കൽപറ്റ: ക്രിസ്മസ്- പുതുവത്സരം പ്രമാണിച്ച് അയല്‍ സംസ്ഥാനങ്ങളില്‍നിന്നടക്കം ജില്ലയിലേക്ക് വ്യാജമദ്യവും ലഹരിവസ്തുക്കളും എത്തുന്നത് തടയാന്‍ എക്സൈസും പൊലീസും പരിശോധന ശക്തമാക്കി. ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ജില്ലാതലത്തില്‍ പ്രത്യേക സ്ക്വാഡിന് രൂപം നല്കി. താലൂക്ക് തല സ്ക്വാഡുകൾ ഡിസംബർ 16നകം രൂപീകരിക്കും. ലഹരി കടത്ത് തടയുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ല തലകൺട്രോൾ റൂം, ജില്ല തല സ്ട്രൈക്കിങ് ഫോഴ്സ്, ഹൈവേ പട്രോളിങ് എന്നിവ രൂപീകരിച്ചു. താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സും രൂപീകരിച്ചു. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ എൻഫോഴ്സ്മെന്റ് ഏജൻസികളെ ഉൾപ്പെടുത്തി സംയുക്ത പരിശോധനകളും പൊലീസിലെ കെ-9 ഡോഗ് സ്ക്വാഡുമായി ചേർന്ന് തോൽപെട്ടി, ബാവലി ചെക്ക് പോസ്റ്റുകളിൽ പരിശോധനയും ശക്തമാക്കും.
എക്സൈസ്, പൊലീസ്, വനം, റവന്യൂ, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ലഹരി വസ്തുക്കള്‍ എത്തുന്നത് തടയാനായി ചെക്ക് പോസ്റ്റുകളിലും പരിശോധന ഊര്‍ജ്ജിതമാക്കും. വ്യാജ മദ്യത്തിന്റെ ഉപയോഗം, കടത്ത്, വില്‍പ്പന എന്നിവ തടയുന്നതിന് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സമിതി യോഗം എ.ഡി.എം എൻ.ഐ. ഷാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ കെ.എസ്. ഷാജി, അസിസ്റ്റന്റ് കമിഷണര്‍ ജിമ്മി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
കൽപറ്റ: ആഗസ്റ്റ് മുതല്‍ ഡിസംബർ ഏഴു വരെയുളള കാലയളവില്‍ എക്സൈസ് വകുപ്പ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 1519 കേസുകള്‍. പൊലീസ്, വനം വകുപ്പ്, റവന്യു, എസ്.ടി വകുപ്പുകളുമായി ചേര്‍ന്ന് 136 സംയുക്ത പരിശോധനകളും 52432 വാഹന പരിശോധനകളും ഇക്കാലയളവില്‍ നടത്തി. 215 അബ്കാരി കേസുകളും 201 എന്‍.ഡി.പി.എസ് കേസുകളും 1103 കോട്പ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. കോട്പ കേസുകളില്‍ പിഴയായി 22,0600 രൂപയും ഈടാക്കി. അബ്കാരി കേസില്‍ 160 പ്രതികളെയും എന്‍.ഡി.പി.എസ് കേസുകളില്‍ 224 പ്രതികളെയും അറസ്റ്റ് ചെയ്തു. തൊണ്ടി മുതലായി 718. 830 ലിറ്റര്‍ ഇന്ത്യന്‍ നിർമിത വിദേശ മദ്യം, 44.285 ലിറ്റര്‍ ഇതര സംസ്ഥാന മദ്യം, മൂന്ന് ലിറ്റര്‍ ബിയര്‍, 3130 ലിറ്റര്‍ വാഷ് , 55.250 ലിറ്റര്‍ ചാരായം, 30 323 കി.ഗ്രാം കഞ്ചാവ്, മൂന്ന് കഞ്ചാവ് ചെടികള്‍, 21.822 ഗ്രാം മെത്താംഫീറ്റാമിന്‍, 354.827 ഗ്രാം എം.ഡി.എം.എ, 29.458 ഗ്രാം ഹാഷീഷ് ഓയില്‍, 28.775 കി.ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍, 15 ലക്ഷം രൂപയുടെ കുഴല്‍ പണം, 49540 തൊണ്ടി മണി, 30 വാഹനങ്ങള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. ലൈസൻസ് സ്ഥാപനങ്ങളിൽ 1298 തവണ കള്ളുഷാപ്പുകൾ പരിശോധിച്ച് 165 കള്ള് സാമ്പിളും 13 വിദേശ മദ്യ സാമ്പിളും രാസ പരിശോധനക്ക് ശേഖരിച്ചു.
കൽപറ്റ: എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വിമുക്തി ഡി അഡിക്ഷൻ പ്രവർത്തനങ്ങൾ ഊർജിതം.
നാല് മാസ കാലയളവില്‍ വിമുക്തി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 419 കോളനികള്‍ സന്ദര്‍ശിക്കുകയും 126 ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും ചെയ്തു. സ്കൂളുകൾ കേന്ദ്രീകരിച്ച് 48 ബോധവല്‍ക്കരണ ക്ലാസുകളും കോളജുകൾ കേന്ദ്രീകരിച്ച് 13 ബോധവല്‍ക്കരണ പരിപാടികളും നടത്തി. ജില്ലയിലെ മൂന്ന് താലൂക്കുകളിലും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി മൂന്ന് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗോത്ര വർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 14 മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചു.
വിവിധ തലത്തിലുള്ള പി.എസ്.സി പരീക്ഷകൾക്കായി 18 പി.എസ്.സി കോച്ചിങ് ക്ലാസുകൾ നടത്തിയതിൽ ഇതുവരെയായി 13 പേർക്ക് സർക്കാർ ജോലി ലഭിച്ചു. ലഹരിക്കടിമയായവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരാൻ സൗജന്യ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. സൗജന്യ ചികിത്സ ആവശ്യമുള്ളവർക്ക് 04936 246513, 6238600258, 9400068964. എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
കൽപറ്റ: വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉൽപാദനം, വിൽപന, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും അറിയിക്കുന്നതിനായി ജില്ല എക്സൈസ് ഡിവിഷന് കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു.
കണ്ട്രോള് റൂമിലെ 04936 288215 എന്ന നമ്പറിലും പൊതുജനത്തിന് ടോള്‍ഫ്രീ നമ്പറായ 18004252848 ലും അറിയിക്കാം. താലൂക്ക് തല കണ്ട്രോള് റൂം നമ്പറുകള്‍: വൈത്തിരി -04936 202219, 208230, സുൽത്താൻ ബത്തേരി - 04936 227227, 248190, 246180, മാനന്തവാടി - 04935 244923, 240012.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.