പയ്യന്നൂർ: ‘എല്ലാ പ്രതിസന്ധിയിലും ഞാൻ പിടിച്ചുനിന്നു. പ്രതിരോധിച്ചു. കീഴടങ്ങിയില്ല. പക്ഷെ ഇപ്പോൾ ഒരു കീഴടങ്ങലിന്റെ വക്കിലാണ്. അർബുദമെന്ന വ്യാധിക്കു മുന്നിൽ’. അടുത്തിടെ ചിത്രലേഖ സമൂഹമാധ്യമത്തിൽ ഇങ്ങനെ കുറിച്ചപ്പോൾ ആ കീഴടങ്ങൽ ഇത്ര പെട്ടെന്നാകുമെന്ന് ആരും കരുതിയില്ല. ശനിയാഴ്ച പുലർച്ചെ അർബുദത്തിന് മുന്നിൽ കീഴടങ്ങിയപ്പോൾ അരുതായ്മക്കെതിരായ സമരതീഷ്ണതയുടെ ഒരപരനാമം കൂടിയാണ് ഇല്ലാതായത്.
2004ലാണ് ചിത്രലേഖ ആദ്യ പോർമുഖം തുറക്കുന്നത്. എടാട്ട് ഓട്ടോസ്റ്റാൻഡിലെ സി.പി.എം അനുകൂല ഓട്ടോ തൊഴിലാളികളുടെ സംഘടനയോടായിരുന്നു ആ പോരാട്ടം. ഓട്ടോയുമായി ഒരു വനിത സ്റ്റാൻഡിലെത്തിയത് അംഗീകരിക്കാൻ പുരുഷകേന്ദ്രീകൃതമായ തൊഴിലിടം തയാറായില്ല എന്നായിരുന്നു പരാതി. പ്രതികരിച്ചപ്പോൾ ഓട്ടോ കുത്തിക്കീറി നശിപ്പിച്ചു. അറ്റകുറ്റപ്പണി നടത്തി സ്റ്റാൻഡിലെത്തി വീണ്ടും പോരാടാനുറച്ചപ്പോൾ, പിന്നീട് വീടിനു മുന്നിൽ നിർത്തിയിട്ട വണ്ടി കത്തിച്ചു.
ഇതോടെയാണ് പയ്യന്നൂരിനടുത്ത് കുഞ്ഞിമംഗലം എടാട്ടെ പാവപ്പെട്ട ദലിത് കുടുംബത്തിൽ ജനിച്ചുവളർന്ന യുവതി അറിയപ്പെടുന്ന പോരാളിയും ഇരയായി മാറിയത്. വിഷയം ദേശീയതലത്തിലേക്ക് കത്തിപ്പടർന്നു. ഡൽഹിയിൽ നിന്നുള്ള ആക്റ്റിവിസ്റ്റുകൾ ഉൾപ്പെടെ എടാട്ടെത്തി ചിത്രലേഖക്ക് പിന്തുണ പ്രഖ്യാപിച്ചു. അജിതയും ഗ്രോ വാസുവുമുൾപ്പടെയുള്ളവർ വിഷയം ഏറ്റെടുത്തു. പുതിയ ഓട്ടോ വാങ്ങിനൽകി അവിടെതന്നെ ഓടാൻ നിർദേശം നൽകി.
ഇതിനിടയിൽ ഡൽഹിയിൽ നിന്നുള്ളവർ ഉൾപ്പെട്ട സ്വതന്ത്ര മനുഷ്യാവകാശ പ്രവർത്തകർ പയ്യന്നൂരിലെത്തി ചിത്രലേഖ നേരിട്ട വിവേചനവും അക്രമവും സംബന്ധിച്ച് പഠനം നടത്തി വിശദമായ റിപ്പോർട്ട് സർക്കാറിനും പയ്യന്നൂർ പൊലീസിനും നൽകി. ചിത്രലേഖ നേരിടുന്ന ജാതിവിവേചനവും തൊഴിലിടത്തിലെ അരികുവത്കരണവും രാജ്യത്തെ പ്രമുഖ സർവകലാശാലയിലെ പി.എച്ച്.ഡി വിഷയം പോലുമായി. പ്രമുഖർ പങ്കെടുത്ത പ്രതിഷേധ യോഗത്തിനും സി.പി.എമ്മിന്റെ മറുപടി യോഗത്തിനും എടാട്ടെ ഓട്ടോസ്റ്റാൻഡ് സാക്ഷ്യംവഹിച്ചു. പിന്നീട് അവരുടെ വീടിനുനേരെ അക്രമം നടന്നതായി പരാതിയുണ്ടായി. ഭർത്താവ് ശ്രീഷ്കാന്തിന്റെ സഹോദരന് വേട്ടേറ്റതായും പരാതി ഉണ്ടായിരുന്നു. ചിത്രലേഖക്കും ഭർത്താവ് ശ്രീഷ്കാന്തിനുമെതിരെ സി.പി.എം പ്രവർത്തകരുടെ പരാതിയിൽ പൊലീസ് പലതവണ കേസെടുത്തു.
സി.പി.എം ശക്തികേന്ദ്രമായ എടാട്ട് താമസിക്കാനോ തൊഴിലെടുക്കാനോ കഴിയാതായ സാഹചര്യത്തിൽ 2014ൽ നാലു മാസത്തോളം കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ കുടിലുകെട്ടി ചിത്രലേഖ രാപകൽ സമരം നടത്തി. പിന്നീട് തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുമ്പിലും ആഴ്ചകളോളം സമരം നടത്തിയതിനെ തുടർന്നാണ് അന്നത്തെ യു.ഡി.എഫ് സർക്കാർ അഞ്ചു സെന്റ് ഭൂമി അനുവദിച്ചത്. പിന്നീട്, എൽ.ഡി.എഫ് സർക്കാർ ഇത് നൽകിയില്ല.
ഓട്ടോസ്റ്റാൻഡിലെ പ്രശ്നത്തോടെ നേരിട്ട ജാതിവിവേചനവും അവർ പുറത്തുവിട്ടു. ദലിത് കുടുംബത്തിലായതിനാൽ വർഷങ്ങളായി അടുത്ത വീട്ടിലെ കിണറ്റിൽനിന്ന് വെള്ളമെടുക്കാൻ അനുവദിക്കുന്നില്ലെന്ന് അവർ പറഞ്ഞു. സി.പി.എം പാർട്ടി ഗ്രാമത്തിലെ ഈ വിവേചനം പാർട്ടിക്കെതിരായ ആയുധമായി മാറ്റാൻ ചിത്രലേഖക്കും അവരോടൊപ്പമുള്ളവർക്കും സാധിച്ചു.
ഇതും സി.പി.എമ്മിന് തലവേദനയായി. ഇതോടെ ഉപരോധം കടുത്തതായി അവർ പറയുന്നു. ഇതിനു ശേഷമാണ് അവർ പയ്യന്നൂർ വിട്ട് കണ്ണൂരിലെത്തുന്നത്. ‘ഹൈദരബാദ് യൂനിവേഴ്സിറ്റിയിലെ വിദ്യാർഥി രോഹിത് വെമുല ആത്മഹത്യാകുറിപ്പിൽ എഴുതിവെച്ചത് തന്റെ ജന്മം തന്നെയായിരുന്നു ഏറ്റവും വലിയ ശാപമെന്ന്. സത്യത്തിൽ ഞാനും അനുഭവിച്ചത് ഇതൊക്കെ തന്നെയായിരുന്നു. കുടിവെള്ളം കോരാൻ കിണർ തൊടീക്കില്ല -അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.