കാസർകോട്: എക്സൈസ് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ബദിയടുക്ക എക്സൈസ് റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. സിന്തറ്റിക് ഡ്രഗ് ആംഫിറ്റാമൈന്‍, കഞ്ചാവ്, കര്‍ണാടക മദ്യം, വ്യാജ വാറ്റുചാരായം, ചാരായം ഉണ്ടാക്കുന്നതിനായി പാകപ്പെടുത്തിയ വാഷ് എന്നിവ കണ്ടെടുത്തു. നാല് വാഹനങ്ങള്‍ പിടികൂടി.
ബദിയടുക്ക റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എച്ച്. വിനുവും സംഘവുമാണ് പരിശോധന നടത്തിയത്. ബദിയടുക്ക റേഞ്ച്, ബദിയടുക്ക പൊലീസ്, പെര്‍ള മോട്ടോര്‍ വെഹിക്കിള്‍ ചെക്ക് പോസ്റ്റ്, പെര്‍ള എക്സൈസ് ചെക്ക് പോസ്റ്റ് എന്നിവര്‍ പെര്‍ള ചെക്ക് പോസ്റ്റില്‍ സംയുക്ത റെയ്ഡ് നടത്തി. കാറില്‍ കടത്തുകയായിരുന്ന 1.26 ആംഫിറ്റാമൈന്‍ പിടിച്ചെടുത്തു. അബ്ദുൽ അസീസ്, മുഹമ്മദ് ഹസ്സീം എന്നിവര്‍ക്കെതിരെയും കുമ്പഡാജെയില്നിന്ന് 4.22 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് മുഹമ്മദ് അഫ്സലിനെതിരെയും എന്‍.ഡി.പി.എസ് കേസെടുത്തു.
സ്ട്രൈക്കിങ് ഫോഴ്സിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സ്കൂട്ടറില്‍ 8.64 ലിറ്റര്‍ ടെട്രാ പാക്കറ്റുകള്‍ കടത്തിക്കൊണ്ടുവന്നതിന് മണിയമ്പാറയിലെ നവീനക്കെതിരെയും ബെളിഞ്ചയില്നിന്ന് 5.4 ലിറ്റര്‍ ടെട്രാ പാക്കറ്റുകള്‍ കര്‍ണാടക മദ്യം ബൈക്കില്‍ കടത്തിയതിന് മഹാലിംഗ മണിയാണിക്കെതിരെയും അബ്കാരി കേസെടുത്തു. പെരിയടുക്ക ഫോറസ്റ്റ് ഭാഗങ്ങളില്‍ പരിശോധന നടത്തി പത്ത് ലിറ്റര്‍ ചാരായവും 60 ലിറ്റര്‍ വാഷും കണ്ടെടുത്തു. കോട്പ ഉൽപന്നങ്ങള് കണ്ടെടുത്ത് 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ബദിയടുക്ക റേഞ്ച് പാര്‍ട്ടി കര്‍ണാടക എക്സൈസ്, ഫോറസ്റ്റ്, എക്സൈസ് കെമു ടീം എന്നിവരുമായി അതിര്‍ത്തിയില്‍ സംയുക്ത പരിശോധന നടത്തിയതില്‍ ദേവരടുക്ക ഭാഗത്തുനിന്ന് 7.2 ലിറ്റര്‍ കര്‍ണാടക മദ്യം സ്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്നതിന് കര്‍ണാടക സ്വദേശി കെ. നാഗരാജക്കെതിരെ കേസെടുത്തു. പിടികൂടിയ അബ്കാരി കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഡിസംബര്‍ അഞ്ച് മുതല്‍ 2024 ജനുവരി മൂന്നുവരെയാണ് സ്പെഷല്‍ ഡ്രൈവ്. വരും ദിവസങ്ങളിലും റേഞ്ച് പരിധിയില്‍ ശക്തമായ നിരീക്ഷണം നടത്തുമെന്ന് ബദിയടുക്ക റേഞ്ച് ഓഫിസ് എക്സൈസ് ഇന്‍സ്പെക്ടര്‍ എച്ച്. വിനു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.