയ ബസും നിയമം ലംഘിച്ച് റോഡിലാണ് നിർത്തിയത്. റോഡപകടങ്ങൾ കുറക്കാൻ അധികൃതർ നടപടി സ്വീകരിച്ചുവരുമ്പോഴാണ് ജനങ്ങളുടെ ജീവനെ വെല്ലുവിളിച്ച് ചില ഡ്രൈവർമാരുടെ ബസ് ഓടിക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.