കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടെടുപ്പിനെ സ്വാധീനിക്കാവുന്ന പൊതു, സമുദായ വിഷയങ്ങളിൽ ചർച്ച സജീവമാക്കാൻ ക്രൈസ്തവ സഭകൾ. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് അലോസരമുണ്ടാക്കുന്നതാകും ഇതെന്നാണ് സഭാകേന്ദ്രങ്ങൾ നൽകുന്ന സൂചന. ഓരോ വിഷയത്തിലും രാഷ്ട്രീയ കക്ഷികൾ എടുത്ത നിലപാട് വേറെയും ചർച്ചയാക്കും. ഭരണഘടന സ്വാതന്ത്ര്യത്തെക്കുറിച്ച് ചർച്ചയുയർത്തി തൃശൂർ അതിരൂപത കഴിഞ്ഞ ദിവസം രംഗത്തുവന്നത് ഈ ലക്ഷ്യത്തോടെയാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ മോഹങ്ങളിൽ നിരാശയുണ്ടാക്കുന്ന നടപടിയാണിതെന്നാണ് വിലയിരുത്തൽ. റബറിന് മതിയായ താങ്ങുവില ഇല്ലെന്നതാണ് സഭകൾ ഉയർത്തുന്ന മറ്റൊരു പ്രധാന വിഷയം. ഇതും കേന്ദ്രത്തിനെതിരെയാണ്. വന്യമൃഗ ആക്രമണമാണ് മറ്റൊരു വിഷയം. ഇതിൽ പ്രതിക്കൂട്ടിൽ നിർത്തുന്നത് വനംവകുപ്പിനെയും സംസ്ഥാന സർക്കാറിനെയുമാണ്.
ക്രൈസ്തവരുടെ സാമൂഹിക പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമീഷൻ, റിപ്പോർട്ട് നൽകി ഒമ്പതുമാസമായിട്ടും സംസ്ഥാന സർക്കാർ അതിൽ തീരുമാനമെടുക്കാത്തതിലും സഭകൾക്ക് അമർഷമുണ്ട്. ചില കാര്യങ്ങളിൽ ചട്ടഭേദഗതി വേണ്ടിവരുമെന്നതിനാലാണ് നടപടി വൈകുന്നതെന്നാണ് സർക്കാർ കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ഈ വിഷയത്തിൽ ചർച്ചകൾ സജീവമാക്കാനാണ് സഭകൾ ഒരുങ്ങുന്നത്. വിഴിഞ്ഞം മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി പ്രതിഷേധം അമർച്ച ചെയ്യാൻ വൈദികനെതിരെയടക്കം 102 പേർക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തതിൽ ലത്തീൻ സഭക്കും കടുത്ത അമർഷമുണ്ട്. ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ നിയമനിർമാണ സഭകളിൽനിന്ന് ഒഴിവാക്കിയതിൽ ഈ വിഭാഗത്തിനും പ്രതിഷേധമുണ്ട്. തീരദേശ ഹൈവേയുടെ കാര്യത്തിലെ ആശങ്ക തീർക്കാത്തതും സഭയിൽ ചർച്ചയാണ്. മദ്യവർജനം പറഞ്ഞ് അധികാരത്തിൽ വന്ന് മദ്യം ഒഴുക്കുന്നത് പ്രചരിപ്പിക്കാനും തീരുമാനമുണ്ട്. സഭ തർക്കത്തിൽ ഫോർമുലയായി സർക്കാർ വാഗ്ദാനം ചെയ്ത ചർച്ച് ബിൽ പാസാക്കുന്നതിലെ കാലതാമസത്തിൽ യാക്കോബായ സഭക്ക് അതൃപ്തിയുണ്ട്. ചർച്ച് ബില്ലിനെതിരെ സർക്കാറിനെ കുറ്റപ്പെടുത്തി ഓർത്തഡോക്സ് സഭയും രംഗത്തുണ്ട്. ഭൂപ്രശ്നങ്ങളിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി അടക്കമുള്ള രൂപതകളും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.