പത്തനംതിട്ട: ചിറ്റാറിലെ കസ്റ്റഡി മരണം സി.ബി.െഎ ഏറ്റെടുത്തതിന് പിന്നാലെ, യുവകർഷകൻ മത്തായിയുടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വെള്ളിയാഴ്ച വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. പ്രത്യേകം സജ്ജീകരിച്ച ഓട്ടോപ്സി തിയറ്ററിൽ രാവിലെ നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ഫോറൻസിക് വിദഗ്ധരായ ഡോ. പി.ബി. ഗുജറാള്‍ (പാലക്കാട്), ഡോ. ഉന്മേഷ് (എറണാകുളം), ഡോ. പ്രസന്നന് (കോഴിക്കോട്) എന്നിവർ നേതൃത്വം നൽകും. നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിെൻറ മൃതദേഹം വീണ്ടും പോസ്റ്റ്േമാർട്ടം ചെയ്തതും ഇവരാണ്.
റീ പോസ്റ്റ്മോർട്ടത്തിനുമുമ്പ് എ.ഡി.എമ്മിെൻറ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തും. റാന്നി മാർേത്താമ ആശുപത്രിയിൽനിന്ന് രാവിലെ സി.ബി.ഐ സംഘം മൃതദേഹം ഏറ്റുവാങ്ങും. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്ന മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് വടശ്ശേരിക്കര അരീക്കകാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദർശനത്തിനുശേഷം ഉച്ചക്ക് 1.30ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിക്കും. വൈകീട്ട് 3.30ന് കുടപ്പനക്കുളം സെൻറ് മേരീസ് ഒാർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
മത്തായി മരിച്ചിട്ട് നാൽപേതാളം ദിവസമായി. പ്രതിഷേധത്തെത്തുടർന്ന് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഏഴുപേരെ പ്രതികളാക്കുകയും സസ്പെൻഡും ചെയ്തിരുന്നു. എന്നാൽ, കാര്യക്ഷമമായ അന്വേഷണം നടത്തി പ്രതികൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് കുടുംബം തീരുമാനിക്കുകയായിരുന്നു. കേസ് സി.ബി.െഎ ഏറ്റെടുത്തതോടെയാണ് മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ തയാറായത്.
തിരുവനന്തപുരം: പി.പി. മത്തായി കസ്റ്റഡിയിൽ മരിച്ച കേസിൽ സി.ബി.ഐ സമർപ്പിച്ച എഫ്.ഐ.ആർ കോടതി അംഗീകരിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞദിവസം സി.ബി.ഐ സമർപ്പിച്ച എഫ്.ഐ.ആറാണ് കോടതി ഫയലിൽ സ്വീകരിച്ചത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മത്തായുടെ ഭാര്യ ഷീബ നൽകിയ ഹരജിയിലാണ് ഹൈകോടതി അന്വേഷണം സി.ബി.ഐക്ക് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.