വടകര: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി അനധികൃത മദ്യക്കടത്തും മയക്കുമരുന്നും കണ്ടെത്താൻ സംയുക്ത പരിശോധന നടത്തി. എക്സൈസ്, ആർ.പി.എഫ്, ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള കെ 9 ഡോഗ് സ്ക്വാഡ്, എക്സൈസ് ഇന്റലിജൻസ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.
മാഹിയിൽ നിന്നുള്ള മദ്യക്കടത്ത് തടയാൻ ജില്ല അതിർത്തിയായ അഴിയൂർ ചെക്ക് പോസ്റ്റിലും കണ്ണൂർ-കോഴിക്കോട് ദേശീയപാതയിലും വാഹന പരിശോധന നടത്തി. 55 വാഹനങ്ങൾ പരിശോധിച്ചു. ട്രെയിൻ വഴിയുള്ള മദ്യക്കടത്ത് തടയാനാണ് വടകര റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും പരിശോധന നടത്തിയത്. മദ്യം കണ്ടെത്താൻ പ്രത്യേക പരിശീലനം നേടിയ രാഖി എന്ന ഡോഗും മയക്കുമരുന്ന് പിടികൂടുന്നതിൽ വൈദഗ്ധ്യം നേടിയ പ്രിൻസ് എന്ന ഡോഗും പരിശോധനയിൽ പങ്കെടുത്തു.
ന്യൂ ഇയർ ആഘോഷങ്ങൾക്ക് മാഹിയിൽനിന്ന് വൻതോതിൽ മദ്യം സംസ്ഥാനത്തേക്ക് ഒഴുകാനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന കർശനമാക്കിയത്.
മാഹി, പള്ളൂർ, മൂലക്കടവ് എന്നിവിടങ്ങളിൽനിന്ന് ജില്ലയിലേക്ക് കടക്കുന്ന ഭാഗങ്ങൾ പ്രത്യേക നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിലും പരിശോധന തുടരും. പരിശോധനയിൽ വടകര എക്സൈസ് പ്രിവന്റിവ് ഓഫിസർ എൻ.കെ. വിനോദൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.കെ. അനിരുദ്ധ്, പി. വിജേഷ്, ശ്യാംരാജ്, സിവിൽ എക്സൈസ് ഓഫിസർ ബി. ബബിത, വടകര സർക്കിൾ ഓഫിസിലെ പ്രിവന്റിവ് ഓഫിസർ കെ.കെ. അബ്ദുൽ സമദ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി. ലിനീഷ്, കോഴിക്കോട് ഐ.ബി പ്രിവന്റിവ് ഓഫിസർ പ്രമോദ് പുളിക്കൂൽ, അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്റിവ് ഓഫീസർ കെ.പി. റഷീദ്, ആർ.പി.എഫ് അസി. സബ് ഇൻസ്പെക്ടർ പി.പി. ബിനീഷ്, ഹെഡ് കോൺസ്റ്റബ്ൾ മഹേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.